മലായളത്തിൽ പ്രേക്ഷകരെ കൂടുതൽ ആകർഷിച്ച വെബ് സീരീസുകളിൽ ഒന്നാണ് 'പേരില്ലൂർ പ്രീമിയർ ലീഗ്'. ജനുവരി അഞ്ചിന് സംപ്രേക്ഷണം ആരംഭിച്ച സീരീസിൽ സണ്ണി വെയ്ൻ, നിഖില വിമൽ, അശോകൻ, വിജയരാഘവൻ, അജു വർഗീസ് തുടങ്ങിയവരാണ് അഭിനയിച്ചത്. സീരീസ് ശ്രദ്ധ നേടിയതിനൊപ്പം വൈറലായ കഥാപാത്രമാണ് അജു വർഗീസ് അവതരിപ്പിച്ച സൈക്കോ ബാലചന്ദ്രൻ. പേര് പോലെ തന്നെ പേരില്ലൂരിലെ 'പൊതു ശല്യമായ' സൈക്കോ ബാലചന്ദ്രനെ കുറിച്ച് തുറന്നു പറയുകയാണ് അജു. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
ആ വേഷത്തെ കുറിച്ച് പറഞ്ഞപ്പോൾ ആകെ എന്റെ കയ്യിലുണ്ടായിരുന്നത് എന്റെ മീശ മാത്രമാണ്. ചെവിയിലെ പൂവും നെറ്റിയിലെ കുറിയും ഒരു മറുകുമെല്ലാം നൽകി ആ കഥാപാത്രത്തെ പരുവപ്പെടുത്തിയെടുത്തത് ദീപുവും സംവിധായകൻ പ്രവീണും മേക്കപ്പ് മാൻ അമലും ചേർന്നാണ്. നേരിട്ട് വരാത്ത സീനുകളിൽ പോലും സൈക്കോ ബാലചന്ദ്രനെ കുറിച്ച് സംസാരിക്കുക എന്നതായിരുന്നു മറ്റൊരു പ്രത്യേകത.
മുൻപേ നടന്ന ലിജോ, വാലിബനും വാഴ്ത്തിപ്പാടുംസീരീസിൽ ഏറ്റവും ചിരി പടർത്തിയ സീനാണ് ബാലചന്ദ്രൻ ഗുണ്ട് വെച്ച് സിഗ്നൽ നൽകുന്ന സീൻ. രാവിലെ മുതൽ അഭിനയിച്ച് ഞാൻ ഒരു സൈക്കോ മൂഡിലാണെന്നു കാണിക്കാൻ അസ്വാഭാവിക ചിരിയൊക്കെ പാസാക്കി. ഗുണ്ട് കയ്യിലെടുത്തുള്ള എന്റെ ആക്ഷനൊക്കെ കണ്ടപ്പോൾ സെറ്റിലുള്ള ചിലരെങ്കിലും ഒരടി പിന്നിലേക്ക് മാറി നിന്നു. ഇവനിനി സൈക്കോയായി ഗുണ്ട് ആൾക്കാരുള്ളിടത്തേക്ക് ഇടുമോ എന്ന് കരുതിക്കാണണം.
മൂന്ന് ടേക്കെടുത്തു ഗുണ്ട് കൃത്യമായി ജനൽ വഴി മുറിയിൽ വീഴാൻ. മൂന്നാം ടേക്കിൽ കൃത്യമായി ഗുണ്ട് വീട്ടിലെത്തി. പിന്നീട് സ്ഫോടനം. ഏറ് വീണപ്പോൾ ചിലർ ചെവി പൊത്തി. എന്നാൽ ഒരനക്കവും ഉണ്ടായില്ല. സംവിധായകൻ ഓകെയും കട്ടും പറഞ്ഞു. എല്ലാവരും എന്നെ നോക്കി. ഗുണ്ടിന്റെ തിരി മാത്രമായിരുന്നു ഒറിജിനൽ. ലൈറ്റുകൾ ഉപയോഗിച്ച് നടത്തിയ ഗിമ്മിക്കായിരുന്നു സ്ഫോടനം പോലെ തോന്നിപ്പിച്ചത്. ചിത്രീകരണത്തിനുപയോഗിച്ച ഗുണ്ടിൽ ആകെയുണ്ടായിരുന്നത് ചകിരി മാത്രമായിരുന്നു, അജു വർഗീസ് പറഞ്ഞു.
ഇ ഫോർ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മെഹ്തയും സി വി സാരഥിയും ചേർന്നു നിർമിച്ച സീരീസ് പ്രവീൺ ചന്ദ്രനാണ് സംവിധാനം ചെയ്തിരിക്കുന്നത്. സീരീസിന്റെ രചന നിർവഹിച്ചിരിക്കുന്നത് ദീപു പ്രദീപാണ്. ഭവൻ ശ്രീകുമാർ എഡിറ്റിംഗും അനൂപ് വി ശൈലജയും അമീലും ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. മുജീബ് മജീദ് ആണ് സംഗീത സംവിധാനം. പേര് സൂചിപ്പിക്കും പോലെ പേരില്ലൂർ എന്ന ഗ്രാമത്തിന്റെയും അവിടെയുള്ള വ്യത്യസ്തരായ ഒരു പറ്റം മനുഷ്യരുടെയും കഥയാണ് ഈ വെബ് സീരീസ് പറയുന്നത്.