ആസിഫ് അലിയെ അപമാനിച്ചെന്ന ആക്ഷേപത്തിൽ പ്രതികരിച്ച് രമേശ് നാരായൺ. ഒരു കലാക്കാരനെന്ന നിലയിൽ സാഹചര്യം മനസ്സിലാക്കി പെരുമാറിയ അസിഫിനോട് നന്ദിയുണ്ടെന്നും ആ സാഹചര്യത്തിൽ അങ്ങുനെ പെരുമാറി പോയതാണെന്നും രമേശ് നാരായൺ പറഞ്ഞു.
ആസിഫുമായി ബന്ധപ്പെട്ടു, സംഭവത്തെെക്കുറിച്ച് സംസാരിച്ചു. അദ്ദേഹത്തിന് അത് മനസിലായി. ഇതേ കുറിച്ച് ഒരു സംഘടനകളും എന്നോട് സംസാരിച്ചിട്ടില്ല. പോസ്റ്റുകൾ മാത്രമേ ഞാൻ കണ്ടിട്ടുള്ളു. ഇത് ഒരിക്കലും വർഗീയതായി മാറാൻ പാടില്ല എന്ന് ഞാൻ ആഗ്രഹിക്കുന്നു. ആസിഫിന്റെ ആരാധകർക്ക് വിഷമം ഉണ്ടായിട്ടുണ്ടാകാം. അതുകൊണ്ടാണ് എനിക്കെതിരെ പോസ്റ്റുകൾ വ്യാപകമായത്. എല്ലാവരും മനുഷ്യരാണ്.
അതേസമയം വിഷയത്തിൽ തനിക്ക് ജനങ്ങൾ തരുന്ന പിന്തുണ മറ്റൊരാളോടുള്ള വെറുപ്പായി മാറരുതെന്ന് ആസിഫ് അലി പറഞ്ഞു. തിരുവനന്തപുരം സെന്റ് ആൽബർട്ട്സ് കോളേജിൽ പുതിയ സിനിമയുടെ പ്രചരണാർത്ഥം എത്തിയ സമയത്താണ് താരം പ്രതികരിച്ചത്. തന്റെ മേലുള്ള സ്നേഹം മറ്റൊരാളുടെ മേലുളള വെറുപ്പായി മാറരുതെന്നും അത് തന്റെ അപേക്ഷയാണെന്നുമായിരുന്നു ആസിഫ് അലിയുടെ പ്രതികരണം. രമേശ് നാരായൺ അനുഭവിക്കുന്ന വിഷമം തനിക്ക് മനസിലാകും. സിനിമയുമായി ഒരു ബന്ധവുമില്ലാത്ത പശ്ചാത്തലത്തിൽ നിന്നും വന്ന്, നിങ്ങളുടെയെല്ലാം സ്നേഹം അനുഭവിക്കാൻ പറ്റുന്നതാണ് തന്റെ ഏറ്റവും വലിയ സന്തോഷമെന്നും ആസിഫ് അലി മാധ്യമങ്ങളോട് പറഞ്ഞു.