അപകടമുണ്ടാകാൻ കാത്തിരുന്നു, ഒരു മുന്നറിയിപ്പും നൽകിയില്ല; 'കഞ്ചൻജംഗ' അപകടത്തിൽ റിപ്പോർട്ട്

കൃത്യമായ സൂചനകൾ നൽകാത്തതും തെറ്റായ സന്ദേശങ്ങളുമെല്ലാമാണ് അപകടത്തിലേക്ക് നയിച്ചതെന്ന ഗുരുതരമായ കണ്ടെത്തലാണ് റിപ്പോർട്ടിലുള്ളത്
അപകടമുണ്ടാകാൻ കാത്തിരുന്നു, ഒരു മുന്നറിയിപ്പും നൽകിയില്ല; 'കഞ്ചൻജംഗ' അപകടത്തിൽ റിപ്പോർട്ട്
Updated on

ന്യൂഡൽഹി: ഗുഡ്‌സ് ട്രെയിൻ കാഞ്ചൻജംഗ എക്സ്പ്രസിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഓരോ ഘട്ടത്തിലെയും വീഴ്ചകൾ എടുത്തുകാട്ടി റെയിൽവെ സുരക്ഷാ കമ്മീഷണറുടെ റിപ്പോർട്ട്. കൃത്യമായ സൂചനകൾ നൽകാത്തതും തെറ്റായ സന്ദേശങ്ങളുമെല്ലാമാണ് അപകടത്തിലേക്ക് നയിച്ചതെന്ന ഗുരുതരമായ കണ്ടെത്തലാണ് റിപ്പോർട്ടിലുള്ളത്.

'അപകടമുണ്ടാകാൻ അധികൃതർ കാത്തിരുന്നു' എന്ന ഗുരുതരമായ പരാമർശമാണ് റിപ്പോർട്ടിൽ ഉള്ളത്. അപകടം നടന്നയുടനെ ഗുഡ്‌സ് ട്രെയിനിന്റെ ലോക്കോപൈലറ്റിനെ കുറ്റം പറഞ്ഞെങ്കിലും സ്റ്റേഷൻ മാസ്റ്ററും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരുടെയും നിസ്സംഗതയാണ് അപകടകാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഗുരുതരമായ കണ്ടെത്തലുകൾ ഇങ്ങനെ

രംഗപാണി - ചട്ടർഹഥ് സ്റ്റേഷനുകൾക്കിടയിൽ ഓട്ടോമാറ്റിക്ക് സിഗ്നൽ സംവിധാനത്തിൽ തകരാറുണ്ടായിരുന്നു. ലോക്കോപൈലറ്റുമാർക്ക് നൽകിയ നിർദേശങ്ങളിൽ ഈ മേഖലകളിലൂടെ വേഗത കുറച്ചുപോകണമെന്ന നിർദ്ദേശമേ ഉണ്ടായിരുന്നില്ല. മാത്രമല്ല, ഇവർക്ക് വാക്കി ടോക്കി നൽകിയിരുന്നുമില്ല.

കൃത്യമായ മുന്നറിയിപ്പ് സൂചനകൾ കൈമാറപ്പെടാത്തതുകാരണം ലോക്കോപൈലറ്റ് ഈ മേഖലകളിലൂടെ ട്രെയിൻ വേഗതയിൽ ഓടിക്കാമെന്നാണ് കരുതിയിരുന്നത്. ഇത് അപകടത്തിന് വഴിവെച്ചു. 110 കിലോമീറ്റർ വേഗതയിൾ ട്രെയിൻ ഓടിക്കാൻ അനുവാദമുള്ള ഈ സെക്ഷനിൽ ഗുഡ്സ് ഓടിയിരുന്നത് 78 കിലോമീറ്റർ വേഗതയിലായിരുന്നു. മുൻപിൽ തീവണ്ടി കണ്ടയുടനെ ലോക്കോപൈലറ്റ് ബ്രേക്ക് നൽകാൻ ശ്രമിച്ചെങ്കിലും 40 കിലോമീറ്ററിനും മുകളിലായിരുന്നു അപ്പോളും വേഗത.

അപകടം നടന്ന ദിവസം സിഗ്നലിങ് സംവിധാനം പരിശോധിക്കേണ്ട ഉദ്യോഗസ്ഥർ അലംഭാവം കാണിച്ചു. സിഗ്നലിങ് തകരാർ കണ്ടിട്ടും 'ഓട്ടോമാറ്റിക്ക് ബ്ലോക്ക് സിസ്റ്റം' എന്ന സംവിധാനത്തിലേക്ക് മാറാനും ഉദ്യോഗസ്ഥർ തയ്യാറായില്ല. ഈ സംവിധാനത്തിൽ രണ്ട് സ്റ്റേഷനുകൾക്കിടയിൽ ഒരു ട്രെയിൻ മാത്രമേ കടന്നുപോകൂ. സമയത്തിന് ഇക്കാര്യം ശ്രദ്ധിച്ചിരുന്നെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നു.

കാഞ്ചൻജംഗ എക്സ്പ്രസ്സ് അടുത്ത സ്റ്റേഷൻ കടന്നുപോയി എന്നുറപ്പുവരുത്താതെ രംഗപാണി സ്റ്റേഷൻ മാസ്റ്റർ ഗോഡ്സ് തീവണ്ടിക്ക് ക്ലിയറൻസ് നൽകി. ഇത് അപകടത്തിന് വഴിവെച്ചു. ഇവയ്‌ക്കെല്ലാം പുറമെ ലോക്കോപൈലറ്റുമാർക്കും സ്റ്റേഷൻ മാസ്റ്റർമാർക്കും കൃത്യമായ കൗൺസിലിംഗ് നൽകിയിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. കാഞ്ചൻജംഗ എക്‌സ്പ്രസ് ട്രെയിനിൽ ഗുഡ്‌സ് ട്രെയിൻ പാളം തെറ്റിയിടിച്ചുണ്ടായ അപകടത്തിൽ ലോക്കോ പൈലറ്റടക്കം പത്ത് പേരാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com