ഏകീകൃത പെൻഷൻ പദ്ധതി; യുപിഎസിലെ ‘യു’ മോദി സർക്കാരിന്റെ 'യു ടേണു'കളെന്ന് ഖർഗെ

വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടാണ് ഏകീകൃത പെൻഷൻ പദ്ധതി കേന്ദ്ര സർക്കാർ കൊണ്ടുവന്നതെന്ന വിമർശനവും വിവിധ കോണുകളിൽ നിന്ന് ശക്തമാണ്

dot image

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ ഏകീകൃത പെൻഷൻ പദ്ധതിയെ വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. യുപിഎസിലെ ‘യു’ മോദി സർക്കാരിന്റെ യു ടേണുകളെ സൂചിപ്പിക്കുന്നതാണ്. ജൂൺ 4-ന് ശേഷം പ്രധാനമന്ത്രിയുടെ അധികാര ധാർഷ്ട്യത്തിന് മേൽ ജനങ്ങളുടെ ശക്തി വിജയിച്ചു. വഖഫ് ബിൽ ജെപിസിക്ക് അയച്ച നടപടി, ബ്രോഡ്കാസ്റ്റ് ബിൽ, കേന്ദ്രത്തിലെ ഉന്നത തസ്തികകളിലേക്കുള്ള നിയമനം ലാറ്ററൽ എൻട്രിയിൽ നിന്നുള്ള പിന്മാറ്റം ഇതെല്ലാം യു ടേണുകളെ സൂചിപ്പിക്കുന്നുവെന്ന് ഖർഗെ പറഞ്ഞു. 140 കോടി ഇന്ത്യക്കാരെ സ്വേച്ഛാധിപത്യ സർക്കാരിൽ നിന്ന് സംരക്ഷിക്കുമെന്നും ഖർഗെ വ്യക്തമാക്കി. വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടാണ് ഏകീകൃത പെൻഷൻ പദ്ധതി കേന്ദ്ര സർക്കാർ കൊണ്ടുവന്നതെന്ന വിമർശനവും വിവിധ കോണുകളിൽ നിന്ന് ശക്തമാണ്.

ഏകീകൃത പെൻഷൻ പദ്ധതി അഥവാ യൂണിഫൈഡ് പെൻഷൻ സ്കീമിന് കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ ദിവസമാണ് അംഗീകാരം നൽകിയത്. 2025 ഏപ്രിൽ ഒന്നുമുതൽ പദ്ധതി പ്രാബല്യത്തിൽ വരും. 23 ലക്ഷത്തോളം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഉറപ്പായ പെൻഷനുകൾ, കുടുംബ പെൻഷനുകൾ, മിനിമം പെൻഷനുകൾ എന്നിവ നടപ്പിലാക്കാനാണ് ഈ പദ്ധതിയിലൂടെ ശ്രമിക്കുന്നത്. പഴയ പെൻഷൻ പദ്ധതി അതായത് ഓൾഡ് പെൻഷൻ സ്കീം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്ത് പ്രതിഷേധം ശക്തമായതിൻ്റെ പശ്ഛാത്തലത്തിലാണ് പുതിയ പെൻഷൻ പദ്ധതിയായ യൂണിഫൈഡ് പെൻഷൻ സ്കീമിന് കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നൽകിയത്.

2004 മുതലുള്ള പുതിയ പെൻഷൻ പദ്ധതി നിലനിർത്തിയിട്ടുണ്ട്. അതേസമയം പഴയ പെൻഷൻ പദ്ധതിയായ ഓൾഡ് പെൻഷൻ സ്കീം പുനസ്ഥാപിക്കണമെന്നുള്ള ആവശ്യം കേന്ദ്ര സർക്കാർ നിരാകരിച്ചിട്ടുമുണ്ട്. ഏകീകൃത പെൻഷൻ പദ്ധതി സംസ്ഥാന സർക്കാരുകൾക്കും പിന്തുടരാവുന്നതാണ്. സംസ്ഥാന സർക്കാരുകൾ ഇത് നടപ്പിലാക്കിയാൽ 90 ലക്ഷം സർക്കാർ ജീവനക്കാർക്കാണ് പ്രയോജനം ലഭിക്കാൻ പോകുന്നതെന്ന് കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us