നടൻ ഫഹദ് ഫാസിൽ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നതായി റിപ്പോർട്ട്. പ്രശസ്ത സംവിധായകൻ ഇംതിയാസ് അലിയുടെ അടുത്ത ചിത്രത്തിലൂടെയായിരിക്കും ഫഹദ് ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുക. സംവിധായകന്റെ മുൻ സിനിമകൾ പോലെ ഈ ചിത്രവും ഒരു പ്രണയകഥയായിരിക്കും പറയുക എന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ ഏതാനും മാസങ്ങളായി ഫഹദും ഇംതിയാസും നിരവധി തവണ ചർച്ചകൾ നടത്തിയതായാണ് റിപ്പോർട്ട്. ഇംതിയാസിനൊപ്പം സഹകരിക്കുന്നതിൽ നടൻ ഏറെ ആവേശത്തിലാണെന്നാണ് വിവരം. സിനിമയിലെ നായിക കഥാപാത്രം ഉൾപ്പടെയുള്ള വേഷങ്ങൾക്കായുള്ള കാസ്റ്റിംഗ് പുരോഗമിക്കുകയാണ്. അടുത്ത വർഷം ആദ്യ മാസങ്ങളിൽ തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന. ഇംതിയാസ് അലിയുടെ പത്താമത്തെ ചിത്രമായിരിക്കുമിത്.
മലയാളത്തിൽ ബോഗയ്ൻവില്ല, തമിഴിൽ വേട്ടയ്യൻ തുടങ്ങി നിരവധി സിനിമകൾ ഫഹദിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.
ഭീഷ്മപർവ്വത്തിന് ശേഷം അമൽ നീരദിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ബോഗയ്ൻവില്ല. സിനിമയിൽ കാമിയോ വേഷത്തിലാകും നടനെത്തുക എന്നാണ് വിവരം. സിനിമ ഒക്ടോബറിൽ റിലീസ് ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്.
ധ്യാൻ ഈസ് DETECTIVE ഉജ്ജ്വലൻ; ലോക്കൽ ഡിറ്റക്റ്റീവുമായി വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സ്വേട്ടയ്യനിൽ കോമഡി സ്വഭാവമുള്ള കഥാപാത്രത്തെയാകും ഫഹദ് അവതരിപ്പിക്കുക എന്നാണ് സൂചന. രജനികാന്തിനെ നായകനാക്കി ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന സിനിമയിൽ മഞ്ജു വാര്യരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇവർക്ക് പുറമെ അമിതാഭ് ബച്ചൻ, ദുഷാര വിജയൻ, കിഷോർ, റിതിക സിങ് എന്നിങ്ങനെ വലിയ താരനിര അണിനിരക്കുന്നുണ്ട്. ഈ ചിത്രവും ഒക്ടോബറിൽ റിലീസ് ചെയ്യും.