
തന്റെ ഹൃദയ ശസ്ത്രക്രിയയുടെ മുഴുവൻ ചിലവും ഏറ്റെടുത്ത നടൻ മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്ന് മഞ്ജിമ. മഞ്ജിമയെ മമ്മൂട്ടിയുടെ നിർദ്ദേശത്തെ തുടർന്നാണ് ഹൃദ്യം പദ്ധതിയിൽ ഉൾപ്പെടുത്തി സൗജന്യമായി ശസ്ത്രക്രിയ ചെയ്തത്. എറണാകുളത്തെ രാജഗിരി ഹോസ്പിറ്റലിൽ നിന്നും ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ തുടങ്ങുമ്പോഴാണ് സെപ്റ്റംബർ 7 ന് മമ്മൂട്ടിയുടെ പിറന്നാൾ ആണെന്ന് മഞ്ജിമ അറിയുന്നത്. തുടർന്ന് മഞ്ജിമ മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ നേരുകയും അതിന്റെ ചിത്രങ്ങൾ പങ്കുവെക്കുകയും ചെയ്തു. 'ജന്മദിന ആശംസകൾ മമ്മൂക്കാ, എന്റെ ഹൃദയം അങ്ങയോട് കടപ്പെട്ടിരിക്കുന്നു', എന്നാണ് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് മഞ്ജിമ പറഞ്ഞത്.
വാഗമണ്ണിൽ ബിബിഎ ഒന്നാം സെമസ്റ്റർ വിദ്യാർത്ഥിയായിരുന്ന മഞ്ജിമക്ക് കലശലായ ശ്വാസതടസ്സത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഹൃദയത്തിന് തകരാറുളളതായി കണ്ടെത്തിയത്. തുടർന്ന് നടത്തിയ ട്രാൻസ് ഈസോഫാഗൽ എക്കോ കാർഡിയോഗ്രാം പരിശോധനയിലും, അതിന് ശേഷം നടത്തിയ കാത്ത് സ്റ്റഡിയിലുമാണ് ഹൃദയത്തിന്റെ മുകളിലെ അറകളെ തമ്മിൽ വേർതിരിക്കുന്ന ഭിത്തിയിൽ ദ്വാരം (ഏട്രിയൽ സെപ്റ്റൽ ഡിഫെക്റ്റ്) ഉണ്ടെന്ന് കണ്ടെത്തിയത്. ഇത് ഹൃദയത്തിൻ്റെ ഇടത് ആട്രിയത്തിൽ നിന്നും വലത് ആട്രിയത്തിലേക്ക് രക്തം കടക്കുന്നതിനും, ശ്വാസകോശത്തിൽ സമ്മർദ്ദം വർദ്ധിക്കാനും കാരണമായി. ഇതേ തുടർന്ന് അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു.
ഫർണിച്ചർ കടയിൽ ജോലി ചെയ്തിരുന്ന മഞ്ജിമയുടെ അച്ഛൻ തോമസിന് ഓപ്പറേഷനുള്ള തുക കണ്ടെത്തുക ബുദ്ധിമുട്ടായതിനാൽ അദ്ദേഹത്തിന്റെ ബന്ധു വഴി വിവരം അറിഞ്ഞ ജോൺ ബ്രിട്ടാസ് എംപിയാണ് കെയർ ആൻഡ് ഷെയർ ഇന്റർനാഷ്ണൽ ഫൌണ്ടേഷൻ്റെ ഹൃദ്യം പദ്ധതിയിൽ അപേക്ഷിക്കാൻ നിർദ്ദേശിക്കുന്നത്.
തോമസിന്റെ അപേക്ഷയിൽ നിന്നും മഞ്ജിമയുടെ ആരോഗ്യസ്ഥിതി മനസ്സിലാക്കിയ കെയർ ആൻഡ് ഷെയർ ഡയറക്ടർ ജോർജ് സെബാസ്റ്റ്യൻ വിഷയം മമ്മൂട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും, ഹൃദ്യം പദ്ധതിയിൽ മഞ്ജിമയെ ഉൾപ്പെടുത്താൻ മമ്മൂട്ടി നിർദ്ദേശം നൽകുകയും ചെയ്യുന്നു. രാജഗിരി ആശുപത്രിയിലെ ഹൃദയ ശസ്ത്രക്രിയ വിഭാഗം മേധാവി ഡോ.ശിവ് കെ നായറുടെ നേതൃത്വത്തിലുളള മെഡിക്കൽ സംഘമാണ് അതിവിദ്ഗദമായി ഈ ശസ്ത്രക്രിയ നടത്തിയത്.
അഞ്ച് ലക്ഷത്തോളം രൂപ ചെലവ് വരുന്ന ശസ്ത്രക്രിയയാണ് ഹൃദ്യം പദ്ധതിയിലൂടെ പൂർണമായും സൗജന്യമായി ചെയ്ത് നൽകിയത്. രണ്ട് ആഴ്ച നീണ്ട ആശുപത്രി വാസത്തിനൊടുവിൽ രോഗം ഭേദമായി മഞ്ജിമ വീട്ടിലേക്ക് മടങ്ങി. ഡോക്ടർമാർ നിർദേശിച്ച വിശ്രമ കാലയളവ് പൂർത്തിയാക്കണം, തുടർന്നും പഠിക്കണം എന്ന തീരുമാനങ്ങളോടെയാണ് മഞ്ജിമ ആശുപത്രി വിട്ടത്.
2022 മേയിൽ ആരംഭിച്ച ഹൃദ്യം പദ്ധതിയിലൂടെ അമ്പതോളം ശസ്ത്രക്രിയകളാണ് ഇതുവരെ പൂർത്തിയായത്.