യോഗി ആദിത്യനാഥിനും ബിജെപിക്കും തിരിച്ചടി; യുപി മന്ത്രി രാജിവെച്ചു

യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി ഒരു പരീക്ഷണത്തിന് ബിജെപി ദേശീയ നേതൃത്വം തയ്യാറല്ല.
യോഗി ആദിത്യനാഥിനും ബിജെപിക്കും തിരിച്ചടി; യുപി മന്ത്രി രാജിവെച്ചു
Updated on

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിനും ബിജെപിക്കും തിരിച്ചടി. ഉത്തര്‍പ്രദേശ് ട്രാന്‍സ്‌ജെന്‍ഡര്‍ വെല്‍ഫയര്‍ ബോര്‍ഡ് ഉപാദ്ധ്യക്ഷ സോനം ചിസ്തി രാജിവെച്ചതാണ് തിരിച്ചടിയായത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി. സംസ്ഥാന മന്ത്രിയുടെ റാങ്കാണ് ഉത്തര്‍പ്രദേശ് ട്രാന്‍സ്‌ജെന്‍ഡര്‍ വെല്‍ഫയര്‍ ബോര്‍ഡ് ഉപാദ്ധ്യക്ഷക്കുള്ളത്.

ലോക്‌സഭാന തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്കിടയിലേക്ക് ബിജെപിക്ക് വേണ്ടി തനിക്കെത്താന്‍ കഴിഞ്ഞില്ലെന്ന് രാജിക്ക് ശേഷം സോനം ചിസ്തി പറഞ്ഞു. സംസ്ഥാനത്തെ പാര്‍ട്ടി സംഘടന ശക്തിപ്പെടുത്തുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും സോനം ചിസ്തി പറഞ്ഞു.

'2024ലെ പൊതുതിരഞ്ഞെടുപ്പില്‍, പല ജില്ലകളിലും നിയമസഭ മണ്ഡലങ്ങളിലും ബിജെപിയുടെ പ്രവര്‍ത്തനം പരാജയത്തിലേക്ക് നയിച്ചു. ഒരു സംസ്ഥാന മന്ത്രിയുടെ റാങ്കിലുള്ള ഞാന്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു.', ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ക്ക് നല്‍കിയ രാജിക്കത്തില്‍ സോനം ചിസ്തി പറഞ്ഞു.

ഉത്തര്‍പ്രദേശ് ബിജെപിയില്‍ അതൃപ്തി പുകയുന്ന സമയത്താണ് സോനം ചിസ്തിയുടെ രാജി. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് യോഗി ആദിത്യനാഥിനെ നീക്കണം എന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഭൂപേന്ദ്ര സിംഗ് ചൗധരിയുടെ അടക്കം ആവശ്യം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍ പ്രദേശില്‍ ബിജെപിക്ക് കാലിടറിയതിന് പിന്നാലെയാണ് പാര്‍ട്ടിയില്‍ അഭിപ്രായ ഭിന്നത രൂക്ഷമായത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ അടക്കമുള്ളവരെ ഡല്‍ഹിയില്‍ കണ്ട സംസ്ഥാന അധ്യക്ഷന്‍ ഭൂപേന്ദ്ര സിംഗ് ചൗധരി, യോഗി ആദിത്യനാഥിന്റെ ഭരണത്തിലെ അതൃപ്തി അറിയിച്ചു. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും നേതാക്കളെ കണ്ട് സംസ്ഥാന സര്‍ക്കാരിനെതിരെ പരാതി നല്‍കി. സര്‍ക്കാരില്‍ വന്‍ അഴിച്ചു പണി വേണമെന്നാണ് ഇവരുടെയും നിലപാട്.

യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി ഒരു പരീക്ഷണത്തിന് ബിജെപി ദേശീയ നേതൃത്വം തയ്യാറല്ല. അത് വലിയ തിരിച്ചടിയാകും എന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ലഖ്‌നൗവില്‍ ചേര്‍ന്ന ബിജെപി വര്‍ക്കിങ് കമ്മറ്റിയില്‍ ജെപി നദ്ദയുടെ സാനിധ്യത്തില്‍ പല നേതാക്കളും യോഗിയെ വിമര്‍ശിച്ചിരുന്നു.

എന്നാല്‍ ഇതൊന്നും കാര്യമാക്കാതെയാണ് യോഗി നീങ്ങുന്നത്. വരാനിരിക്കുന്ന 10 നിയമസഭാ ഉപതിരഞ്ഞെടുപ്പ് ചര്‍ച്ചകളിലാണ് മുഖ്യമന്ത്രി. കഴിഞ്ഞ ദിവസം ഉപതിരഞ്ഞെടുപ്പ് ഒരുക്കം ചര്‍ച്ച ചെയ്യാന്‍ യോഗി മന്ത്രിമാരുടെ യോഗം വിളിച്ചിരുന്നു. അതേസമയം ബിജെപിയിലെ പൊട്ടിത്തെറി പ്രചാരണമാക്കാനാണ് ഇന്ത്യ സഖ്യത്തിന്റെ നീക്കം. സമാജ്വാദി പാര്‍ട്ടിയും കോണ്‍ഗ്രസും വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com