'സുനിതയെ ഓർത്ത് അഭിമാനമാണ്, അവരെല്ലാവരും ഉടൻ തന്നെ തിരിച്ചുവരും'; ഐഎസ്ആർഒ മേധാവി ഡോ. എസ് സോമനാഥ്

അന്താരാഷ്ട്ര ബഹിരാകാശ നിലയം തീർത്തും സുരക്ഷിതമായ ഒന്നാണെന്നും അവരെല്ലാം ഒരു ചരിത്ര നിമിഷത്തിലാണെന്നും സോമനാഥ് പറഞ്ഞു
'സുനിതയെ ഓർത്ത് അഭിമാനമാണ്, അവരെല്ലാവരും ഉടൻ തന്നെ തിരിച്ചുവരും'; ഐഎസ്ആർഒ മേധാവി ഡോ. എസ് സോമനാഥ്
Updated on

ന്യൂഡൽഹി: സുനിതാ വില്യംസിനെ ഓർത്ത് അഭിമാനമെന്നും സ്റ്റാർലൈനിന്റെ സാങ്കേതികപ്രശ്നങ്ങൾ പരിഹരിച്ച് അവർക്ക് ഉടൻ ഭൂമിയിലെത്താനാകുമെന്നും പ്രത്യാശ പ്രകടിപ്പിച്ച് ഐഎസ്ആർഒ മേധാവി ഡോ എസ് സോമനാഥ്. അന്താരാഷ്ട്ര ബഹിരാകാശ നിലയം തീർത്തും സുരക്ഷിതമായ ഒന്നാണെന്നും അവരെല്ലാം ഒരു ചരിത്ര നിമിഷത്തിലാണെന്നും സോമനാഥ് പറഞ്ഞു.

എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഡോ എസ് സോമനാഥ്. 'സുനിത മാത്രമല്ല സ്റ്റാർലൈനറിൽ ഉള്ളത്. അവരുടെയൊപ്പം ഒമ്പത് പേരുണ്ട്. ഈയവസരത്തിൽ അവർ കുടുങ്ങിക്കിടക്കുകയാണ് എന്നതരത്തിലുള്ള സംസാരമല്ല വേണ്ടത്. അവർക്കെല്ലാം ഭൂമിയിൽ സുരക്ഷിതരായി ഇറങ്ങാനാകും. എന്നാൽ സ്റ്റാർലൈനറിന്റെ പ്രവർത്തനശേഷി പരിശോധിക്കേണ്ടതും നിർണായകമാണ്'; അദ്ദേഹം പറഞ്ഞു.

സുരക്ഷ പ്രധാനമെങ്കിലും, ഇത്തരം പുതിയ സാങ്കേതികവിദ്യകൾ ഉയർന്നുവരുന്നത് നമ്മൾ കണക്കിലെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. 'ഇതുപോലെ ഒരു ടെക്നോളജി ഏതെങ്കിലും രാജ്യത്തിന് നിർമിക്കാൻ സാധിക്കുമോ എന്നാണ് നമ്മൾ പരിശോധിക്കേണ്ടത്. ഈ ഒരു ദൗത്യം ലോകത്തിലെ എല്ലാ മനുഷ്യർക്കും വേണ്ടിയുള്ളതാണ്. നാളെ നമ്മുടെയൊക്കെ പേടകം ഇത്തരത്തിൽ ബഹിരാകാശത്ത് പോയി രക്ഷാപ്രവർത്തന ചുമതലകൾ നിറവേറ്റില്ലെന്ന് ആര് കണ്ടു ?'; സോമനാഥ് പറഞ്ഞു.

അഭിമുഖത്തിൽ സുനിത വില്ല്യംസിനെ ഓർത്ത് അഭിമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'സുനിതയെ ഓർത്ത് ഞങ്ങൾക്കെല്ലാം അഭിമാനമാണെന്നും ഒരു പുതിയ പേടകത്തിന്റെ ആദ്യ ദൗത്യത്തിൽത്തന്നെ ഇത്തരത്തിൽ പങ്കെടുക്കാൻ അപാരമായ ധൈര്യം വേണമെന്നും അദ്ദേഹം പറഞ്ഞു. സുനിതയ്ക്ക് ഞങ്ങൾ എല്ലാവരേക്കാളും കൂടുതൽ പരിചയസമ്പത്ത് ഉണ്ടെന്നും അവർ ഉടനെ ഭൂമിയിലേക്ക് തിരിച്ചെത്താൻ ആഗ്രഹിക്കുന്നുവെന്നും ഡോ എസ് സോമനാഥ് പറഞ്ഞു.

അതേസമയം, സുനിതാ വില്യംസും സ‌ഹയാത്രികന്‍ യൂജിൻ ബുച്ച് വിൽമോറും ഭൂമിയിലെത്താന്‍ മാസങ്ങളെടുത്തേക്കുമെന്ന് സൂചന. പേടകത്തിന്റെ തകരാർ പരിഹരിക്കാൻ ഇനിയും സമയമെടുക്കുമെന്ന് നാസ അറിയിച്ചതിന് പിന്നാലെയാണിത്.

ബോയിങ് സ്റ്റാർലൈനർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് അരികിലെത്തിയപ്പോൾ പേടകത്തിൽനിന്ന് ഹീലിയം വാതകച്ചോർച്ചയുണ്ടായതാണ് പ്രതിസന്ധിക്ക് കാരണമായത്. ചില യന്ത്രഭാഗങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയാതിരുന്നത് ദൗത്യം ദുഷ്കരമാക്കിയിരുന്നു. യാത്രികരുടെ സുരക്ഷ പരിഗണിച്ച് പേടകത്തിന്റെ സാങ്കേതിക പ്രശ്നങ്ങൾ വീണ്ടും പരിശോധിച്ച ശേഷമേ മടക്കയാത്രയ്ക്ക് നാസ അനുമതി നൽകുകയുള്ളൂ. പലവട്ടം മാറ്റിവച്ചശേഷം ജൂൺ അഞ്ചിനാണ് സ്റ്റാർലൈനർ ബഹിരാകാശത്തേക്കു തിരിച്ചത്. നാസയുടെ കൊമേഴ്സ്യല്‍ ക്രൂ പദ്ധതിയുടെ ഭാഗമായുള്ളതാണ് സ്റ്റാര്‍ലൈനര്‍ വിക്ഷേപണം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com