സോണിയാ ഗാന്ധിക്ക് എതിരെ രാജ്യസഭയില്‍ നരേന്ദ്രമോദി; സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം

പ്രധാനമന്ത്രി മോദി കള്ളം പറയുന്നതിനാലാണ് ഇൻഡ്യ മുന്നണിയിലെ പാര്‍ട്ടികള്‍ ഇറങ്ങിപ്പോയതെന്ന് ഖാര്‍ഗെ
സോണിയാ ഗാന്ധിക്ക് എതിരെ രാജ്യസഭയില്‍ നരേന്ദ്രമോദി; സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം

പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ ഇടപെടാന്‍ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍കര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ എംപിമാര്‍ രാജ്യസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. മുന്‍ കോണ്‍ഗ്രസ് അധ്യക്ഷയും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ പ്രധാനമന്ത്രി പരോക്ഷമായി പരിഹസിച്ചതിനെ തുടര്‍ന്നാണ് പ്രതിപക്ഷത്തിന്റെ വാക്കൗട്ട്. 'ഇത്തരക്കാര്‍ ഓട്ടോ പൈലറ്റിലും റിമോട്ട് പൈലറ്റിലും സര്‍ക്കാര്‍ പ്രവര്‍ത്തിപ്പിക്കുന്നത് പതിവാണ്. അവര്‍ ജോലിയില്‍ വിശ്വസിക്കുന്നില്ല, അവര്‍ക്ക് എങ്ങനെ കാത്തിരിക്കണമെന്ന് മാത്രമേ അറിയൂ' എന്നായിരുന്നു സോണിയാഗാന്ധിയെ പരേക്ഷമായി സൂചിപ്പിച്ചു കൊണ്ടുള്ള പ്രധാനമന്ത്രിയുടെ പരാമർശം.

അടിയന്തരാവസ്ഥക്കു ശേഷം 1977ല്‍ നടന്ന തെരഞ്ഞെടുപ്പിലൂടെ ജനങ്ങള്‍ അവരുടെ ജനാധിപത്യ ശക്തി കാണിച്ചുവെന്നും ഭരണഘടനയെ സംരക്ഷിക്കാന്‍ ഇതിലും വലിയ തിരഞ്ഞെടുപ്പ് ഉണ്ടായിട്ടില്ലെന്നും നരേന്ദ്രമോദി സഭയില്‍ പറഞ്ഞു. '1977 ല്‍ രാജ്യം ജനാധിപത്യം അതിന്റെ സിരകളില്‍ ഓടുന്നതായി കാണിച്ചു, ഈ വര്‍ഷത്തെ തിരഞ്ഞെടുപ്പ് ഭരണഘടനയെ സംരക്ഷിക്കാനാണെങ്കില്‍, രാജ്യത്തെ ജനങ്ങള്‍ അതിന് ഞങ്ങളെ കണ്ടെത്തി' എന്നാണ് പ്രധാനമന്ത്രി സഭയില്‍ പറഞ്ഞത്.

ഇതിന് മറുപടി പറയാന്‍ ഖാര്‍ഗെയെ അനുവദിക്കണമെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷ എംപിമാര്‍ 'എല്‍ഒപി കോ ബോള്‍നേ ദോ' എന്ന മുദ്രാവാക്യം വിളിച്ചു. ഖാര്‍ഗെയും ചെയര്‍മാനോട് ഇടപെടാനുള്ള അവസരം ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചു. പിന്നീട് മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഒടുവില്‍ പ്രതിപക്ഷത്തിന്റെ പെരുമാറ്റം ഉചിതമല്ലെന്ന് ധന്‍കര്‍ പറഞ്ഞു. 'അണ്‍പാര്‍ലമെന്ററി സമ്പ്രദായത്തെ ഞാന്‍ ശക്തമായി അപലപിക്കുന്നു, ദയവായി നിങ്ങളുടെ ഇരിപ്പിടങ്ങളില്‍ ഇരിക്കൂ' എന്നായിരുന്നു ധന്‍കർ സഭയില്‍ പറഞ്ഞു.

മുദ്രാവാക്യങ്ങള്‍ തുടര്‍ന്നപ്പോള്‍ ഗവണ്‍മെന്റിന്റെ നേട്ടങ്ങളെക്കുറിച്ചുള്ള തന്റെ പ്രസംഗം പ്രധാനമന്ത്രി നിര്‍ത്തി. നുണകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് സത്യം കേള്‍ക്കാനുള്ള ധൈര്യമില്ലെന്നും അവര്‍ക്ക് ഉത്തരം കേട്ടിരിക്കാനാവില്ല. അവര്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ ഉപരിസഭയെയും അതിന്റെ പാരമ്പര്യങ്ങളെയും അവഹേളിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. മുദ്രാവാക്യം വിളിക്കുകയും കൂക്കിവിളിക്കുകയും ഓടിപ്പോകുകയും ചെയ്യുക, ഇതാണ് അവരുടെ വിധി, പ്രതിപക്ഷം ഇറങ്ങിപ്പോയപ്പോള്‍ പ്രധാനമന്ത്രി സഭയില്‍ പറഞ്ഞു.

പ്രധാനമന്ത്രി മോദി കള്ളം പറയുന്നതിനാലാണ് ഇൻഡ്യ സഖ്യത്തിലെ പാര്‍ട്ടികള്‍ ഇറങ്ങിപ്പോയതെന്ന് ഖാര്‍ഗെ പിന്നീട് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു. 'ഞങ്ങള്‍ ഭരണഘടനക്കെതിരാണെന്ന് അദ്ദേഹം അവകാശപ്പെടുന്നു, എന്നാല്‍ ബിജെപി-ആര്‍എസ്എസും ജനസംഘവും അവരുടെ രാഷ്ട്രീയ പൂര്‍വ്വികരും ഇന്ത്യന്‍ ഭരണഘടനയെ ശക്തമായി എതിര്‍ത്തിരുന്നു എന്നതാണ് സത്യം- ഖാര്‍ഗെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com