
ലോകമെമ്പാടും മമ്മൂട്ടിയുടെ 'ഭ്രമയുഗ'ത്തിലെ പകർന്നാട്ടം കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ്. ആ അത്ഭുതം മലയാളത്തിന് പുറമെ മറ്റു തെന്നിന്ത്യൻ ബോക്സോഫീസിലും പ്രകടവുമാണ്. സിനിമ ഇതിനകം തമിഴ്നാട്ടിലെ ഓൾ ടൈം മലയാളം ഗ്രോസേഴ്സിൽ (മലയാളം വേർഷൻ) അഞ്ചാം സ്ഥാനം നേടി കഴിഞ്ഞു. 1.60 കോടിയാണ് സിനിമ തമിഴ്നാട്ടിൽ നിന്ന് ഇതുവരെ നേടിയിരിക്കുന്നത്.
ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത 2018 എന്ന ചിത്രമാണ് നിലവിൽ തമിഴ്നാട്ടിൽ നിന്ന് ഏറ്റവും കളക്ഷൻ നേടിയ മലയാളം സിനിമ. 2.25 കോടിയാണ് സിനിമ തമിഴ്നാട്ടിൽ നിന്ന് നേടിയത്. 2.13 കോടിയുടെ ഹൃദയം, 2.12 കോടിയുടെ ലൂസിഫർ, രണ്ടു കോടിയുടെ പ്രേമം എന്നീ സിനിമകളാണ് ആദ്യ നാല് സ്ഥാനങ്ങളിലുള്ളത്. 1.32 കോടിയുടെ മമ്മൂട്ടി ചിത്രം കണ്ണൂർ സ്ക്വാഡ് ആറാം സ്ഥാനത്തുമുണ്ട്. ഭ്രമയുഗം ഇപ്പോഴും മികച്ച പ്രതികരണത്തോടെ മുന്നേറുന്നതിനാൽ വരും ദിവസങ്ങളിൽ അടുത്ത സ്ഥാനങ്ങളിലേക്ക് കടക്കുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം.
'എന്റെ പൊന്ന് ഇക്ക, എന്താ ഉദ്ദേശം'; വീണ്ടും മമ്മൂട്ടിയുടെ പുത്തൻ സ്റ്റിൽസ് ഏറ്റെടുത്ത് ആരാധകർഅതേസമയം ഭ്രമയുഗം ആഗോളതലത്തിൽ 50 കോടി ക്ലബ്ബില് ഇടം പിടിച്ചു. ബ്ലാക്ക് ആൻഡ് വൈറ്റിൽ കഥ പറയുന്ന സിനിമയ്ക്ക് ലഭിക്കുന്ന സ്വീകാര്യത കളക്ഷനിലും പ്രകടമാണ്. 'ഭൂതകാല'ത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഹൊറർ ചിത്രത്തിൽ പ്രതിനായക വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. അർജുൻ അശോകനാണ് ചിത്രത്തിൽ നായക വേഷം കൈകാര്യം ചെയ്യുന്നത്. സിദ്ധാർത്ഥ് ഭരതൻ, അമൽഡ ലിസ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.