Jan 22, 2025
09:16 AM
ഡൽഹി: ബിജെപി നേതാവ് നൽകിയ മാനനഷ്ടക്കേസിൽ സോഷ്യൽമീഡിയ ഇൻഫ്ലുവൻസർ ധ്രുവ് റാഠിക്ക് ഡൽഹി കോടതിയുടെ സമൻസ്. യൂട്യൂബ് വീഡിയോയിലൂടെ ധ്രുവ് റാഠി തന്നെ അപമാനിച്ചെന്ന് ആരോപിച്ച് ബിജെപി നേതാവ് സുരേഷ് കരംഷി നഖുവയാണ് ഹർജി നൽകിയത്.
‘മൈ റിപ്ലെ ടു ഗോദി യൂട്യൂബേഴ്സ്’ എന്ന പേരിൽ ജൂലൈ 7ന് വന്ന വീഡിയോയിൽ ധ്രുവ് റാഠി തന്നെ ആക്ഷേപിച്ചു എന്നാണ് സുരേഷ് കരംഷി നഖുവയുടെ പരാതി. അക്രമകാരിയും അധിക്ഷേപം നടത്തുന്നയാളുമാണ് താനെന്ന് ധ്രുവ് റാഠി ആക്ഷേപിച്ചതായി സുരേഷ് ആരോപിച്ചു.
ഒരു കഥയില്ലാത്തയാളാണു നഖുവയെന്നും ധ്രുവ് റാഠി പറഞ്ഞതായി പരാതിയിൽ ആരോപണമുണ്ട്. വീഡിയോയിലെ പരാമർശത്തെത്തുടർന്നു തനിക്ക് സമൂഹത്തിൽനിന്ന് വലിയ അപമാനം നേരിടേണ്ടി വന്നെന്നാണു നഖുവയുടെ ഹർജിയിൽ പറയുന്നത്. ഹർജി ഓഗസ്റ്റ് 6ന് കോടതി പരിഗണിക്കും. അഭിഭാഷകരായ രാഘവ് അവസ്തി, മുകേഷ് ശർമ്മ എന്നിവരാണ് ബിജെപി നേതാവിനു വേണ്ടി ഹാജരായത്.
24 മില്ല്യൺ ആളുകൾ കാണുകയും 2.3 മില്ല്യൺ പേർ ലൈക്ക് ചെയ്യുകയും ചെയ്ത വീഡിയോയാണ് പരാതിക്ക് അടിസ്ഥാനം. സാധാരണജനങ്ങൾക്കു മുമ്പിൽ നേതാക്കളുടെ പ്രതിഛായ തകർക്കാൻ കരുതിക്കൂട്ടിയുള്ളതാണ് വീഡിയോയിലെ ഉള്ളടക്കമെന്ന് വ്യക്തമാണെന്ന് പരാതിയിൽ ആരോപിക്കുന്നു.