ഡൽഹി: സിഖ് വിരുദ്ധ കലാപത്തിൽ കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ജഗദീഷ് ടൈറ്റ്ലർക്കെതിരെ കൊലക്കുറ്റം ചുമത്താൻ ഉത്തരവിട്ട് ഡൽഹി കോടതി. ഡൽഹി റോസ് അവന്യു കോടതിയുടേതാണ് ഉത്തരവ്. ടൈറ്റ്ലർക്കെതിരെ കൊലപാതകം, കലാപാഹ്വാനം എന്നീ വകുപ്പുകൾ നിലനിൽക്കുമെന്നാണ് കോടതിയുടെ കണ്ടെത്തൽ സിഖ് വിരുദ്ധ കലാപത്തിൽ ജഗദീഷ് ടൈറ്റ്ലർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതും കൊലക്കുറ്റം ചുമത്തിയതും സിബിഐയാണ്.
1984 ലെ സിഖ് കലാപത്തിനിടെയിലാണ് പുൽ ബംഗാഷിലെ ഗുരുദ്വാരയ്ക്ക് തീയിടുകയും ബാദൽ സിങ്, ഗുരുചരൺ സിങ്, ഥാക്കുർ സിങ് എന്നിവർ കൊല്ലപ്പെടുകയും ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിലാണ് ടൈറ്റ്ലർക്കെതിരെ കൊലക്കുറ്റം ചുമത്താൻ കോടതിയുടെ ഉത്തരവ്.
കൊലപാതകക്കുറ്റം കൂടാതെ സംഘംചേരൽ, നിയമലംഘനം, ആരാധനാലയം അശുദ്ധമാക്കൽ, കലാപമുണ്ടാക്കൽ, തീയിടൽ, മോഷണം എന്നീ കുറ്റങ്ങളും ടൈറ്റ്ലർക്കെതിരെ ചുമത്താനും സിബിഐയ്ക്ക് ഡൽഹി കോടതി നിർദേശം നൽകി. 2023 ടൈറ്റ്ലർ ഗുരുധ്വാരയ്ക്ക് സമീപം കൂടിയ ജനക്കൂട്ടത്തെ പ്രകോപിപ്പിച്ചുവെന്നാണ് മെയ്യിൽ സമർപ്പിച്ച കുറ്റപത്രത്തിൽ സിബിഐ പറയുന്നത്.
കഴിഞ്ഞ ജനുവരിയിൽ സിബിഐ ടൈറ്റ്ലർക്കെതിരെ സാക്ഷികളുടെ മൊഴികൾ കോടതിയിൽ സമർപ്പിക്കുകകയും കുറ്റം ചുമത്താനാവശ്യമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് അറിയിക്കുകയും ചെയ്തു. ടൈറ്റ്ലർ ജനക്കൂട്ടത്തെ പ്രകോപിപ്പിച്ചതാണ് മൂന്ന് പേരുടെ കൊലപാതകത്തിന് കാരണമായ ആക്രമണത്തിന് ഇടയാക്കിയത്.
ആൾക്കൂട്ടം പെട്രോൾ കാനുകളും വടികളും ദണ്ഡുകളുമായി ടൈറ്റ്ലർക്കൊപ്പം വരുന്നത് കണ്ടതായി ദൃക്സാക്ഷിയുടെ മൊഴിയുണ്ട്. അന്ന് പാർലമെന്റ് അംഗമായിരുന്നു ടൈറ്റ്ലർ. ചിലർ ടൈറ്റ്ലർ ആൾക്കൂട്ടത്തിലേക്ക് വെള്ള അംബാസിഡർ കാറിൽ നിന്ന് ഇറങ്ങുന്നത് കണ്ടതായി ആരോപിച്ചിരുന്നു.