ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവിതകഥ പറയുന്ന '800' എന്ന ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി. ഓസ്കർ ചിത്രം ‘സ്ലം ഡോഗ് മില്യനയ’റിലൂടെ പ്രശസ്തനായ മധുർ മിത്തലാണ് ചിത്രത്തിൽ മുരളീധരനായി വേഷമിടുന്നത്. വിവാദങ്ങളെ തുടർന്ന് വിജയ് സേതുപതിക്ക് ഉപേക്ഷിക്കേണ്ടി വന്ന കഥാപാത്രമാണിത്.
അനാഥനായി വളർന്ന ഒരു ബാലൻ ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത ക്രിക്കറ്റായി വളർന്ന കഥയാണ് മുത്തയ്യ മുരളീധരന്റേത്. ശ്രീലങ്ക, ചെന്നൈ, ഇംഗ്ലണ്ട്, കൊച്ചി, ഓസ്ട്രേലിയ എന്നിവിടങ്ങളാണ് 800ന്റെ പ്രധാന ലൊക്കേഷനുകൾ. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ റിലീസിനെത്തുന്ന ചിത്രം എം എസ് ശ്രീപതിയാണ് തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്നത്. നരേൻ, നാസർ, വേല രാമമുർത്തി, ഋത്വിക, ഹരി കൃഷ്ണൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന താരങ്ങളാണ്.
വിജയ് സേതുപതിയെ നായകനാക്കിയാണ് ആദ്യം സിനിമ പ്രഖ്യാപിച്ചത്. സേതുപതി മുരളീധരന്റെ ലുക്കിലെത്തുന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററും വൈറലായിരുന്നു. എന്നാൽ വിവാദങ്ങളെ തുടർന്ന് താരത്തിന് ചിത്രത്തിൽ നിന്ന് പിന്മാറേണ്ടി വരികയായിരുന്നു. ശ്രീലങ്കയിലെ തമിഴ് കൂട്ടക്കൊലയെ മുരളീധരൻ ന്യായീകരിച്ചുവെന്നും മഹിന്ദ രാജപക്സെക്ക് അനുകൂല നിലപാടെടുത്തുവെന്നും ആരോപിച്ചായിരുന്നു വിജയ് സേതുപതിക്കെതിരെ തമിഴ്നാട്ടിൽ പ്രതിഷേധം അരങ്ങേറിയത്. ഭാവിയെ ബാധിക്കുമെന്നതിനാൽ ചിത്രത്തിൽ നിന്നു പിന്മാറാൻ മുരളീധരൻ വിജയ് സേതുപതിയോട് അഭ്യർഥിച്ചതിനു പിന്നാലെയായിരുന്നു പിന്മാറ്റം.