ബിഹാറിൽ ഒരു പാലം കൂടി തകർന്നുവീണു; 15 ദിവസത്തിനിടെ ഏഴാമത്തെ അപകടം

കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ ബിഹാറിൽ തകർന്ന് വീഴുന്ന ഏഴാമത്തെ പാലമാണിത്
ബിഹാറിൽ ഒരു പാലം കൂടി തകർന്നുവീണു; 15 ദിവസത്തിനിടെ ഏഴാമത്തെ അപകടം

ഡൽഹി: ബിഹാറിൽ വീണ്ടുമൊരു പാലം കൂടി തകർന്ന് വീണു. കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ ബിഹാറിൽ തകർന്ന് വീഴുന്ന ഏഴാമത്തെ പാലമാണിത്. സിവാൻ ജില്ലയിലെ ഗൺടകി നദിക്ക് കുറുകെയുള്ള പാലമാണ് തകർന്ന് വീണത്. മഹാരാജ് ഗഞ്ചുമായി നിരവധി ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന പാലമാണിത്. പാലം തകർന്നുവീണുണ്ടായ അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. കഴിഞ്ഞ 11 ദിവസത്തിനിടെയിൽ സിവാനിൽ തന്നെ രണ്ടാമത്തെ പാലം അപകടമാണിത്.

പാലം തകർന്നതിന്റെ യഥാർത്ഥ കാരണമെന്തെന്നതിൽ അന്വേഷണം നടക്കുകയാണെന്ന് ഡെപ്യൂട്ടി ഡവലപ്മെന്റ് കമ്മീഷണർ മുകേഷ് കുമാർ പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥർ സംഭവ സ്ഥലം സന്ദർശിച്ചു. ഇന്ന്പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം. 1982-83 കാലഘട്ടത്തിൽ നിർമ്മിച്ച പാലമാണ് തകർന്നതെന്നാണ് ലഭിക്കുന്ന വിവരം. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പാലത്തിൽ അറ്റകുറ്റപ്പണികൾ നടന്നിരുന്നു. അറ്റകുറ്റപ്പണി സമയത്ത് ശക്തമായ മഴ പെയ്തത് പാലം തകരാൻ കാരണമായിട്ടുണ്ടാകാമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

തുടർച്ചയായി പാലങ്ങൾ തകർന്നുവീഴുന്നത് ബിഹാറിലെ അടിസ്ഥാന സൗകര്യരംഗത്തെ വീഴ്ചയെന്ന വിമർശനം ഉയരുന്നുണ്ട്. ജൂൺ 22 നാണ് സിവാനിൽ മറ്റൊരു പാലം തകർന്നുവീണത്. സിവാനിൽ മാത്രമല്ല, മധുബാനി, അരാരിയ, ഈസ്റ്റ് ചംബാരൻ, കിഷൻഗഞ്ച് എന്നിവിടങ്ങളിലും പാലങ്ങൾ തകർന്നുവീണിരുന്നു. സംഭവത്തിൽ അന്വേഷണം നടത്താൻ ഉന്നതതല സംഘത്തെ നിയോഗിച്ചിരിക്കുകയാണ് ബിഹാർ സർക്കാർ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com