മമ്മൂട്ടി നായകനാകുന്ന 'ഭ്രമയുഗ'ത്തിലെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. മമ്മൂട്ടിയാണ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. മുഖം കാണിക്കാതെ അർദ്ധനഗ്നയായുള്ള ചിത്രത്തിലെ താരം അമാൽഡ ലിസ് ആണ്. 'കമ്മട്ടിപ്പാടം', 'ട്രാന്സ്', 'സി യു സൂണ്','സുലൈഖ മൻസിൽ' തുടങ്ങിയ ചിത്രങ്ങളിൽ അമാൽഡ വേഷമിട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം സിദ്ധാർഥ് ഭരതന്റെ പോസ്റ്ററും പുറത്തുവിട്ടിരുന്നു. കഥാപാത്രങ്ങളുടെ പേര് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഭ്രമയുഗത്തിന്റെ ആദ്യ പോസ്റ്റർ റിലീസ് ചെയ്തത് പുതുവത്സര ദിനത്തിലായിരുന്നു. 'ഭൂതകാല'ത്തിന് ശേഷം രാഹുൽ സദാശിവൻ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഹൊറർ ത്രില്ലർ ഴോണറിലാണ് ഒരുക്കുന്നത്. ചിത്രത്തിൽ പ്രതിനായക വേഷമാണ് മമ്മൂട്ടിക്ക്. ദുർമന്ത്രവാദിയായാണ് മമ്മൂട്ടി ചിത്രത്തിലെത്തുക എന്ന റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇത് ശരിയല്ല എന്നാണ് വിവരം.
അർജുൻ അശോകനാണ് ചിത്രത്തിൽ നായക വേഷം കൈകാര്യം ചെയ്യുന്നത്. അഞ്ച് ഭാഷകളിലാണ് സിനിമ റിലീസ് ചെയ്യുക. സിനിമയൊരുങ്ങുന്നത് മോണോക്രോമിലാണ് എന്നാണ് പോസ്റ്ററുകൾ നൽകുന്ന സൂചന.