'ഞാനാണ് അദ്ദേഹത്തിൻ്റെ ഭാര്യ'; നടൻ ദർശനും പവിത്ര ഗൗഡയുമായുള്ള ബന്ധം വെളിപ്പെടുത്തി ഭാര്യ വിജയലക്ഷ്മി

പവിത്ര ​ഗൗഡ ദർശന്റെ സുഹൃത്താണെന്ന് ദർശൻ്റെ ഭാര്യ വിജയ ലക്ഷ്മി പറഞ്ഞു
'ഞാനാണ് അദ്ദേഹത്തിൻ്റെ ഭാര്യ'; നടൻ ദർശനും പവിത്ര ഗൗഡയുമായുള്ള ബന്ധം വെളിപ്പെടുത്തി ഭാര്യ വിജയലക്ഷ്മി

ബെംഗളൂരു: ജയിലി‍ൽ കഴിയുന്ന കന്നഡ നടൻ ദർശന് നടിയും കേസിലെ മുഖ്യ പ്രതിയുമായ പവിത്ര ഗൗഡയുമായുള്ള ബന്ധം വെളിപ്പെടുത്തി ഭാര്യ വിജയലക്ഷ്മി ദർശൻ. ദർശൻ നിയമപരമായി വിവാഹം ചെയ്ത ഭാര്യ താനാണെന്നും പവിത്രാ ഗൗഡ ദർശൻ്റെ സുഹൃത്ത് മാത്രമാണെന്നും വിജയലക്ഷ്മി പറഞ്ഞു. ദർശൻ്റെ പങ്കാളിയാണ് പവിത്ര ഗൗഡ എന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വെളിപ്പെടുത്തലുമായി വിജയ ലക്ഷ്മി രംഗത്തെത്തിയത്. ബെംഗളൂരു പൊലീസ് കമ്മീഷണർക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പവിത്രാ ​ഗൗഡയുമായി ഭർത്താവിന് ബന്ധമുണ്ടെന്ന തെറ്റായ വിവരം തിരുത്തേണ്ടതിന്റെ ആവശ്യകതയുണ്ടെന്ന് വിജയലക്ഷ്മി കത്തിൽ പറഞ്ഞു. കൊലപാതക കേസിലെ മുഖ്യപ്രതിയായ പവിത്ര ഗൗഡ ദർശൻ്റെ ഭാര്യയല്ലെന്ന് അവർ ഉറപ്പിച്ചു പറഞ്ഞു. മാധ്യമങ്ങളുടെ റിപ്പോർട്ടുകൾക്കും ഉദ്യോഗസ്ഥരുടെ പ്രസ്താവനകൾക്കും വിപരീതമായിട്ടായിരുന്നു വിജയലക്ഷ്മിയുടെ വെളിപ്പെടുത്തൽ. രേണുകസ്വാമി വധക്കേസിൽ തന്റെ ഭർത്താവിനെ ഉൾപ്പെട ചിലരെ ഡിപ്പാർട്ട്മെന്റ് അറസ്റ്റ് ചെയ്തിട്ട് രണ്ടാഴ്ചയോളമായി. നിയമത്തിൽ പൂർണ വിശ്വാസമുണ്ട്. നിയമം അതിൻ്റെ വഴിക്ക് പോകുമെന്ന് വിശ്വസിക്കുന്നുവെന്ന് വിജയ ലക്ഷ്മി കത്തിൽ പറഞ്ഞു.

'പവിത്ര ​ഗൗഡ ദർശന്റെ സുഹൃത്താണ് എന്നത് ശരിയാണ്. പക്ഷേ ദർശൻ്റെ ഭാര്യയല്ല. നിയമപരമായി വിവാഹം കഴിച്ചത് എന്നെയാണ്. 2003മെയ് 19നായിരുന്നു ദർശനുമായുള്ള വിവാഹം നടന്നത്', വിജയ ലക്ഷ്മി കുറിച്ചു. പവിത്ര ഗൗഡ സഞ്ജയ് സിംഗ് എന്നയാളെ വിവാഹം കഴിച്ചിട്ടുണ്ടെന്നും അവർക്ക് ഒരു മകളുണ്ടെന്നും വിജയലക്ഷ്മി കത്തിൽ പറഞ്ഞു. തനിക്കും മകനും ഭാവിയിൽ നിയമപരമോ വ്യക്തിപരമോ ആയ ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാൻ രേഖകൾ തിരുത്തണമെന്ന് വിജയലക്ഷ്മി അധികാരികളോട് ആവശ്യപ്പെട്ടു.

ചിത്രദുർഗ സ്വദേശിയായ രേണുകാ സ്വാമിയെ (33) കൊലപ്പെടുത്തിയ കേസിൽ ദർശൻ, പവിത്ര ഗൗഡ എന്നിവരും മറ്റ് 15 പേരുമാണ് അറസ്റ്റിലായത്. രേണുകാ സ്വാമി പവിത്ര ഗൗഡയ്ക്ക് അപകീർത്തികരമായ രീതിയിൽ സോഷ്യൽ മീഡിയയിൽ സന്ദേശങ്ങൾ അയച്ചു. ഇതിന്റെ പേരിൽ രേണുകാ സ്വാമിയെ തട്ടിക്കൊണ്ടുപോയി ബംഗളൂരുവിൽ കൊണ്ടുവന്ന് ഷെഡിൽ പാർപ്പിച്ച് ക്രൂരമായി കൊലപ്പെടുത്തിയെന്നാണ് പരാതി. പവിത്ര ഗൗഡയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ദര്‍ശന്‍ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പവിത്രയെ ഒന്നാം പ്രതിയാക്കുകയും ചെയ്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com