കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്ട്ടിന് പിന്നാലെ മലയാള സിനിമയില് ഉടലെടുത്തിരിക്കുന്ന വെളിപ്പെടുത്തലുകളോടും സംവാദങ്ങളോടും പ്രതികരിച്ച് നടി സണ്ണി ലിയോണി. ശരിയല്ലെന്ന് തോന്നിയാല് അപ്പോല് തന്നെ നോ പറഞ്ഞ് ഇറങ്ങിപ്പോരുകയാണ് വേണ്ടതെന്ന് സണ്ണി ലിയോണി പറഞ്ഞു.
സിനിമയില് നിന്നും തനിക്ക് ദുരനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും ഒരു അവസരം നഷ്ടപ്പെട്ടാല് മറ്റ് നൂറ് അവസരങ്ങള് വരുമെന്നും സണ്ണി പറഞ്ഞു. പേട്ട റാപ്പ് എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് റിപ്പോര്ട്ടര് ടിവിയ്ക്ക് നല്കിയ അഭിമുഖത്തില് സംസാരിക്കുകയായിരുന്നു നടി.
'എനിക്ക് എന്റെ അനുഭവത്തില് നിന്നേ സംസാരിക്കാന് കഴിയൂ. മറ്റുള്ളവര് ഇപ്പോള് പറയുന്ന തരത്തിലുള്ള ദുരനുഭവങ്ങളൊന്നും എനിക്ക് ഉണ്ടായിട്ടില്ല. സ്വന്തം വ്യക്തിത്വത്തിലും വര്ക്കിലുമാണ് ഞാന് വിശ്വസിക്കുന്നത്. ഒരു സിനിമയില് നിന്ന് കൂടുതല് പ്രതിഫലമോ മറ്റെന്തെങ്കിലുമോ വേണമെന്ന് തോന്നിയാല് ഞാന് അതിനായി സംസാരിച്ചിട്ടുണ്ട്. എല്ലാവരും അങ്ങനെ ചെയ്യണമെന്നാണ് എന്റെ അഭിപ്രായം.
ഒരു സ്ത്രീയെന്ന നിലയിലും യുവാക്കളെന്ന നിലയിലും നമുക്ക് തീരുമാനങ്ങളെടുക്കാനുള്ള അവസരങ്ങളുണ്ടായിരിക്കും. അപ്പോള് ശരിയെന്ന് തോന്നുന്നവ തെരഞ്ഞെടുക്കണം, ശരിയല്ലെന്ന് തോന്നുന്നവയോട് നോ പറഞ്ഞ് ഇറങ്ങിപ്പോരണം.
പല വാതിലുകളും എന്റെ മുന്നില് അടയ്ക്കപ്പെട്ടിട്ടുണ്ട്. പക്ഷെ അതുകൊണ്ട് എനിക്കൊരു പ്രശ്നവുമില്ല. ഒരു അവസരം നഷ്ടപ്പെട്ടാല് മറ്റ് നൂറ് അവസരങ്ങള് നമുക്ക് മുന്നില് വരും,' സണ്ണി ലിയോണി പറഞ്ഞു.
2017ല് നടിയെ ആക്രമിച്ച സംഭവത്തിന് ശേഷം മലയാള സിനിമയില് സ്ത്രീകള് നേരിടുന്ന വിവേചനങ്ങള് സംബന്ധിച്ച് റിപ്പോര്ട്ട് തയ്യാറാക്കാനായാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി രൂപീകരിച്ചത്. സിനിമയിലെ വിവിധ മേഖലകളെ കുറിച്ച് പഠിച്ച കമ്മിറ്റി 2019 ഡിസംബര് 31നായിരുന്നു സര്ക്കാരിന് റിപ്പോര്ട്ട് കൈമാറിയത്. മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് നല്കിയ റിപ്പോര്ട്ടില് 300 പേജുകളാണുള്ളത്. ഡബ്ല്യുസിസി ഉള്പ്പെടെ പലവട്ടം ആവശ്യപ്പെട്ടിട്ടും റിപ്പോര്ട്ട് പുറത്തുവിടാന് സര്ക്കാര് തയ്യാറായിരുന്നില്ല. ഒടുവില് വിവരാവകാശ കമ്മീഷന്റെ ഇടപെടലിന് പിന്നാലെയാണ് കഴിഞ്ഞ മാസം റിപ്പോര്ട്ട് പുറത്ത് വിട്ടത്. റിപ്പോര്ട്ടിന് പിന്നാലെ നിരവധി പേരാണ് സിനിമാ മേഖലയിലെ അതിക്രമങ്ങള് തുറന്നു പറഞ്ഞ് രംഗത്തെത്തിയത്.