ടൊവിനോ തോമസ് നായകനാകുന്ന ചിത്രം അജയന്റെ രണ്ടാം മോഷണത്തിന്റെ (എആർഎം) ട്രെയിലർ റിലീസ് ചെയ്തു. തിങ്ക് മ്യൂസിക്കിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയിലർ റിലീസ് ചെയ്തത്. ദൃശ്യമികവ് കൊണ്ടും മിന്നുന്ന പ്രകടനങ്ങൾ കൊണ്ടും പ്രേക്ഷകർക്ക് ഒരു ഗംഭീര വിരുന്നായിരിക്കും സിനിമ എന്ന് ഉറപ്പ് നൽകുന്നതാണ് ട്രെയിലർ. സെപ്റ്റംബറിൽ ഓണം റിലീസായാണ് ചിത്രമെത്തുന്നത്.
പൂർണമായും 3ഡിയിൽ ഒരുങ്ങുന്ന ചിത്രം മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ പൂർത്തിയാക്കുന്ന സിനിമകളിൽ ഒന്നാണ്. നേരത്തെ പുറത്ത് വന്ന ചിത്രത്തിന്റെ ടീസർ ഏറെ ശ്രദ്ധ നേടിയിരുന്നു. കുഞ്ഞിക്കേളു, മണിയൻ, അജയൻ എന്നിങ്ങനെ ട്രിപ്പിൾ റോളിൽ ആണ് ടൊവിനോ തോമസ് ചിത്രത്തിലെത്തുന്നത്.
കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് നായികാ വേഷത്തിൽ എത്തുന്നത്. കൃതി ഷെട്ടിയുടെ ആദ്യ മലയാളം സിനിമ കൂടിയാണ് എആർഎം. മൂന്നു കാലഘട്ടങ്ങളിലൂടെ സഞ്ചരിച്ചാണ് എആർഎം കഥ പറയുന്നത്. അഞ്ച് ഭാഷകളിലായി പാൻ-ഇന്ത്യൻ റീച്ചോടെയാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. മാജിക് ഫ്രെയിംസ്, യു ജി എം മോഷൻ പിക്ചേർസ് എന്നീ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, ഡോ. സക്കറിയ തോമസ് എന്നിവർ ചേർന്നാണ് നിർമ്മാണം.