ബംഗ്ലാദേശിനെ കത്തിച്ച ഷെയ്ഖ് ഹസീനയുടെ 'റസാക്കാര്‍' പരാമര്‍ശം; ആരാണ് റസാക്കാര്‍?

ബംഗ്ലദേശിന്‍റെ സ്വാതന്ത്ര്യ സമരത്തിന്‍റെ ഭാഗമാണ് റസാക്കാര്‍, സമര പോരാളികളുടേതല്ല ഒറ്റുകാരുടെ ചരിത്രമാണ് റസാക്കാറുടേതെന്നാണ് ബംഗ്ലാദേശികൾ അടയാളപ്പെടുത്തുന്നത്
ബംഗ്ലാദേശിനെ കത്തിച്ച ഷെയ്ഖ് ഹസീനയുടെ  'റസാക്കാര്‍' പരാമര്‍ശം; ആരാണ് റസാക്കാര്‍?
Updated on

ബംഗ്ലാദേശ് സ്വാതന്ത്ര്യ സമര സേനാനികളുടെയും വിമുക്ത ഭടന്‍മാരുടെയും കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ 30 ശതമാനം സംവരണം നല്‍കുന്ന ക്വാട്ട സമ്പ്രദായം പുനസ്ഥാപിച്ചതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥി പ്രക്ഷോഭം ആരംഭിച്ചത്. ജൂലൈ ഒന്നിന് ആരംഭിച്ച പ്രക്ഷോഭം പതിയെ അക്രമാസക്തമായി. അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്തോറും കലാപം കൂടുതല്‍ ശക്തമായി,കല്ലും ചെറുവടികളും ഉപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ സുരക്ഷാ സേനയുമായി ഏറ്റുമുട്ടി. എന്നാല്‍ വിദ്യാര്‍ത്ഥികളെ ഇത്രയേറെ പ്രകോപിപ്പിച്ചത് പ്രധാനമന്ത്രി ഷെയ്ക് ഹസീന നടത്തിയ ഒറ്റ പരാമര്‍ശമാണ്. 'റസാക്കാര്‍'. 'സ്വാതന്ത്ര്യ സമര പോരാളികളുടെ ചെറുമക്കള്‍ക്ക് ക്വാട്ട ലഭിച്ചില്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് ആനുകൂല്യം ലഭിക്കേണ്ടത്, 'റസാക്കര്‍'മാരുടെ ചെറുമക്കള്‍ക്കോ എന്നായിരുന്നു ജൂലൈ 14 ന് ഷെയ്ഖ് ഹസീന നടത്തിയ പരാമര്‍ശം.

ഹസീനയുടെ വാക്കുകള്‍ തീമഴ പോലെയാണ് സമരമുഖത്തെ വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ പതിച്ചത്, ഇതോടെ 'ആരാണ് ഞാന്‍, ആരാണ് നീ? 'റസാക്കാര്‍', 'റസാക്കാര്‍' എന്ന മുദ്രാവാക്യം വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ അലയടിച്ചു. 'റസാക്കാര്‍' എന്ന വാക്ക് വിദ്യാര്‍ത്ഥികളെ ഇത്രയേറെ പ്രകോപിപ്പിച്ചത് എന്തുകൊണ്ടായിരിക്കും?

അതിനുളള ഉത്തരം ബംഗ്ലാദേശിന്‍റെ സ്വാതന്ത്ര്യ സമര പോരാട്ട ചരിത്രം തരും. ബംഗ്ലദേശിന്‍റെ സ്വാതന്ത്ര്യ സമരത്തിന്‍റെ ഭാഗമാണ് റസാക്കാര്‍, സമര പോരാളികളുടേതല്ല ഒറ്റുകാരുടെ ചരിത്രമാണ് റസാക്കാറുടേതെന്നാണ് ബംഗ്ലാദേശികൾ അടയാളപ്പെടുത്തുന്നത്. 1971 ല്‍ ബംഗ്ലാദേശ് സമരത്തെ അടിച്ചമര്‍ത്താന്‍ പാകിസ്താന്‍ സൈന്യം വിന്യസിച്ച അര്‍ദ്ധസൈനിക വിഭാഗമാണ് റസാക്കാര്‍. പാകിസ്ഥാനെ അനുകൂലിക്കുന്ന ഇവര്‍ ബംഗ്ലാദേശ് സ്വാതന്ത്ര്യ സമര ചരിത്രത്തിലെ നടുക്കുന്ന ഓര്‍മാണ്. സ്വാതന്ത്ര്യ സമരത്തെ പിന്തുണക്കുന്നവരെ കൂട്ടക്കൊല ചെയ്തും, സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തും റസാക്കാര്‍ ബംഗ്ലാദേശികളുടെ പേടിസ്വപ്നമായി മാറി. രാജ്യത്തെ ജനതയെ ഒറ്റുകൊടുത്തവര്‍ ബംഗ്ലാദേശികളുടെ മനസിലെ മായാത്ത മുറിവാണ്.

