കൊല്ക്കത്ത: ആര്ജെ കര് മെഡിക്കൽ കോളേജ് ആശുപത്രിയില് യുവ ഡോക്ടറെ ലൈംഗികമായി അതിക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തില് തെറ്റായ വിവരങ്ങള് പ്രചരിപ്പിച്ചതിന് ബിജെപി നേതാവടക്കം മൂന്ന് പേരെ ചോദ്യം ചെയ്യാന് വിളിപ്പിച്ച് കൊല്ക്കത്ത പൊലീസ്. അഭിനേത്രിയും ബിജെപി നേതാവുമായ ലോകത് ചാറ്റര്ജിയെയും സുബര്നോ ഗോസ്വാമി, കുനാല് സര്ക്കാര് എന്നീ രണ്ട് ഡോക്ടര്മാരെയുമാണ് പൊലീസ് ചോദ്യം ചെയ്യാന് വിളിപ്പിച്ചിരിക്കുന്നത്. ഇന്ന് വൈകുന്നേരം 3 മണിക്ക് മുമ്പായി ഹാജരാകാനാണ് പൊലീസ് നോട്ടീസ് നല്കിയിരിക്കുന്നത്.
വ്യത്യസ്ത മാധ്യമങ്ങള്ക്ക് നല്കിയ അഭിമുഖത്തില് ലൈംഗികാതിക്രമത്തില് കൊല്ലപ്പെട്ട യുവ ഡോക്ടറുടെ പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട് കണ്ടെന്ന് സുബര്നോ ഗോസ്വാമി അവകാശപ്പെട്ടിരുന്നു. പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ടില് ഞെട്ടിക്കുന്ന വിവരങ്ങള് ഉണ്ടെന്ന് ഗോസ്വാമി അവകാശപ്പെട്ടിരുന്നു. യുവ ഡോക്ടറുടെ ശരീരത്തില് 150 ഗ്രാമോളം ബീജം കണ്ടെത്തിയെന്നും, പെല്വിക് അസ്ഥിക്ക് പൊട്ടല് ഉണ്ടായിരുന്നെന്നും കൂട്ടബലാത്സംഗത്തിന്റെ തെളിവുകള് ഉണ്ടായിരുന്നുവെന്നും പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ടില് പരാമര്ശങ്ങള് ഉണ്ടായിരുന്നു എന്നായിരുന്നു ഗോസ്വാമിയുടെ അവകാശവാദം.
കൊല്ക്കത്ത പൊലീസ് ഈ അവകാശവാദങ്ങള് തള്ളിക്കളഞ്ഞിരുന്നു. ഇത് വ്യാജവാര്ത്തയാണെന്നായിരുന്നു പൊലീസിന്റെ നിലപാട്. ഔദ്യോഗിക വിശദീകരണത്തിന്റെ അടിസ്ഥാനത്തില് പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ടില് അത്തരം വിവരങ്ങളില്ലെന്നാണ് പറയുന്നത്. ഈ അഭ്യൂഹങ്ങള് സോഷ്യല് മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കപ്പെട്ടെന്നും അത് ജനരോഷത്തിന് ഇന്ധനം പകര്ന്നെന്നുമാണ് പൊലീസ് പറയുന്നത്. പ്രചരിക്കപ്പെട്ട കാര്യങ്ങളെല്ലാം അടിസ്ഥാനരഹിതവും വഴിതെറ്റിക്കുന്നതുമായ വിവരങ്ങളാണെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.
ലൈംഗികാതിക്രമത്തില് കൊല്ലപ്പെട്ട യുവ ഡോക്ടറുടെ പേരും ചിത്രവും സോഷ്യല് മീഡിയയില് പങ്കുവെച്ചെന്ന ആരോപണത്തിന്റെ പേരിലാണ് ബിജെപി നേതാവ് ലോകത് ചാറ്റര്ജിയെ പൊലീസ് ചോദ്യം ചെയ്യുന്നത്. കൊല്ക്കത്ത പൊലീസ് ഇരയ്ക്ക് നീതി ലഭ്യമാക്കുന്നതിനേക്കാള് മുന്ഗണന സോഷ്യല് മീഡിയ പോസ്റ്ററുകള് നിരീക്ഷിക്കുന്നതിനാണ് നല്കുന്നതെന്ന വിമര്ശനമാണ് പൊലീസ് നോട്ടീസിനോടുള്ള പ്രതികരണമായി ലോകത് ചാറ്റര്ജി പറഞ്ഞത്.
'ആര്ജെ കര് ആശുപത്രിയിലെ ഇര ഇപ്പോഴും നീതി ലഭിക്കാനായി കരയുകയാണ്. എന്നാല് കൊല്ക്കത്ത പൊലീസ് പ്രതിപക്ഷ പാര്ട്ടികളുടെയും സാധാരണക്കാരായ ആളുകളുടെയും സോഷ്യല് മീഡിയ അക്കൗണ്ടുകളില് പോയി വിധികല്പ്പിക്കുന്ന ജോലിയാണ് എടുക്കുന്നത്. പ്രതിപക്ഷ നേതാക്കള് എന്താണ് സോഷ്യല് മീഡിയയില് പോസ്റ്റ് ചെയ്യുന്നതെന്ന് നിരീക്ഷിക്കാനും അവരെ വിധിക്കാനുമായി ഭരണസംവിധാനം പൊലീസിനെ ചുമതലപ്പെടുത്തിയിരിക്കുകയാണെ'ന്ന് ബംഗാളി ഭാഷയില് എക്സില് എഴുതിയ കുറിപ്പില് ലോകത് ചാറ്റര്ജി കുറ്റപ്പെടുത്തി.
ആര്ജെ കര് മെഡിക്കല് കോളേജ് ആശുപത്രിയിലെ മുന് പ്രിന്സിപ്പല് ഡോ. സുദീപ് ഘോഷിനെ ശനിയാഴ്ച സിബിഐ ചോദ്യം ചെയ്തിരുന്നു. ഘോഷിന്റെ ചോദ്യം ചെയ്യല് മണിക്കൂറുകള് നീണ്ടിരുന്നു. സംഭവദിവസം രാത്രിയില് സുദീപ് ഘോഷിന്റെ ഭാഗത്തുനിന്നുണ്ടായ പ്രതികരണവും നടപടികളുമാണ് സിബിഐ ചോദിച്ചറിയുന്നത്. ആഗസ്റ്റ് 9ന് യുവഡോക്ടറുടെ മൃതദേഹം കണ്ടെത്തിയതിന്റെ രണ്ടാം ദിവസം തന്നെ സുദീപ് ഘോഷ് രാജിവെച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഡോക്ടര്മാരും ഇന്റേണ്സും പൊലീസ് ഓഫീസര്മാരും അടക്കം 40ഓളം പേരെയാണ് സിബിഐ ചോദ്യം ചെയ്യുന്നത്. ഇതുവരെ 20ഓളം പേരെ ചോദ്യം ചെയ്തുകഴിഞ്ഞു.
ആര്ജി കര് മെഡിക്കല് കോളേജ് ആശുപത്രിയിലെ സെമിനാര് ഹാളില് ഓഗസ്റ്റ് ഒമ്പതിനാണ് പിജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയില് കണ്ടെത്തിയത്.