'മണിപ്പൂർ മോദി ഇനിയും മിണ്ടും'; മോദി റഷ്യക്ക് പോയപ്പോൾ രാഹുൽ മണിപ്പൂരിലെത്തിയതിന് പിന്നിൽ

നാല് ദിവസത്തെ വിദേശ സന്ദർശനം കഴിഞ്ഞെത്തുന്ന മോദിക്ക് മണിപ്പൂരിനെ കുറിച്ച് പാർലമെന്റിലും പുറത്തും ഇനിയും സംസാരിക്കേണ്ടി വരും. മണിപ്പൂർ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഇടയിലെ മുറികൂടാത്ത മുറിപ്പാടായി ഇനിയും ബാക്കിയാകുമെന്ന് തീർച്ചയാണ്
'മണിപ്പൂർ മോദി ഇനിയും മിണ്ടും'; മോദി റഷ്യക്ക് പോയപ്പോൾ രാഹുൽ മണിപ്പൂരിലെത്തിയതിന് പിന്നിൽ
Updated on

പൊതു തിരഞ്ഞെടുപ്പും സത്യപ്രതിജ്ഞയും ആദ്യ പാർലമെന്റ് സമ്മേളനവും കഴിഞ്ഞ് രാജ്യത്തെ രണ്ട് പ്രധാന നേതാക്കൾ ഒരേ ദിവസം രണ്ട് യാത്രയ്‌ക്കൊരുങ്ങുകയാണ്. നരേന്ദ്രമോദി റഷ്യയിലേക്ക് യാത്ര തിരിക്കാനൊരുങ്ങുമ്പോൾ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി യാത്ര ചെയ്യുന്നത് രാജ്യത്തെ മുറിവുണങ്ങാത്ത മണിപ്പൂരിലേക്കാണ്. സ്ഥാനമേറ്റതിന് ശേഷം ഇരുവരും നടത്തുന്ന ആദ്യ യാത്ര എന്ന നിലയിൽ ഏറെ പ്രത്യേകതയുള്ളതാണ് ഈ രണ്ട് യാത്രകളും.

മണിപ്പൂരിൽ കലാപം ആരംഭിച്ചത് മുതൽ മൗനം തുടർന്നിരുന്ന നരേന്ദ്രമോദിയെ മൂന്നാം ടേമിലെ ആദ്യ സമ്മേളനത്തിൽ തന്നെ മണിപ്പൂർ വിഷയത്തിൽ വായ തുറപ്പിക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞിരുന്നു. പാർലമെന്റിൽ നടന്ന മണിപ്പൂർ ഐക്യദാര്‍ഢ്യ പ്രതിഷേധത്തിന് പിന്നാലെ മോദി മണിപ്പൂർ വിഷയത്തിൽ മൗനം വെടിയുകയായിരുന്നു. സംസ്ഥാനത്ത് സമാധാനനന്തരീക്ഷം വീണ്ടെടുക്കാൻ കേന്ദ്ര സർക്കാർ വേണ്ടതെല്ലാം ചെയ്തെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. കലാപത്തിൽ ഇരുന്നൂറിലധികം പേരാണ് കൊല്ലപ്പെട്ടത്, പതിനായിരക്കണക്കിന് പേർ അഭയാർത്ഥികളുമായിരുന്നു. എന്നാൽ മണിപ്പൂർ സന്ദർശിക്കാനോ സമാധാന ശ്രമങ്ങൾക്ക് നേതൃത്വം നൽകാനോ കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് മോദി തയ്യാറായിരുന്നില്ല. അങ്ങനെയുള്ള പ്രധാനമന്ത്രിയെ മൂന്നാം ഊഴത്തിൽ വിഷയത്തിൽ പ്രതികരിപ്പിക്കാൻ സാധിച്ചത് രാഷ്ട്രീയ വിജയമായാണ് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ വിലയിരുത്തുന്നത്.

പാർലമെന്റ് സമ്മേളനത്തിന് തൊട്ട് പിന്നാലെ മോദി വിദേശ യാത്ര നടത്തുന്ന ദിവസം തന്നെ മണിപ്പൂർ സന്ദർശനത്തിന് രാഹുൽ തിരഞ്ഞെടുത്തു. രണ്ടു മേഖലകളിലെ അഭയാര്‍ഥി ക്യാമ്പുകളാണ് രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കുന്നത്. ചുരാചന്ദ്പുര്‍ ജില്ലയിലെ ജിരബാം, ബിഷ്ണുപുര്‍ ജില്ലയിലെ മൊയ്‌രാംഗ് എന്നിവിടങ്ങളിലെ ക്യാമ്പുകൾ. കലാപം നടന്ന് ഒരു വർഷം പിന്നിടുമ്പോൾ സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് കൊണ്ട് വന്നുവെന്നാണ് കേന്ദ്ര സർക്കാരിന്റെയും ബിജെപിയുടെയും അവകാശ വാദം. ക്യാമ്പിലെ അവസ്ഥകൾ തുറന്ന് കാട്ടി ഈ വാദത്തെ പ്രതിരോധത്തിലാക്കുകയാണ് കോൺഗ്രസ് ലക്ഷ്യം. മണിപ്പൂര്‍ ഗവര്‍ണര്‍ അനുസൂയ ഉയികെയുമായുള്ള കൂടികാഴ്ച്ചയും രാഹുലിന്റെ ചാർട്ടിലുണ്ട്.

