'ജനങ്ങൾ നിങ്ങൾക്കെതിരെ വോട്ട് ചെയ്തത് ഇനിയൊരു അടിയന്തരാവസ്ഥ ഉണ്ടാകാതിരിക്കാൻ'; മോദിക്കെതിരെ ചിദംബരം

'പതിനെട്ടാം ലോക്സഭയിലേക്ക് ജനങ്ങൾ വോട്ട് ചെയ്തത് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളിൽ ഒരിക്കലും തൊട്ടുകളിക്കാൻ സമ്മതിക്കില്ല എന്ന സന്ദേശം നൽകിക്കൊണ്ടായിരുന്നു'
'ജനങ്ങൾ നിങ്ങൾക്കെതിരെ വോട്ട് ചെയ്തത് ഇനിയൊരു അടിയന്തരാവസ്ഥ ഉണ്ടാകാതിരിക്കാൻ'; മോദിക്കെതിരെ ചിദംബരം
Updated on

ന്യൂഡൽഹി: അടിയന്തരാവസ്ഥ പരാമർശിച്ചുകൊണ്ടുള്ള മോദിയുടെ പ്രസ്താവനകൾക്ക് രൂക്ഷമറുപടിയുമായി മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം. ജനങ്ങൾ ബിജെപിക്കെതിരായി വോട്ട് ചെയ്തത് ഇനിയൊരു അടിയന്തരാവസ്ഥ ഉണ്ടാകാതിരിക്കാനാണെന്ന് മോദിക്ക് മറുപടിയായി പി ചിദംബരം എക്‌സിൽ കുറിച്ചു

'ഭരണഘടനയെ സംരക്ഷിക്കാൻ അടിയന്തരാവസ്ഥ ഓർമിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി പറയുന്നത് കേട്ടു. ശരിയാണ്. പക്ഷേ ഈ ഭരണഘടന തന്നെ മറ്റൊരു അടിയന്തരാവസ്ഥ ഇല്ലാതെയാക്കാൻ ജനങ്ങളെ പ്രേരിപ്പിച്ചു. അതുകൊണ്ട് ബിജെപിക്കെതിരായി അവർ ശരിക്കും വോട്ട് ചെയ്തു. പതിനെട്ടാം ലോക്സഭയിലേക്ക് ജനങ്ങൾ വോട്ട് ചെയ്തത് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളിൽ ഒരിക്കലും തൊട്ടുകളിക്കാൻ സമ്മതിക്കില്ല എന്ന സന്ദേശം നൽകിക്കൊണ്ടായിരുന്നു. ഇന്ത്യ എന്നും ഒരു ജനാധിപത്യ, ലിബറൽ, മതേതര രാജ്യമായി നിലനിൽക്കും'; പി ചിദംബരം കുറിച്ചു

ഭരണഘടനയുമായി സർക്കാരിനെ ആക്രമിക്കുന്ന പ്രതിപക്ഷത്തെ അടിയന്തരാവസ്ഥ ഉയർത്തി സമ്മർദ്ദത്തിലാക്കാനാണ് ബിജെപിയുടെ ശ്രമം. അടിയന്തരാവസ്ഥാ വാർഷിക ദിനമായ ഇന്ന് രാജ്യതലസ്ഥാനത്ത് വിവിധ പരിപാടികൾ ബിജെപി സംഘടിപ്പിക്കും. ദില്ലി ദേശീയ ആസ്ഥാനത്തെ പരിപാടിയിൽ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ പങ്കെടുക്കും.

18-ാം ലോക്സഭയുടെ ആദ്യ ദിനത്തിൽ തന്നെ അടിയന്തരാവസ്ഥയെ ഓർമ്മിപ്പിച്ച പ്രധാനമന്ത്രി കോൺഗ്രസിനെയും പ്രതിപക്ഷത്തെയും ലക്ഷ്യം വെച്ചിരുന്നു. എന്നാല്‍ ഭരണഘടനയെ ബിജെപി ആക്രമിക്കുന്നു എന്നാണ് ഇന്‍ഡ്യ സഖ്യം നരേന്ദ്ര മോദിക്കും ബിജെപിക്കും എതിരെ നിരന്തരം ഉന്നയിക്കുന്നത്. അടിയന്തരാവസ്ഥ കോൺഗ്രസിനെതിരെ രാഷ്ട്രയ ആയുധമാക്കാനാണ് ബിജെപി നീക്കം.

അടിയന്തരാവസ്ഥയിലൂടെ ഇന്ദിര ഗാന്ധി ജനാധിപത്യത്തെ തകർത്തു എന്നാണ് ആരോപണം. ജനാധിപത്യത്തിലെ കറുത്ത ദിനങ്ങൾ എന്ന് പേരിട്ട് ദില്ലി ബിജെപി ആസ്ഥാനത്ത് സംഘടിപ്പിക്കുന്ന പരിപാടിയിൽ പാർട്ടി ദേശീയ അധ്യക്ഷൻ ജെപി നദ്ദ പങ്കെടുക്കും. ബിജെപിയുടെ എല്ലാ സംസ്ഥാന ഘടകങ്ങളുടെ നേതൃത്വത്തിലും അടിയന്തരാവസ്ഥ വിരുദ്ധ പരിപാടികൾ സംഘടിപ്പിക്കും . സമ്മേളനങ്ങൾ, സെമിനാറുകൾ , അടിയന്തരാവസ്ഥ തടവുകാരുടെ കൂട്ടായ്മ അങ്ങനെ വിവിധ പരിപാടികൾ നടക്കും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com