മമ്മൂട്ടി ചിത്രം 'കണ്ണൂർ സ്ക്വാഡ്' തിയേറ്ററുകളെ കീഴടക്കി മുന്നേറുമ്പോൾ 'യഥാർത്ഥ' കണ്ണൂർ സ്ക്വാഡിന് ഇത് അഭിമാന നിമിഷമാണ്. ജീവിതത്തിലെ ഒമ്പത് അംഗ സ്ക്വാഡിനെ നാലംഗ സ്ക്വാഡായാണ് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. സിനിമ തരംഗമാകുമ്പോൾ കണ്ണൂർ സ്ക്വാഡിനെയും അഭിനന്ദിക്കുകയാണ് സമൂഹമാധ്യമങ്ങളിൽ പ്രേക്ഷകർ.
പൊലീസ് കഥ എന്നുകേൾക്കുമ്പോൾ മനസിലേക്ക് വരുന്ന ഒരു ചിത്രമുണ്ട്. ആരെയും കൂസാത്ത വിജയിക്കുന്ന നായകൻ. ഈ പതിവുരീതിയിൽ നിന്ന് വഴിമാറിനടക്കുകയാണ് കണ്ണൂർ സ്ക്വാഡ്. ഒരുപറ്റം പൊലീസുകാരുടെ ഒത്തൊരുമയുടേയും കഠിനാധ്വാനത്തിന്റേയുമെല്ലാം കഥയാണ് കണ്ണൂർ സ്ക്വാഡ് പറഞ്ഞത്. കണ്ണൂർ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില് രൂപപീകരിച്ച സ്പെഷ്യൽ സ്ക്വാഡ് വൈദഗ്ധ്യത്തോടെ തെളിയിച്ച കേസാണ് കണ്ണൂര് സ്ക്വാഡ് സിനിമയുടെ ഇതിവൃത്തം.
റിട്ട. എസ് ഐ ബേബി ജോര്ജ്, എസ് ഐമാരായ റാഫി അഹമ്മദ് (ജില്ല നാര്ക്കോട്ടിക് സെല്), എ ജയരാജന്, രാജശേഖരന്, സുനില്കുമാര്, മനോജ് (നാലുപേരും ആന്റി നക്സല് സ്ക്വാഡ്), റജി സ്കറിയ (ഇരിട്ടി സ്റ്റേഷന്), വിനോദ് (പാനൂര് സ്റ്റേഷന്), വിരമിച്ച ജോസ് എന്നിവരാണ് സ്ക്വാഡിലെ ആ ഒമ്പതുപേര്. 2013ലെ റമദാൻ രാത്രിയില് തൃക്കരിപ്പൂരിലെ പ്രവാസി വ്യവസായി സലാം ഹാജി അതിക്രൂരമായി കൊല്ലപ്പെട്ട കേസ് കണ്ണൂർ സ്ക്വാഡ് തെളിയിച്ചതിനെ കേന്ദ്രീകരിച്ചുള്ളതാണ് സിനിമ.
ഭാര്യയും മക്കളും ചെറിയ കുട്ടികളും ഉള്പ്പടെയുള്ള കുടുംബത്തിന്റെ വായില് പ്ലാസ്റ്റര് ഒട്ടിച്ച് ആക്രമി സംഘം മുറിയിലിട്ട് പൂട്ടി. സലാംഹാജിയുടെ കഴുത്തില് കയറിട്ട് കത്തി കാണിച്ച് സ്വർണവും പണവും ആവശ്യപ്പെട്ടു. പണം ലഭിക്കില്ലെന്നായതോടെ സലാം ഹാജിയെ കഴുത്തുമുറുക്കി കൊലപ്പെടുത്തി വീട്ടിലുണ്ടായിരുന്ന ആഭരണങ്ങള് മുഴുവന് കൈക്കലാക്കി ആക്രമികള് രക്ഷപ്പെട്ടു. ഈ സംഭവമാണ് സിനിമയ്ക്കാധാരമായത്.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക