കൻവാർ യാത്ര, ഭക്ഷണശാലയിൽ ഉടമകളുടെ പേര് പ്രദർശിപ്പിക്കാൻ ഉത്തരവ്; ഭരണഘടനാ വിരുദ്ധമെന്ന് പ്രിയങ്ക

ജാതിയുടെയും മതത്തിന്റെയും പേരിൽ സമൂഹത്തിൽ വേർതിരിവുണ്ടാക്കുന്നത് ഭരണഘടനക്കെതിരായ കുറ്റകൃത്യമെന്ന് പ്രിയങ്കാ ഗാന്ധി
കൻവാർ യാത്ര, ഭക്ഷണശാലയിൽ ഉടമകളുടെ പേര് പ്രദർശിപ്പിക്കാൻ ഉത്തരവ്; ഭരണഘടനാ വിരുദ്ധമെന്ന് പ്രിയങ്ക
Updated on

ഡൽഹി: ഉത്തർപ്രദേശിലെ മുസാഫർനഗറിലെ കൻവാർ യാത്രാ റൂട്ടിൽ ഭക്ഷണശാലാ ഉടമകളുടെ പേരുകൾ പ്രദർശിപ്പിക്കാനുള്ള പൊലീസ് ഉത്തരവ് ഭരണഘടനാ വിരുദ്ധമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. ജാതിയുടെയും മതത്തിന്റെയും പേരിൽ സമൂഹത്തിൽ വേർതിരിവുണ്ടാക്കുന്നത് ഭരണഘടനക്കെതിരായ കുറ്റകൃത്യമാണ്. ഈ ഉത്തരവ് ഉടൻ പിൻവലിക്കണമെന്നും ഉത്തരവ് പ്രഖ്യാപിച്ച ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. എക്സിലൂടെയാണ് പ്രിയങ്ക ഇക്കാര്യം ആവശ്യപ്പെട്ടത്.

ജാതിയുടെയോ മതത്തിന്റെയോ ഭാഷയുടെയോ പേരിൽ വേർതിരിക്കപ്പെടാതിരിക്കാനുള്ള അവകാശം ഇന്ത്യയിലെ ഓരോ പൗരനും ഭരണഘടന നൽകുന്നുണ്ടെന്ന് പ്രിയങ്ക പറഞ്ഞു. ഉത്തർപ്രദേശിലെ കാർട്ടുകളുടെയും കിയോസ്‌കുകളുടെയും കടകളുടെയും ഉടമകളുടെ നെയിം ബോർഡുകൾ സ്ഥാപിക്കാനുള്ള ഉത്തരവ് നമ്മുടെ ഭരണഘടനയ്ക്കും ജനാധിപത്യത്തിനും ഇന്ത്യയുടെ പൈതൃകത്തിനും നേരെയുള്ള ആക്രമണമാണെന്നും പ്രിയങ്ക എക്സിൽ കുറിച്ചു.

കൻവാ‍ർ യാത്രയിൽ ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാൻ എന്ന പേരിലാണ് എല്ലാ ഭക്ഷണശാലകളിലും ഉടമകളുടെ പേര് പ്രദർശിപ്പിക്കാൻ പൊലീസ് ഉത്തരവിറക്കിയത്. 'കൻവാർ യാത്രയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങിയിരിക്കുകയാണ്. ഏകദേശം 240 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശത്ത്, ഭക്ഷണശാലകൾ, ഹോട്ടലുകൾ, ധാബകൾ, വഴിയോര കച്ചവടക്കാ‌ർ‌ എന്നിവർ അവരുടെ ഉടമസ്ഥരുടെയോ കട നടത്തുന്നവരുടെയോ പേരുകൾ പ്രദർശിപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കൻവാരികൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാനും ഭാവിയിൽ ആരോപണങ്ങളൊന്നും ഉയരാതിരിക്കാനും ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാനുമാണ് ഇത് ചെയ്യുന്നത്. എല്ലാവരും സ്വന്തം ഇഷ്ടപ്രകാരമാണ് ഇത് പിന്തുടരേണ്ടത്'; മുസഫർനഗർ സീനിയർ പൊലീസ് സൂപ്രണ്ട് അഭിഷേക് സിംഗ് പറഞ്ഞു.

കൻവാരിയകളാരും മുസ്ലിം ഉടമകളുടെ കടകളിൽ നിന്ന് ഭക്ഷണം വാങ്ങുന്നില്ലെന്ന് ഉറപ്പുവരുത്താനാണ് ഈ നീക്കമെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി ആരോപിച്ചു. ഈ നീക്കം സൗത്ത് ആഫ്രിക്കയിലും ഹിറ്റ്ലറുടെ ജർമ്മനിയും നടന്ന വർണ്ണവിവേചനത്തിന് തുല്യമാണെന്ന് പ്രതിപക്ഷം ആഞ്ഞടിച്ചു. ഉത്തരവ് വിവാദമായതോടെ ഉദ്ദേശ്യം വിവേചനമല്ല, ഭക്തർ‌ക്ക് സൗകര്യമൊരുക്കലാണെന്ന് പൊലീസ് പ്രസ്താവനയിലൂടെ വ്യക്തമാക്കി. എല്ലാ വർഷവും ശിവ ഭക്ത‍ർ നടത്തിവരുന്ന തീ‍‌ർത്ഥാടനമാണ് കൻവാർ യാത്ര. ജൂലൈ 22 നാണ് യാത്ര ആരംഭിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com