നിയമന തട്ടിപ്പ്: ആരോഗ്യ വകുപ്പ് എന്തുകൊണ്ട് പ്രതിസ്ഥാനത്ത്?

ആഗസ്റ്റിന് 17 ന് അറിഞ്ഞ തട്ടിപ്പ് വിവരങ്ങൾ ആരോഗ്യ വകുപ്പ് പൊലീസിനെ അറിയിച്ചില്ല, കാരണമെന്ത്?
നിയമന തട്ടിപ്പ്: ആരോഗ്യ വകുപ്പ് എന്തുകൊണ്ട് പ്രതിസ്ഥാനത്ത്?
Updated on

റിപ്പോർട്ടർ പുറത്ത് കൊണ്ട് വന്ന നിയമന തട്ടിപ്പ് വാർത്ത കഴിഞ്ഞ പത്ത് ദിവസമായി കേരളം ചർച്ച ചെയ്യുകയാണ്. വാർത്ത ശരിവെച്ച അന്വേഷണ സംഘം മൂന്ന് പേരെ പ്രതി ചേർക്കുകയും മുഖ്യപ്രതി അഖിൽ സജീവ് അടക്കം രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഈ കേസിൽ എന്ത് കൊണ്ടാണ് ആരോഗ്യ വകുപ്പ് പ്രതിക്കൂട്ടിലായത്, ആരോഗ്യ മന്ത്രിക്കും പ്രൈവറ്റ് സെക്രട്ടറി കെ സജീവനും സ്റ്റാഫ് അംഗം അഖിൽ മാത്യുവിനും പിഴവ് പറ്റിയത് എവിടെയാണ്. അതിന്റെ ഉള്ളറകൾ പരിശോധിക്കാം

1. തട്ടിപ്പിന് ഇരയായ പരാതിക്കാരൻ ഹരിദാസനാണ് ആരോഗ്യ വകുപ്പ് മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗം അഖിൽ മാത്യു കൈക്കൂലി വാങ്ങി എന്ന ആരോപണം ഉന്നയിച്ചത്

2. കേസിൽ ഇപ്പോൾ അറസ്റ്റിലായ ഒന്നാം പ്രതി അഖിൽ സജീവാണ് അഖിൽ മാത്യുവിന്റെ പേര് ഹരിദാസനോട് പറയുന്നത്, ആ ഉന്നത ബന്ധം വിശ്വസിച്ചാണ് പരാതിക്കാരൻ തട്ടിപ്പുകാർക്ക് പണം കൈമാറുന്നത്

3. ആഗസ്റ്റ് 17 ന് തങ്ങൾക്ക് എതിരെയുള്ള കൈക്കൂലി ആരോപണവും തട്ടിപ്പ് നടന്ന കാര്യവും പേഴ്‌സണൽ സ്റ്റാഫ് അംഗമായ അഖിൽ മാത്യുവും മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ സജീവനും ആരോഗ്യ വകുപ്പും അറിയുന്നുണ്ട്. ഹരിദാസന്റെ സുഹൃത്തും മുൻ എഐഎസ്എഫ് നേതാവുമായ ബാസിത്ത് സെക്രട്ടറിയേറ്റിൽ നേരിട്ട് എത്തിയാണ് തട്ടിപ്പിന്റെ വിവരങ്ങൾ കൈമാറിയത്. മുഖ്യമന്ത്രിയും ഈ കാര്യം സ്ഥിരീകരിച്ചിരുന്നു, പക്ഷെ തട്ടിപ്പിന്റെ നിജസ്ഥിതി അന്വേഷിക്കാനോ പരാതിക്കാരനെ ബന്ധപ്പെടാനോ അഖിൽ മാത്യുവോ ആരോഗ്യ വകുപ്പോ തയ്യാറായില്ല, അത് എന്ത് കൊണ്ട്..?

4. ആഗസ്റ്റ് 17 ന് അറിഞ്ഞ തട്ടിപ്പ് വിവരങ്ങൾ ആരോഗ്യ വകുപ്പ് പൊലീസിനെ അറിയിച്ചില്ല, കാരണമെന്ത് ?

5. സെപ്റ്റംബർ 4 ന് മെയിൽ വഴിയും പരാതി ആരോഗ്യ വകുപ്പിന് പരാതി ലഭിച്ചു. അപ്പോഴും പരാതിക്കാരനെ ബന്ധപ്പെടുകയോ പൊലീസിനെ അറിയിക്കുകയോ ചെയ്തിട്ടില്ല, കാരണമെന്ത്?

6. സെപ്റ്റംബർ 13 ന് പോസ്റ്റൽ വഴി റിട്ടൻ പരാതിയും ലഭിച്ചു, മന്ത്രിയും ഈ കാര്യം സ്ഥിരീകരിച്ചതാണ്. പക്ഷേ ആരോഗ്യ വകുപ്പ് അപ്പോഴും അനങ്ങിയില്ല, എന്ത് കൊണ്ടോ പരാതിക്കാരനോട് പോലും വിവരങ്ങൾ ആരായാൻ പോലും തയ്യാറായില്ല.

