ചുരുക്കം സിനിമകൾ കൊണ്ട് തന്നെ തെന്നിന്ത്യയിൽ വ്യക്തമായ സ്ഥാനവും ഫാൻ ബേസുമുണ്ടാക്കിയ സംവിധായകനാണ് ലോകേഷ് കനകരാജ്. സംവിധായകന്റെ അടുത്ത ലൈനപ്പുകളെക്കുറിച്ചുള്ള ചർച്ചകളും സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. ഇപ്പോഴിതാ ലോകേഷ് ആമിർ ഖാനൊപ്പം സിനിമ ചെയ്യാനൊരുങ്ങുന്നു എന്ന റിപ്പോർട്ടുകളാണ് വരുന്നത്.
ആമിർ ഖാനും ലോകേഷ് കനകരാജും ഒരു പാൻ ഇന്ത്യൻ സിനിമയ്ക്കായി ഒന്നിക്കുന്നതായി പ്രമുഖ തെലുങ്ക് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. തെന്നിന്ത്യയിലെ പ്രമുഖ നിർമ്മാതാക്കളായ മൈത്രി മൂവിസാണ് ചിത്രം നിർമ്മിക്കുന്നത് എന്നാണ് സൂചന.
അതേസമയം രജനികാന്ത് നായകനാകുന്ന 'കൂലി'യാണ് ലോകേഷിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം. ഒരു പിരിയഡ് ഗ്യാങ്സ്റ്റർ ആക്ഷൻ ത്രില്ലർ ചിത്രമാണിത്. ഇന്ത്യയിലേക്ക് സിംഗപ്പൂര്, ദുബായ്, യുഎസ്എ തുടങ്ങിയ രാജ്യങ്ങളില് നിന്നുള്ള സ്വര്ണക്കള്ളക്കടത്ത് ആണ് ചിത്രത്തിന്റെ പ്രമേയമാകുക എന്നാണ് റിപ്പോര്ട്ട്. സണ് പിക്ചേഴ്സിന്റെ ബാനറില് കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം.