'മാമ'യെ ബിജെപി തഴഞ്ഞോ, അതോ ഫീനിക്‌സ് പക്ഷിയെ പോലെ അഞ്ചാം മുഖ്യമന്ത്രിയാവുമോ?

മത്സരിച്ചില്ലെങ്കില്‍ തന്നെ അത്ഭുതപ്പെടേണ്ടതില്ല എന്ന് പല ബിജെപി നേതാക്കളും അടക്കം പറഞ്ഞിരുന്നു.
'മാമ'യെ ബിജെപി തഴഞ്ഞോ, അതോ ഫീനിക്‌സ് പക്ഷിയെ പോലെ അഞ്ചാം മുഖ്യമന്ത്രിയാവുമോ?
Updated on

'മാമ'യാണ് കഴിഞ്ഞ 20 വര്‍ഷമായി മധ്യപ്രദേശിന്റെ മുഖ്യമന്ത്രി. അതെ, ശിവരാജ് സിങ് ചൗഹാനെ ബിജെപി പ്രവര്‍ത്തകരും സംസ്ഥാനത്തെ ജനങ്ങളും അങ്ങനെയാണ് വിശേഷിപ്പിക്കുന്നത്. 2003 മുതല്‍ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെന്നതിനോടൊപ്പം ബിജെപിയെന്നാലും അത് ചൗഹാനായിരുന്നു. 2018ല്‍ കോണ്‍ഗ്രസ് അധികാരം കൈക്കലാക്കിയെങ്കിലും വളരെ പെട്ടെന്ന് തന്നെ ഭരണം അട്ടിമറിച്ച് വീണ്ടും മുഖ്യമന്ത്രി കസേരയിലെത്താന്‍ ചൗഹാനായി. എന്നാല്‍ വീണ്ടുമൊരു തിരഞ്ഞെടുപ്പ് വരുമ്പോള്‍ ചൗഹാന് കാര്യങ്ങള്‍ അത്ര പന്തിയല്ല.

ഇടക്കാലത്തെ ചെറിയ ഇടവേള ഒഴിച്ചാല്‍ 20 വര്‍ഷവും മുഖ്യമന്ത്രിയായിരുന്ന ചൗഹാനോട് ഭരണവിരുദ്ധ വികാരമുണ്ടെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. അത് കൊണ്ട് തന്നെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉടന്‍ തന്നെ ചൗഹാനെ മുന്നില്‍ നിര്‍ത്തി തിരഞ്ഞെടുപ്പിനിറങ്ങാന്‍ ബിജെപി തയ്യാറായില്ല. തിരഞ്ഞെടുപ്പ് ഗോദയില്‍ ബിജെപിയുണ്ടാവും എന്നാല്‍ ചൗഹാന്‍ തന്നെ നയിക്കുമെന്ന് ഒരുറപ്പുമില്ല എന്ന നിലപാടാണ് പാര്‍ട്ടി ആദ്യ ഘട്ടം മുതല്‍ക്കേ സ്വീകരിച്ചത്.

സെപ്തംബര്‍ 26ാം തീയതി പ്രധാനമന്ത്രി സംസ്ഥാനത്ത് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമിടാനെത്തി. ജന്‍ ആക്രോശ് റാലിയില്‍ മോദി വലിയ രാഷ്ട്രീയ പ്രസംഗമാണ് നടത്തിയത്. ഈ പ്രസംഗത്തില്‍ ഒരിക്കല്‍ പോലും ചൗഹാന്റെ പേര് പറഞ്ഞില്ല. മോദിയല്ലാതെ മറ്റാരെയും ഉയര്‍ത്തിക്കാട്ടുന്ന സമീപനവും ആ പരിപാടിക്കുണ്ടായില്ല.

