റെക്കോർഡുകൾ പലതും ഭേദിച്ച് 25-ാം ദിവസവും തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന 'കൽക്കി 2898 എഡി'യുടെ ഹിന്ദി പതിപ്പിന്റെ കളക്ഷന് മുന്നിൽ ഇനിയുള്ളത് തെലുങ്ക് ചിത്രങ്ങൾ മാത്രമാണ്. ഹിന്ദി ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ടുൾ പുറത്ത് വരുമ്പോൾ എസ് എസ് രാജമൗലിയുടെ സംവിധാനത്തിലൊരുങ്ങിയ 'ബാഹുബലി: ദി ബിഗിനിങ്ങും' പ്രശാന്ത് നീലിന്റെ 'കെജിഎഫ് 2'-ഉം മാത്രമാണത്. 24 ദിവസം കൊണ്ട് 271 കോടി ആണ് കല്‍ക്കിയുടെ ഹിന്ദി പതിപ്പ് നേടിയത്.
ഞായറാഴ്ച്ചത്തെ റിപ്പോർട്ട് പുറത്തുവരുമ്പോൾ കൽക്കി ആര്‍ആര്‍ആറിന്റെ കളക്ഷനെ മറികടക്കുകയാണ്. 272.80 കോടി ആണ് ആര്‍ആര്‍ആറിന്‍റെ ഹിന്ദി പതിപ്പിന്‍റെ നേട്ടം. എന്നാൽ കൽക്കിയ്ക്ക് ബാഹുബലിയെ ഇതുവരെ തൊടാൻ സാധിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. 511 കോടിയാണ് ബാഹുബലി 2 ന്‍റെ ഹിന്ദി പതിപ്പിന്റെ കളക്ഷൻ. കെജിഎഫ് 2, 435 കോടിയും.
അതിനിടെ ചിത്രത്തിനെതിരെ മുൻ കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണൻ വക്കീൽ നോട്ടീസ് അയച്ച സംഭവം സിനിമ ലോകത്ത് ചർച്ചയായിരുന്നു. ചിത്രം മതഗ്രന്ഥങ്ങളെ വളച്ചൊടിച്ചെന്നും ഹിന്ദു ദൈവങ്ങളെ അനാദരിച്ചുവെന്നും ആരോപിച്ചാണ് ആചാര്യ പ്രമോദ് കൃഷ്ണന്റെ വക്കീൽ നോട്ടീസ് അയച്ചത്. ആചാര്യ കൃഷ്ണനുവേണ്ടി സുപ്രീം കോടതി അഭിഭാഷകൻ ഉജ്ജ്വൽ ആനന്ദ് ശർമ്മയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.