മോഹൻലാലിനൊപ്പം ഒരു കോമഡി ചിത്രം ചെയ്യാനുള്ള സാധ്യതകളെക്കുറിച്ച് തുറന്ന് പറഞ്ഞു സംവിധായകൻ ജീത്തു ജോസഫും തിരക്കഥാകൃത്ത് കൃഷ്ണകുമാറും. മോഹൻലാലുമായി ഒരു കോമഡി സിനിമ ചെയ്യാൻ സാധ്യതയുണ്ടായാൽ എപ്പോൾ ചെയ്തെന്ന് ചോദിച്ചാൽ മതി അതിലൊരു സംശയവും വേണ്ട, എന്നാൽ അതിന് സാധ്യതയുള്ള ഒരു കഥ ആദ്യം വരണമെന്ന് ജീത്തു ജോസഫ് പറഞ്ഞു. ലാലേട്ടനോടൊപ്പം ഏത് സിനിമയും ചെയ്യാൻ ആഗ്രഹമുണ്ട്. അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്യുമ്പോൾ അത് നല്ലൊരു സിനിമ ആയിരിക്കണം എന്ന നിർബന്ധമുണ്ടെന്നും തിരക്കഥാകൃത്ത് കൃഷ്ണകുമാർ റിപ്പോർട്ടറിനോട് പറഞ്ഞു.
മോഹൻലാൽ ജീത്തു ജോസഫ് സിനിമയെന്ന് പറയുമ്പോൾ തന്നെയൊരു പ്രതീക്ഷ പ്രേക്ഷകർക്കിടയിൽ ഉണ്ടാകും. അത് ഹ്യൂമർ കൂടെ ആകുമ്പോൾ അത്രയും റേഞ്ചിലുള്ള സിനിമ ചെയ്താലാണ് പ്രേക്ഷകർ സ്വീകരിക്കുക. തനിക്ക് തോന്നുന്നത് അതിനേക്കാളും സേഫ് ത്രില്ലർ ആണെന്നും കൃഷ്ണകുമാർ പറഞ്ഞു. ജീത്തു ജോസഫ് കൃഷ്ണകുമാർ കോംബോയിൽ പുറത്തിറങ്ങിയ 'നുണക്കുഴി'ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.
റിലീസ് ചെയ്ത് നാലു ദിവസം കൊണ്ട് ആഗോളതലത്തിൽ 12 കോടി രൂപയാണ് 'നുണക്കുഴി' സ്വന്തമാക്കിയത്. ആഗസ്റ്റ് 15ന് പുറത്തിറങ്ങിയ ചിത്രം മൂന്ന് ദിവസം കൊണ്ട് 3.51 കോടിയാണ് കേരളത്തിൽ നിന്ന് നേടിയതെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആദ്യ ദിനം 1.65 കോടിയാണ് നുണക്കുഴി കേരളത്തിൽ നിന്ന് നേടിയത്. ബേസിൽ ജോസഫ്, ഗ്രേസ് ആൻ്റണി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രത്തിൽ സിദ്ദിഖ്, ബൈജു, മനോജ് കെ ജയൻ, അജു വർഗീസ്, സൈജു കുറുപ്പ്, അൽത്താഫ് സലിം, ലെന, സ്വാസിക, ബിനു പപ്പു, അസീസ് നെടുമങ്ങാട്, സെൽവരാജ്, ശ്യാം മോഹൻ, ദിനേശ് പ്രഭാകർ, കലാഭവൻ യുസഫ്, രാജേഷ് പറവൂർ, റിയാസ് നർമ്മകല, അരുൺ പുനലൂർ, ശ്യാം തൃക്കുന്നപുഴ, സന്തോഷ് ലക്ഷ്മണൻ, കലാഭവൻ ജിന്റോ, സുന്ദർ നായക് തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തിയത്.