
മമ്മൂട്ടിയുമൊത്തുള്ള സിനിമയെത്തുമെന്ന് നടനും സംവിധായകനുമായ ദിലീഷ് പോത്തൻ. സിനിമയുമായി ബന്ധപ്പെട്ട് നടനുമായി നിരവധി ചർച്ചകൾ നടത്തിയെന്നും എന്നാൽ തിരക്കഥ ഉറപ്പിച്ചിട്ടില്ല എന്നും ഇന്ത്യൻ എക്സ്പ്രസ് ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ ദിലീഷ് പോത്തൻ പറഞ്ഞു. മമ്മൂട്ടി-ദിലീഷ് പോത്തൻ ചിത്രത്തെ കുറിച്ച് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഔദ്യോഗിക അറിയിപ്പ് എത്തിയിരുന്നില്ല.
വരാനിരിക്കുന്ന ഒരു പ്രോജക്റ്റിൽ മോഹൻലാലുമായും പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവന്നും സംവിധായകൻ കൂട്ടിച്ചേർത്തു. നിലവിൽ ദിലീഷ് പോത്തനും ശ്യാം പുഷ്കരനും ഒന്നിക്കുന്ന ചിത്രം ഒരുങ്ങുകയാണ്. 2024-ലാണ് ചിത്രം റിലീസിനെത്തുക. നിരൂപക പ്രശംസ നേടിയ ‘മഹേഷിന്റെ പ്രതികാരം’, ‘ജോജി’ എന്നീ ചിത്രങ്ങൾക്ക് ശേഷം ദിലീഷിന്റെ അടുത്ത പ്രോജക്ടിനായി കാത്തിരിക്കുകയാണ് സിനിമാ പ്രേമികൾ.
അതേസമയം ഈ വർഷത്തെ ബോക്സ് ഓഫീസ് വിജയ സിനിമകളെ കുറിച്ചും ദിലീഷ് പോത്തൻ തന്റെ അഭിപ്രായം രേഖപ്പെടുത്തി. '2023ൽ മലയാള സിനിമ ഒരുപാട് ഉയരങ്ങളിലേക്ക് കുതിച്ചെങ്കിലും രോമാഞ്ചം, 2018 പോലുള്ള ഏതാനും ചിത്രങ്ങൾക്കു മാത്രമാണ് തിയേറ്ററിൽ മികച്ച വിജയം കൊയ്യാൻ സാധിച്ചത്. സിനിമ മേഖല ഇത്തരം വെല്ലുവിളികളെ പലതവണ നേരിട്ടുണ്ട്' സംവിധായകൻ കൂട്ടിച്ചേർത്തു.