ഉത്തര്‍പ്രദേശില്‍ മുസ്‌ലിം സ്ഥാനാര്‍ത്ഥിയെ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ പരീക്ഷിക്കാന്‍ ബിജെപി

നേരത്തെ മുതിര്‍ന്ന നേതാവായ മുഖ്താര്‍ അബ്ബാസ് നഖ്‌വിയെ സംസ്ഥാനത്ത് നിന്ന് ലോക്‌സഭയിലേക്ക് സ്ഥാനാര്‍ത്ഥിയാക്കിയിട്ടുണ്ട്.
ഉത്തര്‍പ്രദേശില്‍ മുസ്‌ലിം സ്ഥാനാര്‍ത്ഥിയെ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ പരീക്ഷിക്കാന്‍ ബിജെപി
Updated on

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ മുസ്‌ലിം സ്ഥാനാര്‍ത്ഥിയെ പരീക്ഷിക്കാനൊരുങ്ങി ബിജെപി. മൊറാദാബാദിലെ കുന്ദര്‍ക്കി നിയമസഭാ മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിലാണ് മുസ്‌ലിം സ്ഥാനാര്‍ത്ഥിയെ ബിജെപി പരിഗണിക്കുന്നത്. സിറ്റിംഗ് എംഎല്‍എയായിരുന്ന, സമാജ്‌വാദി പാര്‍ട്ടിയുടെ സിയ ഉര്‍ റഹ്‌മാന്‍ സംഭല്‍ മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് വിജയിച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.

സംഘടനയില്‍ നിന്നുളള മുതിര്‍ന്ന മുസ്‌ലിം നേതാവിനെ പരിഗണിക്കാനാണ് ബിജെപി ഒരുങ്ങുന്നതെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നുള്ള വിവരം. ഇക്കാര്യത്തില്‍ ധാരണയായാല്‍ സംസ്ഥാനത്തെ നിയമസഭയിലേക്ക് ബിജെപി മത്സരിപ്പിക്കുന്ന ആദ്യ മുസ്‌ലിം സ്ഥാനാര്‍ത്ഥിയായിരിക്കും കുന്ദര്‍ക്കിയിലേത്. നേരത്തെ മുതിര്‍ന്ന നേതാവായ മുഖ്താര്‍ അബ്ബാസ് നഖ്‌വിയെ സംസ്ഥാനത്ത് നിന്ന് ലോക്‌സഭയിലേക്ക് സ്ഥാനാര്‍ത്ഥിയാക്കിയിട്ടുണ്ട്.

2009ലാണ് മുഖ്താര്‍ അബ്ബാസ് നഖ്‌വി അവസാനമായി ലോക്‌സഭയിലേക്ക് മത്സരിച്ചത്. അതിന് ശേഷം ഇത് വരെ നിയമസഭയിലേക്കോ ലോക്‌സഭയിലേക്കോ ഒരു മുസ്‌ലിം സ്ഥാനാര്‍ത്ഥിയെ ബിജെപി പരീക്ഷിച്ചിട്ടില്ല. ബിജെപി ഇത് വരെ വിജയിച്ചിട്ടില്ലാത്ത കുന്ദര്‍ക്കി മണ്ഡലത്തിലെ വോട്ടര്‍മാരില്‍ 60%ത്തോളം പേരും മുസ്‌ലിങ്ങളാണ്.

2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഏക മുസ് ലിം സ്ഥാനാര്‍ത്ഥി മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിച്ച അബ്ദുള്‍ സലാം ആയിരുന്നു. 1998 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മുഖ്താര്‍ അബ്ബാസ് നഖ്‌വി രാംപൂറില്‍ നിന്ന് വിജയിച്ചിരുന്നു. 1999ല്‍ കോണ്‍ഗ്രസിന്റെ ബീഗം നൂര്‍ ബാനുവിനോട് പരാജയപ്പെട്ടു. അതേ വര്‍ഷം തന്നെ ബിജെപിയുടെ മറ്റൊരു മുതിര്‍ന്ന നേതാവായ ഷാനവാസ് ഹുസൈന്‍ ബിഹാറിലെ കിഷന്‍ഗഞ്ചില്‍ നിന്നും വിജയിച്ചിരുന്നു. 2006ലെ ഉപതിരഞ്ഞെടുപ്പിലും 2009ലും ഷാനവാസ് ഹുസൈന്‍ ബഗല്‍പൂരില്‍ നിന്നും വിജയിച്ചു. 2014ല്‍ മണ്ഡലത്തില്‍ 10000 വോട്ടുകള്‍ക്ക് പരാജയപ്പെടുകയും ചെയ്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com