അച്ഛൻ കേന്ദ്രമന്ത്രിയായി, പകരം സംസ്ഥാന രാഷ്ട്രീയത്തിൽ മകനോ?, മധ്യപ്രദേശിലും കുടുംബരാഷ്ട്രീയം?

കാർത്തികേയന്റെ പൊടുന്നനെയുള്ള രംഗപ്രവേശം ബുധിനി കൈപ്പിടിയിലാക്കാനെന്ന് തന്നെ ഉറപ്പിച്ചിരിക്കുകയാണ് പാർട്ടി പ്രവർത്തകർ
അച്ഛൻ കേന്ദ്രമന്ത്രിയായി, പകരം സംസ്ഥാന രാഷ്ട്രീയത്തിൽ മകനോ?, മധ്യപ്രദേശിലും കുടുംബരാഷ്ട്രീയം?
Updated on

ഭോപ്പാല്‍: നീണ്ടകാലം മുഖ്യമന്ത്രിയായ, മധ്യപ്രദേശിലെ ബിജെപിയുടെ ചാലകശക്തിയായിരുന്ന ശിവരാജ് സിങ് ചൗഹാൻ കേന്ദ്രമന്ത്രിയായതോടെ ബുധിനി നിയമസഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കുകയാണ്. തങ്ങളുടെ സ്ഥാനാർത്ഥിയെ ബിജെപി ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ചൗഹാന്റെ മകന്‍ തന്നെയായിരിക്കും അദ്ദേഹത്തിന്റെ പരമ്പരാഗത മണ്ഡലത്തിൽ മത്സരിക്കുക എന്നൊരു സൂചന പാർട്ടി വൃത്തങ്ങൾ പുറത്തുവിട്ടുകഴിഞ്ഞു. അങ്ങനെയെങ്കിൽ ചൗഹാന്റെ മകനായ കാർത്തികേയ് ചൗഹാന്‍ ആയിരിക്കും ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി.

കേന്ദ്രമന്ത്രിയായതിന് ശേഷം ചൗഹാന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നൽകിയ സ്വീകരണത്തിൽ കാർത്തികേയ് ചൗഹാനും പങ്കെടുത്ത് സംസാരിച്ചിരുന്നു. തന്റെ പിതാവിന് ബുധിനിയിലെ ജനങ്ങൾ നൽകിയ പിന്തുണയ്ക്കും വിദിശയിലെ ജനങ്ങൾ അർപ്പിച്ച വിശ്വാസത്തിനും കാർത്തികേയ് ചൗഹാൻ നന്ദി പറഞ്ഞിരുന്നു. ഇത്തരത്തിൽ പാർട്ടിയുടെ എല്ലാ പരിപാടികളിലും മുൻപന്തിയിൽത്തന്നെ കാർത്തികേയ് ചൗഹാൻ ഉണ്ട്. ഇതോടെയാണ് ബുധിനിയിൽ കാർത്തികേയ് തന്നെ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ഉയർന്നത്.

ശിവരാജ് സിങ് ചൗഹാന്റെ ശക്തികേന്ദ്രമാണ് ബുധിനി നിയമസഭാ മണ്ഡലം. ആറ് തവണയാണ് ചൗഹാൻ ബുധിനിയിൽ നിന്ന് എംഎൽഎ ആയി തെരഞ്ഞടുക്കപ്പെട്ടതും പിന്നീട് മന്ത്രിയായതും. വൈകാരികമായ ഒരു ബന്ധം തന്നെ ഇത്തരത്തിൽ മണ്ഡലവുമായി ശിവരാജ് സിങ് ചൗഹാനുണ്ട്. അതുകൊണ്ടാണ് സ്വന്തം മകനെത്തന്നെ മത്സരിപ്പിക്കാനുള്ള നീക്കമെന്നാണ് സൂചനകൾ. അമേരിക്കയിലെ പെൻസിൽവാനിയ നിയമ സർവകലാശാലയിലെ പൂർവ്വവിദ്യാർഥിയാണ് കാർത്തികേയ് ചൗഹാൻ. കാർത്തികേയിന്റെ പൊടുന്നനെയുള്ള രംഗപ്രവേശം ബുധിനി കൈപ്പിടിയിലാക്കാനെന്ന് തന്നെ ഉറപ്പിച്ചിരിക്കുകയാണ് പാർട്ടി പ്രവർത്തകർ

Related Stories

No stories found.
logo
Reporter Live
www.reporterlive.com