ലൈംഗികാതിക്രമക്കേസ്; പ്രജ്ജ്വല്‍ രേവണ്ണയുടെ ജാമ്യാപേക്ഷ തള്ളി

ജനപ്രതിനിധികളുടെ കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് പ്രജ്ജ്വലിൻ്റെ ജാമ്യാപേക്ഷ തള്ളിയത്
ലൈംഗികാതിക്രമക്കേസ്; പ്രജ്ജ്വല്‍ രേവണ്ണയുടെ ജാമ്യാപേക്ഷ തള്ളി
Updated on

ബെംഗളൂരു: ലൈംഗികാതിക്രമക്കേസില്‍ പ്രജ്ജ്വല്‍ രേവണ്ണയുടെ ജാമ്യാപേക്ഷ തള്ളി ജനപ്രതിനിധികളുടെ കേസ് പരിഗണിക്കുന്ന പ്രത്യേക കോടതി. നിലവില്‍ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലാണ് പ്രജ്ജ്വല്‍.

നിരവധി സ്ത്രീകളെ പീഡിപ്പിക്കുകയും പീഡന ദൃശ്യങ്ങള്‍ ചിത്രീകരിച്ച് ഇരകളെ ബ്ലാക്ക് മെയില്‍ ചെയ്തുവെന്നുമാണ് പ്രജ്ജ്വല്‍ രേവണ്ണക്കെതിരായ കേസ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഘട്ടത്തിലായിരുന്നു പ്രജ്ജ്വലിനെതിരായ ലൈംഗികാതിക്രമ കേസ് ഉയര്‍ന്ന് വരുന്നത്. അന്വേഷണം പ്രഖ്യാപിക്കപ്പെട്ടതോടെ ഏപ്രില്‍ 27ന് ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് ഉപയോഗിച്ച് പ്രജ്ജ്വല്‍ ജര്‍മ്മനിയിലേയ്ക്ക് കടക്കുകയായിരുന്നു. ഇതിന് പിന്നാലെ പ്രജ്ജ്വലിനെ ജെഡിഎസ് പുറത്താക്കിയിരുന്നു. തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ പ്രജ്ജ്വല്‍ വിഷയം ബിജെപിയെയും ജെഡിഎസിനെയും പ്രതിരോധത്തില്‍ ആക്കിയിരുന്നു. പ്രജ്ജ്വല്‍ ജര്‍മ്മനിയിലേയ്ക്ക് കടന്നതിനെ തുടര്‍ന്ന് ഇന്റര്‍പോള്‍ ബ്ലൂകോര്‍ണര്‍ നോട്ടീസ് പുറത്തിറക്കിയിരുന്നു. ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് റദ്ദാക്കാനുള്ള ശ്രമം നടക്കവെ മെയ് 31നാണ് പ്രജ്ജ്വല്‍ ജര്‍മ്മനിയില്‍ നിന്ന് ബംഗളൂരുവില്‍ മടങ്ങിയെത്തിയത്. എയര്‍പോര്‍ട്ടില്‍ വച്ച് പ്രജ്ജ്വലിനെ സ്‌ഐടി സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ലെെംഗികാതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയ കേസില്‍ നേരത്തെ കര്‍ണ്ണാടകയിലെ ജെഡിഎസ് എംഎല്‍എയും പ്രജ്ജ്വലിൻ്റെ പിതാവുമായ എച്ച് ഡി രേവണ്ണയെ അറസ്റ്റ് ചെയ്തിരുന്നു. പ്രത്യേക അന്വേഷണ സംഘമാണ് രേവണ്ണയെ അറസ്റ്റ് ചെയ്തത്. കേസില്‍ ബംഗ്‌ളൂരു കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയായിരുന്നു നടപടി. പിതാവ് എച്ച് ഡി ദേവഗൗഡയുടെ വസതിയില്‍ വെച്ചാണ് രേവണ്ണ കസ്റ്റഡിയിലായത്.

പ്രജ്ജ്വലിന്റെ സഹോദരന്‍ സുരാജ് രേവണ്ണയും ലൈംഗികാതിക്രമക്കേസില്‍ അറസ്റ്റിലായിരുന്നു. 27-കാരനായ ജെഡിഎസ് പ്രവര്‍ത്തകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്. ജൂണ്‍ 16-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സൂരജിന്റെ ഫാം ഹൗസില്‍ വെച്ചാണ് പീഡനം നടന്നതെന്ന് പരാതിക്കാരന്‍ ആരോപിച്ചു. തന്നെ ഫാം ഹൗസിലേക്ക് ക്ഷണിച്ച സൂരജ് പിന്നീട് ബലമായി ചുംബിക്കുകയും ലൈംഗികമായി ചൂഷണം ചെയ്യുകയുമായിരുന്നുവെന്നാണ് പരാതിക്കാരന്റെ ആരോപണം. പീഡനത്തിനോട് സഹകരിച്ചില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും തന്നെ രാഷ്ട്രീയമായി വളരാന്‍ സഹായിക്കാമെന്നും സൂരജ് പറഞ്ഞതായി പരാതിക്കാരന്‍ ആരോപിച്ചിരുന്നു. എന്നാല്‍ ആരോപണം വ്യാജമാണെന്നായിരുന്നു സൂരജ് രേവണ്ണയുടെ പ്രതികരണം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com