കമാൽ മൗല സമുച്ചയത്തിൽ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന് എഎസ്ഐ; റിപ്പോർട്ട് സമർപ്പിച്ചു

മധ്യപ്രദേശിലെ ധർ ജില്ലയിലാണ് തർക്കവിഷയമായ ഭോജ്‌ശാല - കമാൽ മൗല സമുച്ചയം സ്ഥിതിചെയ്യുന്നത്
കമാൽ മൗല സമുച്ചയത്തിൽ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന് എഎസ്ഐ; റിപ്പോർട്ട് സമർപ്പിച്ചു
Updated on

ഇൻഡോർ: മധ്യപ്രദേശിലെ കമാൽ മൗല പള്ളി- ഭോജ്‌ശാല ക്ഷേത്രം തർക്കസമുച്ചയത്തിൽ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന് പുരാവസ്തു ഗവേഷണ വകുപ്പിന്‍റെ റിപ്പോര്‍ട്ട്. മധ്യപ്രദേശ് ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം നടത്തിയ സർവേയില്‍ ക്ഷേത്രാവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്നാണ് പുരാവസ്തു വകുപ്പിന്റെ റിപ്പോര്‍ട്ട്. ഈ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു.

മധ്യപ്രദേശിലെ ധർ ജില്ലയിലാണ് തർക്കവിഷയമായ ഭോജ്‌ശാല - കമാൽ മൗല സമുച്ചയം സ്ഥിതിചെയ്യുന്നത്. ഇവിടെ നിന്നും സംസ്‌കൃത ലിഖിതങ്ങൾ, ക്ഷേത്രത്തിന്റേതായ തൂണുകൾ, ഹിന്ദുദൈവങ്ങളുടെ പ്രതിമകൾ, ചിത്രങ്ങൾ എന്നിവ കണ്ടെത്തിയെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്. സംസ്‌കൃത ലിഖിതങ്ങൾ എഴുതിയ തൂണുകൾ നശിപ്പിക്കപ്പെട്ടുവെന്നും അവ പിന്നീട് മുസ്ലിം പള്ളിയുടെ അങ്ങിങ്ങായി സ്ഥാപിക്കപ്പെട്ടുവെന്നുമാണ് റിപ്പോർട്ടിലെ പരാമർശങ്ങൾ.

ക്ഷേത്രത്തിന്റെ തൂണുകൾ പിന്നീട് പള്ളി പണിയാനായി ഉപയോഗിക്കപ്പെട്ടുവെന്നും ഇവയിൽ ഉണ്ടായിരുന്ന ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ നശിപ്പിക്കപ്പെട്ടുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഏകദേശം 94 ഹിന്ദു ദൈവങ്ങളുടെ വിവിധ ചിത്രങ്ങൾ കണ്ടെത്തിയെന്നും ഇവ മുൻപ് ഇവിടം ക്ഷേത്രമായിരുന്നെന്ന സൂചനകൾ നൽകുന്നുവെന്നും പുരാവസ്തു ഗവേഷണ വകുപ്പ് സമർപ്പിച്ച റിപ്പോർട്ടിലുണ്ട്.

നീണ്ട കാലമായി നിലനിൽക്കുന്ന തർക്കമാണ് കമാൽ മൗല - ഭോജ്‌ശാല സമുച്ചയത്തിന്റേത്. 2003ൽ പുരാവസ്തു വകുപ്പ് ചൊവ്വാഴ്ച്ചകളിൽ ഹിന്ദുക്കൾക്ക് ആരാധനയ്ക്കായും എല്ലാ വെളിയാഴ്ചയും മുസ്ലിങ്ങൾക്ക് ആരാധനയ്ക്കായും സമുച്ചയം തുറന്നു നൽകിയിരുന്നു. എന്നാൽ സമുച്ചയം ഒരു സരസ്വതി ക്ഷേത്രമാണെന്നും മുസ്ലിങ്ങളെ ഇവിടെ പ്രാർത്ഥിക്കാൻ അനുവദിക്കരുതെന്നും ആവശ്യപ്പെട്ട് 2022ൽ ചില ഹിന്ദു സംഘടനകൾ ഹർജി നൽകിയതോടെയാണ് ഹൈക്കോടതി സർവേയ്ക്ക് ഉത്തരവിട്ടത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com