ശ്രദ്ധ കപൂർ പ്രധാന വേഷത്തിലെത്തിയ പുതിയ ചിത്രമാണ് സ്ത്രീ 2. ഓഗസ്റ്റ് 15 ന് റിലീസ് ചെയ്ത സിനിമ 500 കോടിയിലധികം രൂപ നേടി ജൈത്രയാത്ര തുടരുകയാണ്. ഈ വർഷം പുറത്തിങ്ങിയ ബോളിവുഡ് സിനിമകളുടെ കളക്ഷനെല്ലാം മറികടന്ന് സ്ത്രീ മുന്നേറുമ്പോൾ അതിൽ മലയാളികൾക്കും അഭിമാനിക്കാം, കാരണം സിനിമയിൽ ഒരു മലയാളി സാന്നിധ്യമുണ്ട്. സ്ത്രീ 2ന് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് മലയാളിയായ ജസ്റ്റിൻ വർഗീസാണ്.
സിനിമയിലെ ജസ്റ്റിന്റെ പശ്ചാത്തല സംഗീതത്തിന് മികച്ച അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. സ്ത്രീ 2 ന് പുറമെ മഡ്ഡോക്ക് ഫിലിംസിന്റെ സൂപ്പര്നാച്ചുറല് യൂണിവേഴ്സിലെ മറ്റൊരു ചിത്രത്തിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഈ വർഷം തന്നെ പുറത്തിറങ്ങിയ മുഞ്ജ്യയുടെ പശ്ചാത്തല സംഗീതവും ജസ്റ്റിൻ തന്നെയാണ് നിർവഹിച്ചത്. അദ്ദേഹത്തിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു മുഞ്ജ്യ.
2017 ൽ പുറത്തിറങ്ങിയ നിവിൻ പോളി നായകനായ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമയുടെ സംഗീത സംവിധായകനായാണ് ജസ്റ്റിൻ വർഗീസ് അരങ്ങേറ്റം കുറിച്ചത്. തണ്ണീർമത്തൻ ദിനങ്ങൾ, ജോജി, അജഗജാന്തരം തുടങ്ങിയ സിനിമകളിലെ അദ്ദേഹത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഏറെ ശ്രദ്ധ നേടിയിരുന്നു. കൂടാതെ ചാവേറിലൂടെ മികച്ച സംഗീത സംവിധായകനും ജോജിയിലൂടെ പശ്ചാത്തല സംഗീതത്തിനുമുള്ള സംസ്ഥാന പുരസ്കാരവും ജസ്റ്റിൻ നേടിയിട്ടുണ്ട്.
പോരാട്ടം തുടർന്ന് ചിയാനും സംഘവും, 100 കോടിയിലേക്ക് തങ്കലാൻ; കളക്ഷൻ റിപ്പോർട്ട്അതേസമയം സ്ത്രീ 2 ആഗോളതലത്തില് 560 കോടി രൂപയാണ് ഇതുവരെ നേടിയിരിക്കുന്നത്. 11 ദിവസങ്ങള് കൊണ്ടാണ് സിനിമയുടെ ഈ നേട്ടം. അമർ കൗശിക് സംവിധാനം ചെയ്ത മഡോക്ക് ഫിലിംസിന്റെ ഹൊറർ യൂണിവേഴ്സിലെ നാലാമത്തെ ചിത്രമാണ്. രാജ്കുമാർ റാവുവിനും, ശ്രദ്ധ കപൂറിനും പുറമെ അപർശക്തി ഖുറാന, പങ്കജ് ത്രിപാട്ടി, അഭിഷേക് ബാനർജി എന്നിവരാണ് സ്ത്രീ 2 വിലെ മറ്റു പ്രധാന അഭിനേതാക്കൾ.
2018ൽ എത്തിയ ഹൊറർ ചിത്രം സ്ത്രീയുടെ തുടർച്ച കൂടിയാണ് ചിത്രം. സിനിമയിലെ അക്ഷയ് കുമാറിൻ്റെ സ്പെഷ്യൽ അപ്പിയറൻസിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നടൻ വരുൺ ധവാനും അതിഥി വേഷത്തിൽ എത്തുന്നുണ്ട്.