Jan 22, 2025
08:27 AM
കോച്ചി: നടി അമല പോളിന്റെ വസ്ത്രധാരണത്തിനെതിരെ കാസയുടെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് നടി. ആസിഫ് അലി, അമല പോൾ, ഷറഫുദ്ദീൻ എന്നിവർ പ്രധാന താരങ്ങളാകുന്ന ലെവൽ ക്രോസ് എന്ന സിനിമയുടെ റിലീസിന്റെ ഭാഗമായി കൊച്ചിയിൽ വെച്ചുനടന്ന പ്രസ്മീറ്റിലാണ് താരത്തിന്റെ പ്രതികരണം.
ഞാൻ ധരിച്ച വസ്ത്രത്തിൽ എന്തെങ്കിലും പ്രശ്നം ഉണ്ടെന്നോ അത് അനുചിതമാണെന്നോ ഞാൻ കരുതുന്നില്ല. ചിലപ്പോൾ അത് ക്യാമറയിൽ കാണിച്ച വിധം അനുചിതമായതായിരിക്കാം. കാരണം, അവിടെ ഉണ്ടായിരുന്ന വിദ്യാർത്ഥികൾക്ക് ഞാൻ ധരിച്ചത് മോശമായ വസ്ത്രമാണെന്ന് തോന്നിയിട്ടില്ല. പക്ഷെ അത് എങ്ങനെയാണ് പുറത്ത് പ്രദർശിക്കപ്പെട്ടത് എന്റെ നിയന്ത്രണത്തിലുള്ള കാര്യമല്ല. അതിൽ എനിക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല, അമല പറഞ്ഞു.
ഞാൻ ധരിച്ചു വന്ന വസ്ത്രം എങ്ങനെ ഷൂട്ട് ചെയ്യണമെന്നോ എങ്ങനെ കാട്ടണമെന്നതോ എന്റെ കൈകളിലുള്ള കാര്യമല്ല. ചിലപ്പോൾ എടുത്ത രീതിയായിരിക്കാം അനുചിതമായത്. അല്ലാതെ, ഞാൻ ധരിച്ച വസത്രത്തിന് എന്തെങ്കിലും കുഴപ്പമുള്ളതായി എനിക്ക് തോന്നുന്നില്ല. അതുതന്നെയാണ് എനിക്ക് വിദ്യർത്ഥികളോടും പറയാനുള്ളത്. നിങ്ങൾ നിങ്ങളായിരിക്കാൻ ശ്രദ്ധിക്കുക, എനിക്ക് ഇഷ്ടമുള്ളതാണ് ഞാൻ ധരിച്ചത്, അമല പോൾ കൂട്ടിച്ചേർത്തു.