ബംഗാളികളും ഉറുദു സംസാരിക്കുന്ന ബീഹാറികളും ഉള്‍ക്കൊള്ളുന്നവരായിരുന്നു റസാക്കാറുകള്‍. 1946-47 കാലഘട്ടത്തില്‍ കിഴക്കന്‍ പാകിസ്ഥാനില്‍ നിന്നും ബംഗ്ലാദേശിലേക്ക് കുടിയേറിയവരെയാണ് ബീഹാറികള്‍ എന്ന് വിളിച്ചിരുന്നത്. ഇന്നത്തെ ബംഗ്ലാദേശിലെ ഖുല്‍ന ജില്ലയിലാണ് ആദ്യ റസാക്കാര്‍ ക്യാമ്പ് സ്ഥാപിച്ചത്. ജമാഅത്തെ ഇസ്ലാമി നേതാവ് എ കെ എം യൂസഫ് ആയിരുന്നു അതിന് പിന്നില്‍. സാമൂഹികവും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ പണം നല്‍കിയും മത വികാരം മുതലെടുത്തുമായിരുന്നു റസാക്കറാക്കിയിരുന്നത്. കിഴക്കന്‍ പാകിസ്താനില്‍ തീവ്ര ഇസ്ലാമിസ്റ്റുകളായ ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണയോടെ പാകിസ്താന്‍ സായുധ സേന സ്വാതന്ത്ര്യ സമര സേനാനികളെ ലക്ഷ്യം വച്ച് നടത്തിയ അതിക്രമങ്ങള്‍ക്ക് ഇവര്‍ പിന്തുണ നല്‍കി. സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ മുക്തി ജോഡോ സംഘത്തില്‍പ്പെട്ടവരെ തിരഞ്ഞുപിടിച്ച് വകവരുത്താന്‍ ഇവര്‍ പാക് സൈന്യത്തെ സഹായിച്ചു.

സ്വാതന്ത്ര്യ ലബ്ദിക്ക് ശേഷം ജമാ അത്തെ ഇസ്ലാമി സേനാംഗങ്ങളെ കൂട്ടത്തോടെ വിചാരണ ചെയ്യുകയും വധശിക്ഷക്ക് വിധേയരാക്കുകയും ചെയ്തു. പിന്നീട് 'റസാക്കാര്‍' പ്രയോഗം ബംഗ്ലാദേശില്‍ ദേശ വിരുദ്ധതയുടെ പര്യായമായി.സ്വാതന്ത്ര്യം നേടി അഞ്ച് പതിറ്റാണ്ടുകള്‍ക്ക് ശേഷവും 'റസാക്കാര്‍' എന്ന വാക്ക് ബംഗ്ലാദേശില്‍ അത്യന്ത്യം നിന്ദ്യവും അപമാനകരവുമാണ്. ഇതുകൊണ്ടാണ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയോട് കടുത്ത എതിര്‍പ്പുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ റസാക്കാര്‍ പ്രയോഗത്തോടെ കൂടുതല്‍ രോഷാകുലരായി പ്രതികരിച്ചത്. ഹസീനയെ പരിഹസിക്കാന്‍ "ഞാൻ അവകാശങ്ങൾ ചോദിക്കാൻ പോയി; പകരം 'റസാക്കാറാ'യി" എന്ന മുദ്രാവാക്യവും തെരുവുകളില്‍ മുഴക്കുകയാണ് വിദ്യാര്‍ത്ഥികള്‍. ഭിന്നാഭിപ്രായം തടയാനാണ് ഹസീന തങ്ങളെ 'റസാക്കാര്‍'മാരായി മുദ്രകുത്തുന്നതെന്ന് പ്രതിഷേധക്കാര്‍ പറയുന്നു.

ബംഗ്ലാദേശ് വിമോചന സമരത്തിന്‍റെ ചരിത്രമോര്‍മിപ്പിച്ച് വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ നേരിടാനുളള ഹസീനയുടെ രാഷ്ട്രീയ നീക്കമായിരുന്നു 'റസാക്കാര്‍'പ്രയോഗം. വിദ്യാര്‍ത്ഥി പ്രക്ഷോഭം സര്‍ക്കാര്‍ വിരുദ്ധ ചര്‍ച്ചയിലേക്ക് വഴിതെളിക്കുമോ എന്ന ആശങ്കകള്‍ ഷെയ്ഖ് ഹസീന സര്‍ക്കാരിനുണ്ട്. എന്നാല്‍ വിദ്യാര്‍ത്ഥികളെ 'റസാക്കാറു'മായി താരതമ്യം ചെയ്തുളള ഹസീനയുടെ നീക്കം പ്രക്ഷോഭത്തെ ആളികത്തിച്ചു.

സംവരണം പുനഃസ്ഥാപിച്ച ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കിയതോടെ ബംഗ്ലാദേശില്‍ വീണ്ടും സമാധാനം പുലരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ 53 വര്‍ഷത്തിന് ശേഷം അലയൊടിച്ച റസാക്കാര്‍ ബംഗ്ലാദേശ് രാഷ്ട്രീയത്തില്‍ എന്ത് സ്വാധീനം ചെലുത്തുമെന്ന് കാത്തിരുന്ന് കാണണം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com