ബോളിവുഡ് നടിയും മോഡലുമായ ഉർവശി റൗട്ടേലയ്ക്ക് വെറൈറ്റി സർപ്രൈസുമായി റാപ്പറും സംഗീതജ്ഞനുമായ യോ യോ ഹണി സിങ്. താരത്തിന്റെ 30-ാം ജന്മദിനത്തിന് സ്വർണ കേക്കാണ് ഹണി സിങ് സമ്മാനമായി നൽകിയത്. 24 കാരറ്റ് സ്വർണത്തിൽ തീർത്ത കേക്കിന്റെ വില ഏകദേശം മൂന്ന് കോടി രൂപ വരും.
ഹണി സിങ്ങിന്റെ പുതിയ സംഗീത ആൽബമായ 'ലവ് ഡോസ് 2'ന്റെ ചിത്രീകരണ സെറ്റിൽ വച്ചായിരുന്നു ഉർവശിയെ ഞട്ടിച്ചുകൊണ്ടുള്ള ഹണി സിങ്ങിന്റെ സർപ്രൈസ്. ശുദ്ധമായ 24 കാരറ്റ് സ്വർണമാണ് കേക്കിൽ ഉപയോഗിച്ചിരിക്കുന്നത്. ലോകത്തെ ഏറ്റവും വിലയേറിയ കേക്ക് എന്നാണ് അവകാശവാദം. പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ ഉർവശി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.
പോസ്റ്റിൽ ഹണി സിങ്ങിന് താരം നന്ദിയും അറിയിച്ചിട്ടുണ്ട്. തന്റെ കണ്ണിൽ ലോകത്തെ ഏറ്റവും മനോഹരിയായ പെൺകുട്ടി ഉർവശിയാണെന്നും അതുകൊണ്ടു കൂടിയാണ് ലവ് ഡോസിന് താരത്തെ തിരഞ്ഞെടുത്തതെന്നും ഹണി സിങ് ഒരിക്കൽ പറഞ്ഞിരുന്നു. ബോളിവുഡിൽ ഉൾപ്പെടെ നടിയുടെ നിരവധി ബിഗ് ബജറ്റ് പ്രോജക്ടുകളാണ് വരാനിരിക്കുന്നത്.