സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള ആര്‍എസ്എസ് വിലക്ക് നീക്കി; ബ്യൂറോക്രസിക്ക് നിക്കറെന്ന് കോണ്‍ഗ്രസ്

ആര്‍എസ്എസിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വിലക്കികൊണ്ടുള്ള 1966 ലെ ഉത്തരവ് നീക്കിയെന്നാണ് ഉത്തരവില്‍ പറയുന്നത്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള ആര്‍എസ്എസ് വിലക്ക് നീക്കി; ബ്യൂറോക്രസിക്ക് നിക്കറെന്ന് കോണ്‍ഗ്രസ്
Updated on

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആര്‍എസ്എസിന്റെ ഭാഗമാകാന്‍ പാടില്ലെന്ന വിലക്ക് കേന്ദ്രം നീക്കിയതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. ജൂലൈ 9 ന് കേന്ദ്രം പുറത്തിറക്കിയ ഉത്തരവ് ജയറാം രമേശ് എക്‌സില്‍ പങ്കുവെച്ചു. ആര്‍എസ്എസിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വിലക്കികൊണ്ടുള്ള 1966ലെ ഉത്തരവ് നീക്കിയെന്നാണ് ഉത്തരവില്‍ പറയുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയും ആർഎസ്എസും തമ്മിലുള്ള ബന്ധം വഷളായെന്നും ഈ ഘട്ടത്തിലാണ് കേന്ദ്രത്തിന്റെ പുതിയ നീക്കമെന്നും ജയറാം രമേശ് ചൂണ്ടികാട്ടുന്നു. വാജ്‌പേയ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് പോലും ഉണ്ടായിരുന്ന നിരോധനമാണ് 58 വര്‍ഷത്തിന് ശേഷം നരേന്ദ്രമോദി നീക്കുന്നതെന്നും ജയറാം രമേശ് പറഞ്ഞു.

'ഗാന്ധി വധത്തെ തുടര്‍ന്ന് 1948 ഫെബ്രുവരിയില്‍ സര്‍ദ്ദാര്‍ വല്ലഭായ് പട്ടേല്‍ ആര്‍എസ്എസിനു മേല്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. പിന്നീട്, നല്ലനടപ്പ് ഉറപ്പ് നല്‍കിയതോടെ നിരോധനം നീക്കി. ഇതിന് ശേഷം നാഗ്പൂരില്‍ ആര്‍എസ്എസ് പതാക പറത്തിയിട്ടില്ല', ജയറാം രമേശ് പറഞ്ഞു.

'1966 ല്‍ വീണ്ടും നിയന്ത്രണം കൊണ്ടുവന്നു. അതില്‍ പറയുന്നത് ഇപ്രകാരമാണ്. 'സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ആര്‍എസ്എസിലെയും ജമാ അത്തെ ഇസ്ലാമിയിലെയും അംഗത്വവും പ്രവര്‍ത്തനവും സംബന്ധിച്ചുള്ള സര്‍ക്കാര്‍ നയത്തില്‍ ചില സംശയങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ഈ രണ്ട് സംഘടനകളിലെയും സര്‍ക്കാര്‍ ജീവനക്കാരുടെ പങ്കാളിത്തം കേന്ദ്ര സിവില്‍ സര്‍വ്വീസ് പെരുമാറ്റ ചട്ടങ്ങളെ ആകര്‍ഷിക്കുന്ന തരത്തിലാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു', ജയറാം രമേശ് കുറിച്ചു. ബ്യൂറോക്രസിക്ക് ഇനി മുതല്‍ നിക്കറില്‍ വരാന്‍ കഴിയുമെന്ന് താന്‍ കരുതുന്നുവെന്നും നടപടിയില്‍ ജയറാം രമേശ് പരിഹസിച്ചു.

ബിജെപി ഐടി വിഭാഗം മേധാവി അമിത് മാളവ്യയും ഉത്തരവിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചിട്ടുണ്ട്. 58 വര്‍ഷം മുമ്പ് നടപ്പിലാക്കിയ ഭരണഘടനാ വിരുദ്ധമായ ഉത്തരവ് മോദി സര്‍ക്കാര്‍ പിന്‍വലിച്ചെന്നും സ്വാഗതാര്‍ഹമായ കാര്യമാണെന്നും അമിത് മാളവ്യ അഭിപ്രായപ്പെട്ടു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com