ബിജെപിയെ തറപറ്റിച്ച സമവാക്യം വിടാതെ എസ്പി; ഇനി 'പിഡിഎ' പഞ്ചായത്തുകള്‍, ലക്ഷ്യം സംസ്ഥാന ഭരണം

2027ലെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഈ തീരുമാനം.
ബിജെപിയെ തറപറ്റിച്ച സമവാക്യം വിടാതെ എസ്പി; ഇനി 'പിഡിഎ' പഞ്ചായത്തുകള്‍, ലക്ഷ്യം സംസ്ഥാന ഭരണം
Updated on

ലഖ്‌നൗ: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ മികച്ച വിജയമാണ് സമാജ്‌വാദി പാര്‍ട്ടി നേടിയത്. ഈ വിജയം നേടിക്കൊടുത്ത 'പിച്ച്‌ദേ, ദളിത്, അല്‍പസംഖ്യക്' എന്ന 'പിഡിഎ' സമവാക്യം തുടര്‍ന്നും പിന്തുടരാനാണ് സമാജ്‌വാദി പാര്‍ട്ടി തീരുമാനം. 2027ലെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഈ തീരുമാനം.

ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ഗ്രാമങ്ങളിലും 'പിഡിഎ' പഞ്ചായത്തുകള്‍ സംഘടിപ്പിക്കാനാണ് സമാജ്‌വാദി പാര്‍ട്ടി തീരുമാനം. ഈ പഞ്ചായത്തുകളിലൂടെ വ്യത്യസ്ത സമുദായങ്ങളുടെ അവകാശങ്ങളെ കുറിച്ച് പഠിപ്പിക്കുകയും അവര്‍ക്കെതിരെ ബിജെപി വിവേചനം കാണിക്കുന്നുവെന്ന് ചൂണ്ടിക്കാണിക്കാനുമാണ് സമാജ്‌വാദി പാര്‍ട്ടി ലക്ഷ്യമിടുന്നത്.

'പിന്നാക്കക്കാരുടെയും ദളിതരുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങള്‍ക്കെതിരെ ബിജെപി നടത്തുന്ന ആക്രമണങ്ങളെ കുറിച്ച് ഈ പഞ്ചായത്തുകളിലൂടെ ഞങ്ങള്‍ പഠിപ്പിക്കും. എന്താണ് ബിജെപി ഭരണഘടനയെ ചെയ്യാന്‍ പോകുന്നതെന്നും പഠിപ്പിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി നടത്താന്‍ പോകുന്ന പ്രധാന കാര്യം ഇതായിരിക്കും. നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടായിരിക്കും ഇത്. പരമാവധി എല്ലാ ഗ്രാമങ്ങളിലും എത്തിച്ചേരാനാണ് ഉദ്ദേശിക്കുന്നത്. മുതിര്‍ന്ന നേതാക്കള്‍ ജനങ്ങളെ അഭിസംബോധന ചെയ്യും.', സമാജ്‌വാദി പാര്‍ട്ടി ദേശീയ വക്താവ് സുനില്‍ സിങ് യാദവ് സജന്‍ പറഞ്ഞു.

മുലായം സിങ്ങിന്റെ കാലത്തെ മുസ്ലിം-യാദവ കോമ്പിനേഷന്‍ മാറ്റിപ്പിടിച്ച്, യാദവ ഇതര പിന്നാക്ക ജാതി വിഭാഗങ്ങള്‍ക്ക് സീറ്റ് വിതരണത്തില്‍ പരമാവധി പ്രാതിനിധ്യം ഉറപ്പിച്ചിച്ച അഖിലേഷ് തന്ത്രമായിരുന്നു 'പിച്ച്‌ദേ, ദളിത്, അല്‍പസംഖ്യക്'. ന്യൂനപക്ഷ വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ നിന്നും മാറി സ്വാധീനശേഷിയില്ലാത്ത ജാതിവിഭാഗങ്ങളെയും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഉള്‍പ്പെടുത്താന്‍ ഇത്തവണ സമാജ് വാദി പാര്‍ട്ടി തയ്യാറായിരുന്നു.

2014 മുതല്‍ ബിജെപിക്ക് പിന്നില്‍ അണിനിരക്കുന്ന ഈ വിഭാഗത്തെയും ഒപ്പം കൂട്ടാനുള്ള നീക്കമാണ് ഇതിലൂടെ സമാജ് വാദി പാര്‍ട്ടി നടത്തിയത്. ഒരു ജനറല്‍ സീറ്റിലേയ്ക്ക് ദളിത് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനും എസ് പി നേരത്തെ തീരുമാനിച്ചിരുന്നു. അത് അയോധ്യയില്‍ നടപ്പാക്കുകയും അതില്‍ അഖിലേഷ് വിജയിക്കുകയും ചെയ്തു.

26 സീറ്റുകളാണ് യാദവ ഇതര പിന്നാക്ക സമുദായങ്ങള്‍ക്ക് സമാജ്വാദി പാര്‍ട്ടി ഇത്തവണ നല്‍കിയിത്. കുര്‍മി വിഭാഗത്തില്‍ നിന്നും ഒന്‍പത്, മൗര്യ, സാക്യ, കുഷ്വഹ തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നുള്ള ആറ്, നിഷാദ വിഭാഗത്തില്‍ നിന്ന് നാല് എന്നിങ്ങനെയായിരുന്നു എസ്പി യാദവ ഇതര വിഭാഗങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്ന സീറ്റുകള്‍. 17 സംവരണ സീറ്റുകളിലും ഇത്തവണ വളരെ സൂക്ഷ്മതയോടെയാണ് എസ്പി സീറ്റ് വിതരണം പൂര്‍ത്തിയാക്കിയത്. ബിഎസ്പിയുമായി ചേര്‍ന്ന് നില്‍ക്കുന്ന ജാതവ വിഭാഗത്തെ പോലെ തന്നെ ജാതവ ഇതര വിഭാഗത്തെയും സംവരണ സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളായി പരിഗണിക്കുന്നതില്‍ എസ്പി ജാഗ്രത കാണിച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com