മണിപ്പൂരിൽ കലാപം രൂക്ഷമായ സമയത്ത് ആദ്യമായി ഓടിയെത്തിയ ദേശീയ നേതാവ് എന്ന നിലയിൽ മണിപ്പൂർ ജനങ്ങൾക്കിടയിൽ രാഹുലിന് വലിയ സ്വീകാര്യതയുണ്ട്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ മണിപ്പൂരിലെ ആകെയുള്ള രണ്ട് സീറ്റുകളും കോൺഗ്രസിനൊപ്പം നിന്നത് അതിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു. സത്യപ്രതിജ്ഞയ്‌ക്കെത്തിയ ഇന്നർ മണിപ്പൂർ സ്ഥാനാർത്ഥി അംഗോംച ബിമോൾ അകോയിജയെയും, ഔട്ടർ മണിപ്പൂർ സ്ഥാനാർത്ഥി ആൽഫ്രഡ് കണ്ണം എസ് ആർതറിനെയും ഹർഷാരവങ്ങളോടെയാണ് ഇൻഡ്യ സഖ്യവും സ്വീകരിച്ചിരുന്നത്.

കലാപം ഏറ്റവും കൂടുതൽ ബാധിച്ച ചുരാചന്ദ്പുരിലേക്ക് കടത്തിവിടാതെ അന്ന് രാഹുലിന്റെ വാഹനം പൊലീസ് തടഞ്ഞിരുന്നു. പിറ്റേ ദിവസം ഹെലികോപ്റ്ററിൽ വന്നിറങ്ങിയാണ് രാഹുൽ അതിന് മാസ് മറുപടി നൽകിയത്. ഈ സന്ദർശനത്തിന് ശേഷം ഭാരത് ജോഡോ യാത്രയുടെ രണ്ടാം പതിപ്പായ ഭാരത് ജോഡോ ന്യായ് യാത്ര രാഹുൽ ആരംഭിച്ചതും ഇവിടെ നിന്നായിരുന്നു. മണിപ്പൂർ ജനതയുമായി വൈകാരിക അടുപ്പമുണ്ടാക്കാൻ ഇതിലൂടെ കോൺഗ്രസിനും രാഹുലിനും കഴിഞ്ഞു. അത് കൊണ്ട് തന്നെ പൊതുതിരഞ്ഞെടുപ്പിൽ ശക്തി തെളിയിച്ച പ്രതിപക്ഷ നേതാവ് എന്ന നിലയിൽ രാഹുലിന്റെ വരവ് ബിജെപി തീർച്ചയായും ഭയപ്പെടുന്നുമുണ്ട്.

രാഹുൽ മണിപ്പൂരിലെത്തുന്നതിന് മുമ്പ് തന്നെ ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ പ്രതിരോധവുമായി രംഗത്തെത്തിയത് അതിന്റെ കൂടി പശ്ചാത്തലത്തിലാണ്. മണിപ്പൂരിലേക്ക് പറക്കുന്നതിന് മുമ്പ് അസമിലെ പ്രളയ ബാധിത പ്രദേശങ്ങൾ കൂടി രാഹുൽ സന്ദർശിച്ചിരുന്നു. രാഹുലിന്റെ ഈ ഇടപെടലിനെ 'സിക്ക് ആൻഡ് ട്രാജഡി ടൂറിസ'മെന്നാണ് മാളവ്യ എക്‌സിൽ കുറിച്ചത്. എന്നാൽ മണിപ്പൂരിന്റെയും, പ്രതേകിച്ച് രാജ്യത്തെ വടക്ക് കിഴക്ക് സംസ്ഥാനങ്ങളുടെയും യഥാർത്ഥ ചിത്രം തുറന്ന് കാട്ടുകയാണ് തന്റെ ലക്ഷ്യമെന്ന് രാഹുൽ പറയുന്നു. അങ്ങനെയെങ്കിൽ നാല് ദിവസത്തെ വിദേശ സന്ദർശനം കഴിഞ്ഞെത്തുന്ന മോദിക്ക് മണിപ്പൂരിനെ കുറിച്ച് പാർലമെന്റിലും പുറത്തും ഇനിയും സംസാരിക്കേണ്ടി വരും. മണിപ്പൂർ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഇടയിലെ മുറികൂടാത്ത മുറിപ്പാടായി ഇനിയും ബാക്കിയാകുമെന്ന് തീർച്ചയാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com