നവാഗതനായ ഡിനോ ഡെന്നിസിന്റെ സംവിധാനത്തിലൊരുങ്ങുന്ന മമ്മൂട്ടി ചിത്രം 'ബസൂക്ക'യുടെ ചിത്രീകരണം അവസാന ഘട്ടത്തിലേക്ക്. മമ്മൂട്ടിയുടെ ചിത്രീകരണം ഇന്ന് പുലർച്ചെ പൂർത്തിയായതായി ഫ്രൈഡേ മാറ്റിനി ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. അടുത്ത രണ്ടോ മൂന്നോ ആഴ്ച്ചയ്ക്കുള്ളിൽ ബസൂക്കയുടെ ചിത്രീകരണം പൂർത്തിയായേക്കുമെന്നാണ് റിപ്പോർട്ട്. ഗെയിം ത്രില്ലർ വിഭാഗത്തിലുള്ള ചിത്രമാണിത്.
ബസൂക്കയ്ക്ക് ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന 'അബ്രഹാം ഓസ്ലര്' എന്ന ചിത്രത്തിലാകും മമ്മൂട്ടി അഭിനയിക്കുക. ജയറാമിനെ നായകനാക്കി ഒരുക്കുന്ന ഒരു പൊലീസ് ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് അബ്രഹാം ഓസ്ലര്. ചിത്രത്തിൽ കാമിയോ വേഷത്തിലാണ് മമ്മൂട്ടിയെത്തുന്നത്. ഓസ്ലറിന്റെ ചിത്രീകരണം പൂർത്തിയാക്കിയതിന് ശേഷം രാഹുൽ സദാശിവന്റെ ഹൊറർ സിനിമയിൽ മമ്മൂട്ടി നായകനാകുമെന്നാണ് സൂചന.
'ഭൂതകാലം' സിനിമയിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് രാഹുൽ സദാശിവൻ. വൈ നോട്ട് സ്റ്റുഡിയോസ് ആദ്യമായി നിർമ്മിക്കുന്ന മലയാള സിനിമയാണിത്. ഓഗസ്റ്റ് 15-ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. സിനിമയുടെ പേര് പ്രഖ്യപിച്ചിട്ടില്ല. മമ്മൂട്ടി ലീഡ് റോളിലെത്തുന്ന ചിത്രത്തിൽ വളരെ കുറച്ച് കഥാപാത്രങ്ങൾ മാത്രമാകും ഉണ്ടാവുക. ഇതിന് ശേഷമാകും മമ്മൂട്ടി മറ്റ് പ്രൊജക്ടുകളുടെ ഭാഗമാവുക എന്നാണ് റിപ്പോർട്ട്.