മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടി 72-ന്റെ നിറവിലാണ്. ആരാധകരുടെ ആഘോഷങ്ങളും ആശംസകളും സോഷ്യൽ മീഡിയയിൽ നിറയുമ്പോൾ താരത്തിന് നേരിട്ട് ആശംസ അറിയിക്കാൻ അർദ്ധരാത്രിയിൽ എത്തിയത് നിരവധി പേരാണ്. മമ്മൂട്ടിയുടെ വസതിക്കു മുന്നിൽ പ്രിയ താരത്തിനെ ഒരു നോക്ക് കണ്ട് ജന്മദിനാശംസ അറിയിക്കാൻ എത്തിയ ഫാൻസിനെ മമ്മൂട്ടിയും നിരാശരാക്കിയില്ല.
ബാൽക്കണിയിലെത്തിയ മമ്മൂട്ടി ആരാധകരുടെ ആശംസ ഏറ്റുവാങ്ങി അഭിവാദ്യം ചെയ്യുകയും ചെയ്തു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. വിവിധ പ്രദേശങ്ങളിൽ നിന്നുമുള്ള മമ്മൂട്ടി ഫാൻസ് അംഗങ്ങൾ ഉൾപ്പടെയുള്ളവരാണ് തടിച്ച് കൂടിയത്. ഏറെ നേരത്തെ കാത്തിരിപ്പിനൊടുവിലാണ് താരമെത്തിയത്. ആരാധകരെ കാണാൻ മമ്മൂട്ടിയ്ക്കൊപ്പം ദുൽഖറുമെത്തി.
നിരവധി പേരാണ് താരത്തിന് ജന്മദിനാശംസകളറിയിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും താരത്തിന് ആശംസ അറിയിച്ചിട്ടുണ്ട്. പ്രായം ശരീരത്തെയും മനസിനെയും തളർത്താത്ത നടനാണ് മമ്മൂട്ടി. പ്രായത്തെ അഭിനയം കൊണ്ടും അർപ്പണ ബോധം കൊണ്ടും പടിക്കു പുറത്തു നിർത്തിയിരിക്കുകയാണ് അദ്ദേഹമെന്ന് പറയാം. കഴിഞ്ഞ ദിവസം താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രവും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. ടൂഷെ എന്ന കായിക ഇനത്തിന്റെ വേഷത്തിലുള്ള ലുക്കായിരുന്നു താരത്തിന്റേത്.