ശ്രീനഗർ: ജമ്മു കശ്മീരിന് സംസ്ഥാന പദവി നൽകണമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സംസ്ഥാന പദവിക്ക് വേണ്ടി പോരാടുമെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിലെ റംബാനിലെ പൊതു റാലിയിൽ പങ്കെടുക്കുകയായിരുന്നു രാഹുൽ. കശ്മീരിൽ പ്രത്യയശാസ്ത്രങ്ങൾ തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്. ബിജെപി രാജ്യത്ത് വെറുപ്പും വിദ്വേഷവും പടർത്തുകയാണ്. ജമ്മുകശ്മീർ ലെഫ്റ്റനന്റ് ഗവർണർ ഒരു രാജാവിനെ പോലെ പെരുമാറുകയാണ്. തൊഴിലില്ലായ്മ ഏറ്റവും രൂക്ഷം ജമ്മു കശ്മീരിലാണ്. ബിജെപി എവിടെ വെറുപ്പ് പടർത്തുന്നുവോ, അവിടെ നമ്മൾ സ്നേഹത്തിന്റെ കട തുറക്കും. ജമ്മു കശ്മീരിലെ ജനങ്ങളുടെ അവകാശങ്ങൾ അപഹരിക്കപ്പെടുകയാണ്. കോൺഗ്രസ് ഉൾപ്പെടെയുള്ള സഖ്യം ഇവിടെ അധികാരത്തിൽ വരുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
സർക്കാർ ഒഴിവുകൾ എല്ലാം നികത്തും. ഉയർന്ന പ്രായപരിധി നാൽപ്പതാക്കും. എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകുമെന്നും ആദ്ദേഹം വ്യക്തമാക്കി. പത്ത് വർഷത്തിന് ശേഷമാണ് ജമ്മു കശ്മീരിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. 90 അംഗ നിമസഭയിലേക്ക് മൂന്ന് ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ്. സെപ്തംബർ 18, സെപ്തംബർ 25, ഒക്ടോബർ 1 തിയ്യതികളിലാണ് വോട്ടെടുപ്പ്. ജമ്മുവിൽ രണ്ട് റാലികളിലും കശ്മീരിൽ ഒരു റാലിയിലും പ്രധാനമന്ത്രി നരേന്ദ്രമോദി ബിജെപിക്ക് വേണ്ടി കളത്തിലിറങ്ങുന്നുണ്ട്. ജമ്മുവിൽ നില ഭദ്രമാണെന്നും കശ്മീരിലാണ് ആശങ്കയെന്നുമാണ് ബിജെപിക്കുള്ളിലെ വിലയിരുത്തൽ. അതിനാൽ ചെറിയ പാർട്ടികളെ ഒപ്പം കൂട്ടാനുള്ള നീക്കം നടക്കുന്നുണ്ട്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ജമ്മുവിലെ രണ്ട് സീറ്റിലും ബിജെപി വിജയിച്ചിരുന്നു.
അതേസമയം, ഹരിയാന തിരഞ്ഞെടുപ്പില് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്ക്കിടെ ഗുസ്തി താരം വിനേഷ് ഫോഗട്ട് രാഹുല് ഗാന്ധിയെ കണ്ടു. ഇന്ന് രാവിലെയായിരുന്നു കൂടിക്കാഴ്ച്ച. ആംആദ്മി പാര്ട്ടിയുമായുള്ള സീറ്റ് വിഭജന ചര്ച്ചപൂര്ത്തിയായാല് ഉടന് സ്ഥാനാര്ത്ഥി പട്ടിക പ്രഖ്യാപിക്കും. കഴിഞ്ഞ ആഴ്ച്ച വിനേഷ് ഫോഗട്ട് ശംഭു അതിർത്തിയിലുള്ള കർഷകരുടെ പ്രതിഷധപരിപാടിയിൽ പങ്കെടുത്തിരിക്കുന്നു. കർഷകർ തെരുവിൽ നിൽക്കുമ്പോൾ രാജ്യം എങ്ങനെയാണ് മുന്നേറുക എന്ന ചോദ്യമടക്കം കേന്ദ്രസർക്കാരിനെതിരെ നിരവധി വിമർശനവുമായി മുൻ ഒളിംപ്യൻ കൂടിയായ വിനേഷ് ഫോഗട്ട് രംഗത്തെത്തിയിരുന്നു. ലൈംഗികാരോപണം നേരിട്ട ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷണെതിരെ തലസ്ഥാനത്ത് ഗുസ്തി താരങ്ങളുടെ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയതും വിനേഷായിരുന്നു. ഒക്ടോബർ 5-ന് നടക്കാനിരിക്കുന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് പല കാര്യങ്ങളാൽ ദേശീയ ശ്രദ്ധയാകർഷിക്കുന്ന ഒന്നാണ്. ഭരണ വിരുദ്ധ വികാരം, കർഷകരുടെ പ്രതിഷേധം, ഗുസ്തിക്കാരുടെ പ്രതിഷേധം, സർക്കാർ ജീവനക്കാരുടെ അതൃപ്തി, ജാട്ട് സമുദായത്തിൻ്റെ രാഷ്ട്രീയ മാറ്റം തുടങ്ങിയവ തിരഞ്ഞെടുപ്പിൽ നിർണായക പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.