ഭോപ്പാൽ : മധ്യപ്രദേശിലെ രേവ ജില്ലയിൽ പ്രതിഷേധത്തിനിടെ രണ്ട് സ്ത്രീകളെ മണ്ണിനടിയിൽ ഭാഗികമായി കുഴിച്ചുമൂടി. മംമ്ത പാണ്ഡെ, ആശാ പാണ്ഡെ എന്നീ സ്ത്രീകളെയാണ് മണ്ണിനടിയിൽ ഭാഗികമായി കുഴിച്ചിട്ടത്. മധ്യപ്രദേശിലെ മംഗാവ പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. പ്രദേശത്ത് റോഡ് നിർമ്മാണത്തിനെതിരെ പ്രതിഷേധിക്കുമ്പോഴായിരുന്നു സംഭവം. ട്രക്ക് ഉപയോഗിച്ച് സ്ത്രീകളുടെ ശരീരത്ത് മണ്ണ് ഇടുന്ന ദ്യശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കഴുത്തോളം മണ്ണ് മൂടിയ ഇവരുടെ ദ്യശ്യങ്ങൾ വീഡിയോയിൽ കാണാം.
മണ്ണ് നിറച്ച ട്രക്കിന് പിന്നിൽ രണ്ട് സ്ത്രീകൾ നിൽക്കുന്നതും വീഡിയോയിൽ കാണാവുന്നതാണ്. ട്രക്കിലെ മണ്ണ് സ്ത്രീകളുടെ ശരീരത്ത് ഇടുന്നതും വീഡിയോയിൽ കാണാം. നാട്ടുകാർ എത്തിയാണ് ഇവരെ രക്ഷിക്കുന്നത്. ഇവരെ അടുത്തുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ എത്തിച്ച് ചികിത്സ നൽകിയെന്നും ഇവരെ ആരോഗ്യ കേന്ദ്രത്തിൽ നിന്ന് ഡിസ്ചാർജ് ചെയ്തതായും പൊലീസ് അറിയിച്ചു. പൊലീസ് ട്രക്ക് പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളായ ഒരാളെ അറസ്റ്റ് ചെയ്തെന്നും മറ്റ് രണ്ട് പേർക്കായി തിരച്ചിൽ നടത്തുകയാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ മൗനം പാലിക്കുന്ന ബിജെപി നേതൃത്വത്തിലുള്ള മധ്യപ്രദേശ് സർക്കാരിനെതിരെ കോൺഗ്രസ് യുവ നേതാവ് ശ്രീനിവാസ് ബിവി ആഞ്ഞടിച്ചു.