പ്രവാസിയുടെ അവധിക്കാലം അത്ര ആനന്ദകരമല്ല

നാട്ടിലേക്ക് വരുന്നവരെ കാത്തിരിക്കുന്നത് ചിലവേറിയ അവധിക്കാലം
പ്രവാസിയുടെ അവധിക്കാലം അത്ര ആനന്ദകരമല്ല
Updated on

ഗള്‍ഫ് മേഖലകളില്‍ തൊഴിലെടുത്ത് താമസിച്ചു പോരുന്ന പ്രവാസി കുടുംബങ്ങളുടെ അവധിക്കാലങ്ങള്‍ അത്ര ആനന്ദകരമല്ല അടുത്ത വര്‍ഷങ്ങളില്‍. കാരണങ്ങള്‍ പലതാണ്. അവധിക്കാലങ്ങളില്‍ നാട്ടിലേക്ക് പോകാറുണ്ടായിരുന്ന കുടുംബങ്ങള്‍ ഉയര്‍ന്ന വിമാനയാത്രാനിരക്ക് മൂലം യാത്രകള്‍ ഒഴിവാക്കാന്‍ നിര്‍ബന്ധിതരാകുന്നുണ്ട്. മാത്രവുമല്ല ഉയര്‍ന്ന നിരക്ക് കൊടുത്താല്‍ പോലും നേരിട്ട് നാട്ടിലേക്ക് സീറ്റ് കിട്ടാനില്ലാത്ത അവസ്ഥയാണ്.

മുംബൈ, ഡല്‍ഹി തുടങ്ങി ഇന്ത്യന്‍ സെക്ടറുകള്‍, വിദേശരാജ്യങ്ങള്‍ വഴിയുമുള്ള കണക്ഷന്‍ വിമാനത്തില്‍ നാട്ടിലെത്താന്‍ ശ്രമിച്ചാല്‍ തന്നെ കുടുംബമായി സഞ്ചരിക്കുന്നവര്‍ക്കത് വലിയ ബുദ്ധിമുട്ടാണാണ്ടാക്കുന്നത്. പ്രവാസി മലയാളി കുടുംബങ്ങള്‍ ഏറ്റവും കൂടുതല്‍ യാത്ര ചെയ്യുന്നത് സ്‌കൂള്‍ അവധിക്കാലത്താണ്. ഈ സമയത്തെ വിമാന നിരക്ക് കുറയ്ക്കണമെന്ന ആവശ്യത്തിന് പ്രവാസത്തോളം പഴക്കമുണ്ടെങ്കിലും നിരക്കുവര്‍ധന മാറ്റമില്ലാതെ തുടരുകയാണ്.

വേനലവധി സമയം കണക്കാക്കി മാസങ്ങള്‍ക്കു മുന്‍പേ തന്നെ വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് കൂട്ടിയതിനാല്‍ പലര്‍ക്കും നേരത്തെ എടുത്തുവെക്കാന്‍ സാധിച്ചിട്ടില്ല. യാത്രാ ദിവസത്തോട് അടുക്കുന്തോറും നിരക്ക് വര്‍ദ്ധിക്കുകയും ചെയ്യുന്നു. നാലും അഞ്ചും അംഗങ്ങളുള്ള ഒരു കുടുംബനാഥനാണെങ്കില്‍ ചിലപ്പോള്‍ വര്‍ഷത്തെ സമ്പാദ്യം തന്നെ വിമാന ടിക്കറ്റിനു മാത്രമായി ചിലവഴിക്കേണ്ടി വരുന്നു.

നാട്ടിലേക്ക് പോകുന്നവരെ കാത്തിരിക്കുന്നത് ചിലവേറിയ അവധിക്കാലം

നാട്ടില്‍ പോകുന്ന പ്രവാസികളെ കാത്തിരിക്കുന്നത് ചിലവേറിയ അവധിക്കാലമാണ്. വിമാനയാത്രാനിരക്ക് തന്നെ താങ്ങാന്‍ കഴിയാത്ത അവസ്ഥയില്‍ എത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ പ്രവാസികളെ കൊള്ളയടിക്കുന്ന തരത്തിലാണ് നാട്ടിലെ അവശ്യ സാധനങ്ങള്‍ക്കുള്ള നിരക്കുകളും. കൂടാതെ എയര്‍പോര്‍ട്ട് യൂസര്‍ ഫീ വര്‍ധന ജൂലൈ മുതല്‍ നടപ്പിലാക്കാനുള്ള തീരുമാനവും ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഗള്‍ഫ് സെക്ടറിലെ യാത്രക്കാരെയാണ്.