പിന്നീടാണ് ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചത്. സെപ്തംബര്‍ 15ന് പുറത്തുവിട്ട 39 പേരുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ചൗഹാന്റെ പേര് ഇടംപിടിച്ചിരുന്നില്ല. രണ്ടാം പട്ടികയാവട്ടെ ചൗഹാനെ ഭയപ്പെടുത്തുന്ന തരത്തിലാണ് പുറത്തുവന്നത്. കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിങ് തോമാറും പ്രഹ്ലാദ് പട്ടേലും ഫഗന്‍ സിങ് കുലസ്‌തേയും എംപിമാരായ രാകേഷ് സിങും ഗണേഷ് സിങും രീതി പതകും ഉദയ് പ്രതാപ് സിങും ദേശീയ ജനറല്‍ സെക്രട്ടറിയായ കൈലാഷ് വിജയവര്‍ഗിയയും ഇടംനേടി. ചൗഹാന്റെ പേര് ഈ പട്ടികയിലും ഇടംനേടിയിരുന്നില്ല.

കേന്ദ്രമന്ത്രിമാരെയും എംപിമാരെയും ബിജെപി സ്ഥാനാര്‍ത്ഥികളാക്കിയത് ഭരണവിരുദ്ധ വികാരത്തെ മറികടക്കാനാണെന്ന വിലയിരുത്തലാണ് ഉണ്ടായത്. ഈ മുതിര്‍ന്ന നേതാക്കളില്‍ നിന്നാരും മുഖ്യമന്ത്രിയാവാം എന്ന സന്ദേശം കൂടി നല്‍കാന്‍ ബിജെപി ആഗ്രഹിക്കുന്നുവെന്ന വായനയും നടന്നു. അതേസമയം മാറിയ സാഹചര്യത്തില്‍ ചൗഹാന്‍ മത്സരിക്കുമോ എന്നതില്‍ തന്നെ ഒരു ഉറപ്പും ഉണ്ടായിരുന്നില്ല. മത്സരിച്ചില്ലെങ്കില്‍ തന്നെ അത്ഭുതപ്പെടേണ്ടതില്ല എന്ന് പല ബിജെപി നേതാക്കളും അടക്കം പറഞ്ഞിരുന്നു. എന്നാല്‍ ബിജെപിയുടെ നാലാം പട്ടികയില്‍ ചൗഹാന്റെ പേരും ഇടംനേടി. സിറ്റിങ് സീറ്റായ ബുധിനിയില്‍ നിന്ന് മത്സരിക്കും.

സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കപ്പെട്ടതോടെ വര്‍ധിത വീര്യത്തോടെയാണ് ചൗഹാന്‍ പ്രവര്‍ത്തിക്കുന്നത്. മറ്റ് മുതിര്‍ന്ന നേതാക്കള്‍ മത്സരരംഗത്തുണ്ടെങ്കിലും പ്രിയങ്ക ഗാന്ധിയടക്കമുള്ള നേതാക്കളെ കടന്നാക്രമിച്ച് ചൗഹാന്‍ വാര്‍ത്തകളില്‍ നിറയുന്നുണ്ട്. 'ഞാന്‍ ഫീനിക്‌സ് പക്ഷിയെ പോലെ ചാരത്തില്‍ നിന്ന് എഴുന്നേറ്റുവരുന്ന വ്യക്തിയാണ്' എന്നാണ് രണ്ട് ദിവസം മുമ്പ് ചൗഹാന്‍ പ്രസംഗിച്ചത്. അത് രാഷ്ട്രീയ എതിരാളികള്‍ക്കും സ്വന്തം പാര്‍ട്ടിക്കാര്‍ക്കും ഉള്ള പരോക്ഷ മറുപടിയാണെന്ന് വായിക്കുന്നവരുണ്ട്.

സംസ്ഥാനത്തെ ഭൂരിപക്ഷം വരുന്ന പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ള, മികച്ച ഒബിസി നേതാവെന്ന് പേരുള്ള ചൗഹാന്‍ എന്തായാലും ഒറ്റയടിക്ക് പോരാട്ടം വിട്ടുകൊടുക്കുന്ന നേതാവല്ല. ഒരിക്കല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ബിജെപി പരിഗണിച്ചിരുന്ന നേതാവാണ്, പിന്നീട് ആ സ്ഥാനത്തേക്ക് മോദി വന്നെങ്കിലും. അത് കൊണ്ട് തന്നെ തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വീണ്ടുമെത്താന്‍ ചൗഹാന്‍ ശ്രമിക്കുമെന്നുറപ്പ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com