7. സെപ്റ്റംബർ 27 ന് രാവിലെ പത്ത് മണിക്ക് ആണ് റിപ്പോർട്ടർ വാർത്ത പുറത്ത് വിടുന്നത്, അതുവരെ ആരോഗ്യ വകുപ്പിനെതിരെയും മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിനെതിരെയും കൈക്കൂലി ആരോപണം വന്നിട്ടും തട്ടിപ്പ് നടന്നിട്ടുണ്ട് എന്ന് മനസിലായിട്ടും 40 ദിവസത്തിൽ അധികം ആരോഗ്യ വകുപ്പും അഖിൽ മാത്യുവും എന്തിന് മൗനം പാലിച്ചു. തട്ടിപ്പ് മൂടി വെക്കാൻ ശ്രമിച്ചത് എന്തിന് ? നിയമന തട്ടിപ്പിനെ കുറിച്ച് പൊതുസമൂഹത്തെ അറിയിച്ച് ബോധവത്കരിക്കേണ്ട ഉത്തരവാദിത്തം ഉണ്ടായിട്ടും ശ്രമിക്കാതെ പോയതിന്റെ കാരണമെന്താണ്?

8. സെപ്റ്റംബർ 27 ന് വാർത്തക്ക് പിന്നാലെ മാധ്യമങ്ങളെ കണ്ട ആരോഗ്യമന്ത്രി പറഞ്ഞത് 23 ന് തന്നെ പൊലീസിന് തന്റെ പ്രൈവറ്റ് സെക്രട്ടറി പരാതി കൈമാറി എന്നാണ്, എന്നാൽ അങ്ങനെ ഒരു പരാതി ഇതുവരെ ലഭിച്ചിട്ടില്ല എന്ന് സിറ്റി പൊലീസ് കമ്മീഷ്ണർ പിന്നീട് സ്ഥിരീകരിച്ചു, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി നൽകിയ പരാതി എവിടെയാണ് മുങ്ങിയത് ? ആരാണ് മുക്കിയത്?

9. റിപ്പോർട്ടർ വാർത്ത കൊടുക്കും മുൻപ് അഖിൽ മാത്യുവിനെ ബന്ധപ്പെട്ടപ്പോൾ അദ്ദേഹം മറുപടി പറയാതെ ഒഴിഞ്ഞു മാറുകയാണ് ചെയ്തത്, അതെന്ത് കൊണ്ടാണ് ?

10 മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും സിപിഎം സംസ്ഥാന സമിതി അംഗവുമായ കെ സജീവനെ വാർത്ത കൊടുക്കും മുൻപ് റിപ്പോർട്ടർ ബന്ധപ്പെടുകയും തട്ടിപ്പ് നടന്ന പരാതി ഉണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. അതിന് ശേഷമാണ് റിപ്പോർട്ടർ വാർത്ത നൽകിയത്, പക്ഷേ വാർത്ത കൊടുക്കും മുൻപ് ചോദിച്ചില്ലെന്ന ആരോഗ്യ മന്ത്രിയുടെ വാദം ആരുടെ മുഖം രക്ഷിക്കാനാണ്?

തട്ടിപ്പ് വിവരങ്ങൾ മൂടി വെക്കാൻ ശ്രമിച്ച് മന്ത്രിയുടെ ഓഫീസ് വരുത്തിയ വീഴ്ച്ച തന്നെയാണ് യഥാർത്ഥത്തിൽ ഈ കേസിൽ ആരോഗ്യ വകുപ്പിനെ പ്രതികൂട്ടിലാക്കിയത്, അല്ലാതെ മാധ്യമങ്ങളല്ല. മധ്യമങ്ങളെ കല്ലെറിഞ്ഞ് മുഖം വെളുപ്പിക്കാൻ ശ്രമിക്കുന്ന

ആരോഗ്യ വകുപ്പിന്റെ അറിവിലേക്കായി ഒരു മാതൃക കൂടി പങ്കുവെക്കാം. കഴിഞ്ഞ ദിവസം ധനമന്ത്രിയുടെ ഓഫീസിന്റെ പേരിൽ ചിലർ തട്ടിപ്പ് നടത്തുന്നു എന്ന വാർത്ത വന്നു. ധനമന്ത്രിയുടെ ഓഫീസിന് ഇക്കാര്യത്തിൽ രേഖാമൂലമോ വാക്കാലോ ഒരു പരാതിയും ലഭിച്ചിരുന്നില്ല. എന്നാൽ വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി ധനമന്ത്രിയുടെ ഓഫീസ് ഉടൻ തന്നെ പോലീസിന് പരാതി നൽകി. വീണാ ജോർജ് മന്ത്രി ആയ അതേ മന്ത്രിസഭയിലെ മറ്റൊരു മന്ത്രിയുടെ ഓഫീസ് എങ്ങനെയാണ് ഇത്തരം വിഷയങ്ങളെ കൈകാര്യം ചെയ്തത് എന്ന് സാന്ദർഭികമായി ഓർമിപ്പിച്ചന്ന് മാത്രം

Related Stories

No stories found.
logo
Reporter Live
www.reporterlive.com