'അയാളെ കൊന്നിട്ട് രക്ഷപ്പെടാം എന്ന് ചിന്തിച്ചിട്ടുണ്ട്'; പൃഥ്വിയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി നജീബ്

ആ സ്ഥലങ്ങൾ വീണ്ടും കാണാൻ അവസരം കിട്ടിയാൽ പോകുമോ എന്ന് പൃഥ്വി ചോദിക്കുമ്പോൾ ഇല്ല എന്നാണ് നജീബിന്റെ മറുപടി
'അയാളെ കൊന്നിട്ട് രക്ഷപ്പെടാം എന്ന് ചിന്തിച്ചിട്ടുണ്ട്'; പൃഥ്വിയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി നജീബ്
Updated on

മലയാള സിനിമയ്ക്ക് എന്നും അഭിമാനിക്കാൻ കഴിയുന്ന വിജയമാണ് പൃഥ്വിരാജ്-ബ്ലെസി കൂട്ടുകെട്ടിന്റെ ആടുജീവിതം നേടുന്നത്. സിനിമയുടെ റിലീസിന് പിന്നാലെ യഥാർത്ഥ നജീബും അദ്ദേഹത്തിന്റെ അതിജീവനവും ഏറെ ചർച്ചയായിരുന്നു. ഇപ്പോഴിതാ നജീബിനെ പൃഥ്വിരാജ് അഭിമുഖം ചെയ്യുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.

'റീൽ ആൻഡ് റിയൽ ജേർണി' എന്ന പേരിൽ പുറത്തുവിട്ട വീഡിയോയിൽ പൃഥ്വി നജീബിനോട് അദ്ദേഹത്തിന്റെ അതിജീവനത്തെക്കുറിച്ച് ചോദിക്കുകയും ഒപ്പം അഭിനയിക്കുന്ന സമയത്തെ തന്റെ അനുഭവങ്ങൾ പങ്കുവെക്കുകയുമാണ് ചെയ്യുന്നത്. ആ സ്ഥലങ്ങൾ വീണ്ടും കാണാൻ അവസരം കിട്ടിയാൽ പോകുമോ എന്ന് പൃഥ്വി ചോദിക്കുമ്പോൾ ഇല്ല എന്നാണ് നജീബിന്റെ മറുപടി.

ഒരിക്കലും അവിടെ നിന്നും രക്ഷപ്പെടില്ല എന്ന ചിന്തയായിരുന്നു മനസ്സിൽ എന്ന് നജീബ് പറഞ്ഞു. നജീബ് അനുഭവിച്ചതിന്റെ ഒരു ശതമാനം പോലും തങ്ങൾക്ക് സ്‌ക്രീനിൽ കൊണ്ടുവരാൻ കഴിഞ്ഞില്ലെന്നും പൃഥ്വി പറയുന്നുണ്ട്. നജീബ് എന്ന വ്യക്തിയെ ഇത്തരം അനുഭവങ്ങളുണ്ടായിട്ടുള്ള വ്യക്തികളുടെ പ്രതിനിധിയായി തിരഞ്ഞെടുത്തതാണ് എന്നും പൃഥ്വിരാജ് പറയുന്നുണ്ട്.

രക്ഷപ്പെടാൻ ശ്രമിക്കണം എന്ന ചിന്തയുണ്ടായിട്ടുണ്ടോ എന്ന് പൃഥ്വിരാജ് ചോദിക്കുമ്പോൾ അയാളെ കൊന്നിട്ട് രക്ഷപ്പെടാം എന്ന് ചിന്തിച്ചിട്ടുണ്ട് എന്നും കുടുംബത്തെക്കുറിച്ചുള്ള ചിന്തകളാണ് അതിൽ നിന്ന് തടഞ്ഞത് എന്നും നജീബ് ഉത്തരം നൽകി. നോവൽ പുറത്തിറങ്ങിയ ശേഷമാണ് തന്റെ അനുഭവങ്ങൾ പൂർണ്ണമായി കുടുംബം അറിഞ്ഞതെന്നും നജീബ് പറഞ്ഞു. തന്റെ മനസ്സിലെ നജീബിനെയാണ് സ്‌ക്രീനിൽ അവതരിപ്പിച്ചതെന്നും ആ കഥാപാത്രവും യഥാർത്ഥ നജീബും തമ്മിൽ വലിയ അന്തരവുണ്ട്, എന്നാൽ ആ കഥാപത്രത്തിന്റെയും യഥാർത്ഥ നജീബിന്റേയും ചിന്തകൾ സമാനമാണ് എന്ന് പൃഥ്വിരാജ് പറയുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.

'അയാളെ കൊന്നിട്ട് രക്ഷപ്പെടാം എന്ന് ചിന്തിച്ചിട്ടുണ്ട്'; പൃഥ്വിയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി നജീബ്
'ആടുജീവിതം കാണണമെന്നത് സഹോദരന്റെ വലിയ ആഗ്രഹം, എന്നാൽ 2021ൽ മരിച്ചു'; കുറിപ്പ്, മറുപടിയുമായി പൃഥ്വി

അതേസമയം ആടുജീവിതം സിനിമ 50 കോടിയിലധികം കളക്ഷനുമായി മുന്നേറുകയാണ്. 82 കോടി രൂപ ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കൊവിഡ‍് അടക്കമുള്ള കാരണങ്ങളാല്‍ ചിത്രീകരണം നീണ്ടുപോയതാണ് ബജറ്റ് ഉയരാന്‍ കാരണമായത്. എന്നിരുന്നാലും അടുത്ത ദിവസങ്ങളിൽ തന്നെ ആടുജീവിതം ലാഭത്തുകയിലേക്കെത്തുമെന്നതിൽ സംശയമില്ല.

Related Stories

No stories found.
logo
Reporter Live
www.reporterlive.com