ആറായിരം മുതല്‍ ടിക്കറ്റ് നിരക്ക് ഉണ്ടായിരുന്ന ദുബായ്-കോഴിക്കോട് വിമാന യാത്രക്ക് ഇപ്പോള്‍ 39000 വരെ നിരക്ക് ഉയര്‍ന്നു. വേനലവധി കഴിഞ്ഞ് പ്രവാസികള്‍ തിരിച്ചെത്തുന്ന ഓഗസ്ത് രണ്ടാം വാരം മുതല്‍ ഇപ്പോള്‍ ആറായിരം മുതല്‍ ലഭ്യമാകുന്ന കോഴിക്കോട്-ദുബായ് വിമാന ടിക്കറ്റിന് 25000 മുതലാണ് നിരക്ക്. ഇതനുസരിച്ച് നാലംഗ കുടുംബത്തിന് ഒന്ന് നാട്ടില്‍ പോയി തിരിച്ചു വരണമെങ്കില്‍ ടിക്കറ്റിന് മാത്രം രണ്ടര ലക്ഷം രൂപയോളം വേണ്ടി വരും. യാത്രാ ദിവസം അടുക്കുംതോറും നിരക്ക് ഇനിയും ഉയരും.

സീസണ്‍ സമയത്ത് കേരളത്തിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തിയും നിരക്കു കുറച്ചും യാത്രാ ക്ലേശത്തിന് അറുതിവരുത്തണമെന്ന് പ്രവാസികള്‍ നിരന്തരമായി ആവശ്യപ്പെടുന്ന കാര്യമാണ്. കേന്ദ്രസര്‍ക്കാരും വ്യോമായന മന്ത്രാലയവുമാണ് ഇക്കാര്യത്തില്‍ ഇടപെടല്‍ നടത്തേണ്ടത്. സ്‌കൂള്‍ അവധിയും ഗള്‍ഫ് രാജ്യങ്ങളിലെ പൊതു അവധികളും മുന്നില്‍ കണ്ട് മലയാളി പ്രവാസികളെ ചൂഷണം ചെയ്യാനുള്ള വിമാന കമ്പനികളുടെ ശ്രമങ്ങള്‍ക്ക് സര്‍ക്കാരുകള്‍ കുടപിടിക്കരുതെന്ന് പ്രവാസികള്‍ നിരന്തരം ആവശ്യപ്പെടുന്ന കാര്യമാണ്. ഉത്സവ സീസണുകളിലും ഈ പ്രവണത ശക്തമാണ്.

ഇതോടൊപ്പം വിമാനത്താവളങ്ങളിലെ യൂസര്‍ ഫീകളും പ്രവാസിക്ക് പ്രഹരമാവുകയാണ്. ജൂലൈ മുതല്‍ തിരുവനന്തപുരത്ത് നിന്നുള്ള ആഭ്യന്തര യാത്രക്കാര്‍ 770 രൂപയും വിദേശ യാത്രികര്‍ 1540 രൂപയും യൂസര്‍ ഫീയായി നല്‍കണം എന്നതാണ് പുതിയ നിയമം. വിമാന നിരക്ക് വര്‍ധന മൂലം പൊറുതിമുട്ടിയ പ്രവാസികള്‍ക്ക് ഇത് ഇരട്ട പ്രഹരമായിരിക്കുകയാണ് എയര്‍പോര്‍ട്ട് യൂസര്‍ ഫീ വര്‍ധന. തിരുവനന്തപുരം വിമാനത്താവളത്തിലാണ് ഇപ്പോള്‍ ഇരട്ടിയായി ഉയര്‍ത്തിയത്. വിമാനത്താവളത്തില്‍ ആദ്യമായി വന്നിറങ്ങുന്നവര്‍ക്കും യൂസര്‍ ഫീ ബാധകമാക്കിയിട്ടുണ്ട്.

പ്രവാസിയുടെ അവധിക്കാലം അത്ര ആനന്ദകരമല്ല
പലസ്തീന്‍ വിമോചന മുദ്രാവാക്യം; യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയെ ഡീപോര്‍ട്ട് ചെയ്ത് യുഎഇ

കടുത്ത ചൂട് അനുഭവപ്പെടുന്ന മാസങ്ങളായതിനാല്‍ പ്രവാസി കുടുംബങ്ങള്‍ പലരും അവധിക്കാലങ്ങളില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ തങ്ങാന്‍ ആഗ്രഹിക്കാത്തവരാണ്. എന്നാല്‍ വിമാന യാത്രയിലെ നിരക്ക് വര്‍ദ്ധനവ് മൂലം ദുബായില്‍ തന്നെ നില്‍ക്കേണ്ടി വരുന്നു. ഇത്തരം കുടുംബങ്ങള്‍ക്കാണെങ്കില്‍ കനത്ത ചൂടില്‍ നിന്ന് നിരന്തരം എയര്‍കണ്ടീഷന്‍ ഉപയോഗിക്കേണ്ടി വരുന്നതിനാല്‍ വലിയ വൈദ്യുതി ബില്ലും വഹിക്കേണ്ടി വരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com