'കുടുംബത്തിന്റെ മുൻപിൽ മദ്യപാനം,സ്ത്രീകൾക്ക് ചപ്പാത്തിക്കോൽ'; വിചിത്ര ഐഡിയയുമായി ബിജെപി മന്ത്രി

മധ്യപ്രദേശിലെ സാമൂഹ്യനീതി വകുപ്പ് മന്ത്രിയായ നാരായൺ സിങ് കുശ്‌വാഹയാണ് വിചിത്രനിർദ്ദേശവുമായി രംഗത്തെത്തിയത്
'കുടുംബത്തിന്റെ മുൻപിൽ മദ്യപാനം,സ്ത്രീകൾക്ക് ചപ്പാത്തിക്കോൽ'; വിചിത്ര ഐഡിയയുമായി ബിജെപി മന്ത്രി
Updated on

ഭോപ്പാൽ: ഭർത്താക്കന്മാരുടെ മദ്യപാനം നിർത്തിക്കാൻ സ്ത്രീകൾക്ക് ഒരു 'കിടിലൻ' ഐഡിയ നൽകിയതാണ് മധ്യപ്രദേശ് മന്ത്രി. എന്നാൽ പിന്നെ കണ്ടത് സോഷ്യൽ മീഡിയയിൽ ട്രോളോട് ട്രോളും വിമർശനവും.

മധ്യപ്രദേശിലെ സാമൂഹ്യനീതി വകുപ്പ് മന്ത്രിയായ നാരായൺ സിങ് കുശ്‌വാഹയാണ് വിചിത്രനിർദ്ദേശവുമായി രംഗത്തെത്തിയത്. ലഹരിക്കെതിരെ ഒരു ബോധവത്കരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മന്ത്രിയുടെ വാദം ഇങ്ങനെയാണ്; 'പുരുഷന്മാരുടെ മദ്യപാനം മാറ്റാൻ അവരെ സ്വന്തം വീട്ടിൽ ഭാര്യയുടെയും മക്കളുടെയും മുൻപിൽ മദ്യപിക്കാൻ അനുവദിക്കുകയാണ് വേണ്ടത്. അങ്ങനെയെങ്കിലും അവർക്ക് കുറ്റബോധം വരും, മദ്യപാനം നിർത്തുകയും ചെയ്യും'.

കഴിഞ്ഞില്ല, മദ്യപിച്ച് വരുന്ന ഭർത്താക്കന്മാരെ നേരിടാനുള്ള പൊടിക്കൈയും മന്ത്രി വനിതകൾക്ക് പറഞ്ഞുകൊടുത്തു. അവരെ ചപ്പാത്തിക്കോല് കാണിച്ച് നിലയ്ക്ക് നിർത്താൻ ഭാര്യമാർക്ക് കഴിയണമെന്നും അങ്ങനെ എല്ലായിടത്തും സ്ത്രീകൾ ഇത്തരത്തിൽ മുൻകൈയെടുക്കണമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് മദ്യനിരോധനം ആലോചനയിലുണ്ടെന്നും മന്ത്രി പറഞ്ഞു. നേരത്തെതന്നെ ഈ ആശയം ഉണ്ടായിരുന്നുവെന്നും എന്നാൽ നിരോധനമുള്ള സംസ്ഥാനങ്ങളിൽ മദ്യം ഇപ്പോഴും സുഗമമായി വിതരണം ചെയ്യപ്പെടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഭാവിയിൽ ഇതില്‍ തീരുമാനമെടുക്കാനാകുമെന്നും മദ്യനിരോധനം പൊതുജന ബോധവൽക്കരണത്തിലൂടെ സാധ്യമാക്കാനാകുമെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയുടെ വിചിത്ര ഐഡിയയോട് വ്യാപക വിമർശനമാണ് സോഷ്യൽ മീഡിയയിൽ അടക്കം ഉയരുന്നത്. ഇങ്ങനെയാണോ ഒരു മന്ത്രി പറയേണ്ടത് എന്നൊക്കെയുള്ള ചർച്ചകൾ നടക്കുകയാണ്. എന്നാൽ കോൺഗ്രസ് മന്ത്രിയുടെ വാക്കുകളോട് മയത്തിലാണ് പ്രതികരിച്ചത്. ആശയം നല്ലതാണെന്നും എന്നാൽ ഇങ്ങനെയല്ല അത് പറയേണ്ടതെന്നും കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com