റീല്സ് എടുത്ത് പ്രശസ്തരാകുക എന്ന ലക്ഷ്യവുമായി നടക്കുന്ന നിരവധിപേരെ ഇന്ന് നമുക്ക് സമൂഹത്തില് കാണാന് സാധിക്കും. ഇതിനുവേണ്ടി എന്ത് സാഹസികത ചെയ്യാനും മടിയില്ലാതായിരിക്കുകയാണ് ഇക്കൂട്ടര്. അത്തരത്തില് സാഹസികത കാണിച്ച് അപകടത്തില്പ്പെട്ട വിദ്യാർത്ഥികളുടെ വീഡിയോയാണ് ചർച്ചയാകുന്നത്.
റീല് ചിത്രീകരണത്തിനായി സ്കൂള് വിദ്യാര്ത്ഥിനികള് നടത്തുന്ന സാഹസികത ഒരു അപകടത്തില് അവസാനിക്കുന്നതാണ് വീഡിയോയില് കാണാന് സാധിക്കുന്നത്. സമൂഹ മാധ്യമങ്ങളില് വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് പെണ്കുട്ടികള്ക്കു നേരെ വിമര്ശനവുമായി എത്തിയിരിക്കുന്നത്.
സ്കൂള് യൂണിഫോം ധരിച്ച രണ്ട് വിദ്യാര്ത്ഥിനികളാണ് വീഡിയോയില് ഉള്ളത്. ഒരു പെണ്കുട്ടി നില്ക്കുകയും മറ്റേയാള് അവളുടെ തോളില് കയറി നില്ക്കുകയും ചെയ്യുന്നത് വീഡിയോയില് കാണാം. ശേഷം തോളില് കയറി നിന്ന പെണ്കുട്ടി വായുവില് ഒരു ബാക്ക്ഫ്ളിപ്പ് ചെയ്യുന്നു. ബാക്ക്ഫ്ളിപ്പിന് പിന്നാലെ കാലുകുത്തി നിലത്ത് നിവര്ന്ന് നില്ക്കേണ്ടതിന് പകരം പെണ്കുട്ടി നടുവും തല്ലി പുറകോട്ട് വീഴുകയായിരുന്നു. ഉടന് തന്നെ കൂടെയുള്ള പെണ്കുട്ടി അവളെ പിടിച്ച് എഴുന്നേല്പ്പിക്കാന് ശ്രമിക്കുന്നുണ്ടെങ്കിലും എഴുന്നേറ്റു നില്ക്കാന് പോലും സാധിക്കാത്ത വിധത്തില് വേദനയാല് വീണ്ടും പെണ്കുട്ടി വീഴുന്നതാണ് വീഡിയോയിലുള്ളത്.
വലിയ വിമര്ശനങ്ങള്ക്ക് ഇടയാക്കിയ റീല് ഇതിനോടൊകം 17 ലക്ഷത്തിലധികം ആളുകള് കണ്ടു. ജീവന് പണയംവച്ചിട്ടുള്ള ഇത്തരം റീലുകള് വേണോ എന്നാണ് സോഷ്യല് മീഡിയ ചോദിക്കുന്നത്.