രാഹുൽ പ്രതിപക്ഷ നേതാവ്; പ്രോ ടെം സ്പീക്കർക്ക് കത്ത് നൽകി

കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിയാണ് കത്ത് നൽകിയത്
രാഹുൽ പ്രതിപക്ഷ നേതാവ്; പ്രോ ടെം സ്പീക്കർക്ക് കത്ത് നൽകി
Updated on

ന്യൂഡൽഹി: 18ാം ലോക്സഭയുടെ പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധിയെ തിരഞ്ഞെടുത്ത് കോൺഗ്രസ് വർക്കിങ് കമ്മിറ്റി. പാർട്ടി തീരുമാനം രാഹുൽ ഗാന്ധി അംഗീകരിച്ചതോടെ ഇക്കാര്യം അറിയിച്ച് പ്രോ ടെം സ്പീക്കർക്ക് കത്ത് നൽകി. കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിയാണ് കത്ത് നൽകിയത്. സ്പീക്കർ പദവിക്ക് വേണ്ടി ഭരണപക്ഷ പ്രതിപക്ഷ മത്സരം ഉറപ്പായി മണിക്കൂറുൾക്കുള്ളിലാണ് ഈ തീരുമാനം.

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ ദയനീയ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുൽ പാർട്ടി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞിരുന്നു. പിന്നീട് നടത്തിയ ഭാരത് ജോഡോ യാത്ര രാഹുലിന് രാജ്യത്തുടനീളം വലിയ സ്വീകാര്യതയാണ് നൽകിയത്. ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മികച്ച മുന്നേറ്റത്തിന് രാഹുലിന്റെ ഭാരത് ജോഡോ യാത്രയ്ക്ക് വലിയ പങ്കുണ്ടെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ. മാത്രമല്ല, ഉത്തരേന്ത്യയിൽ നിന്നും ദക്ഷിണേന്ത്യയിൽ നിന്നും രണ്ട് മണ്ഡലങ്ങളിൽ മൂന്ന് ലക്ഷത്തിലേറെ വോട്ടിനാണ് രാഹുൽ വിജയിച്ചത്.

പ്രതിപക്ഷ പാ‍‌ർട്ടിയാകാൻ ലോക്സഭയിൽ 54 അം​ഗങ്ങളുണ്ടാകണം. 2014 ന് ശേഷം രാജ്യത്ത് പ്രതിപക്ഷ പാർട്ടിയാകാൻ ഒരു പാർട്ടിക്കും അം​ഗത്വമുണ്ടായിരുന്നില്ല. എന്നാൽ ഇത്തവണ 99 സീറ്റ് നേടിയാണ് കോൺ​ഗ്രസ് പ്രതിപക്ഷ പാ‍ർട്ടിയാകാനുള്ള യോ​ഗ്യത നേടിയത്. ഇൻഡ്യ മുന്നണിയിലെ മറ്റ് പാ‍ർട്ടികളുമായി മികച്ച ബന്ധം നിലനിർത്താൻ രാഹുലിനാകുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com