സാഹിത്യകാരനും ചലച്ചിത്രകാരനുമായ എം ടി വാസുദേവൻ നായർക്ക് നവതിയാശംസകൾ നേർന്ന് മോഹൻലാൽ. നവതിയുടെ നിറവിൽ നിൽക്കുന്ന മലയാളത്തിൻ്റെ പ്രിയപ്പെട്ട എം ടി സാറിന് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ എന്നാണ് മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചത്. എം ടിയുടെ പത്ത് ചെറുകഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന നെറ്റ്ഫ്ലിക്സ് ആന്തോളജി ചിത്രം 'ഓളവും തീരവും' സെറ്റിൽ വച്ചുള്ള ചിത്രമാണ് മോഹൻലാൽ പങ്കുവെച്ചിരിക്കുന്നത്. ഈ സെറ്റിൽ വെച്ചാണ് എം ടിയുടെ 89-ാം പിറന്നാൾ ആഘോഷിച്ചത്.
ചിത്രത്തിൽ മോഹൻലാലാണ് പ്രധാന കഥാപാത്രമായ ബാപ്പുട്ടിയായി അഭിനയിക്കുന്നത്. 1960ൽ എം ടിയുടെ തന്നെ രചനയിൽ പി എം മേനോൻ സംവിധാനം ചെയ്ത് ഇതേ പേരിൽ സിനിമ റിലീസായിരുന്നു. മധുവും, ഉഷ നന്ദിനിയുമായിരുന്നു അന്ന് പ്രധാന കഥാപാത്രങ്ങളിൽ എത്തിയത്. ജോസ് പ്രകാശ് അഭിനയിച്ച വില്ലൻ കഥാപാത്രം കുഞ്ഞാലിയായി വേഷമിടുന്നത് ഹരീഷ് പേരടിയാണ്. ഇത്തവണ മോഹൻലാലിന്റെ നായികയായി എത്തുന്നത് ദുർഗ കൃഷ്ണയാണ്. 'ഓളവും തീരവും' എത്തുന്നത് ബ്ലാക്ക് ആൻഡ് വൈറ്റിലാണെന്ന പ്രത്യേകതയുമുണ്ട്.
ഈ ആന്തോളജിയില്‍ എം ടിയുടെ മറ്റൊരു കഥ സംവിധാനം ചെയ്യുന്നതും പ്രിയദര്‍ശനാണ്. 'ശിലാലിഖിതം' എന്ന കഥയുടെ ചലച്ചിത്രാവിഷ്കാരമാണ് ഇത്. ബിജു മേനോന് ആണ് ഇതിലെ നായകന്. എംടിയുടെ പത്ത് കഥകളുടെ ചലച്ചിത്രാവിഷ്കാരമായ ആന്തോളജിയില്‍ മറ്റ് പ്രമുഖ സംവിധായകരും അണിനിരക്കുന്നുണ്ട്. സന്തോഷ് ശിവന്, ശ്യാമപ്രസാദ്, ജയരാജ്, മഹേഷ് നാരായണന്, ലിജോ ജോസ് പെല്ലിശ്ശേരി, രതീഷ് അമ്പാട്ട് എന്നിവര്‍ക്കൊപ്പം എംടിയുടെ മകള്‍ അശ്വതിയും ചിത്രം ഒരുക്കുന്നുണ്ട്.