കാഴ്ചയില്ലാത്തവരെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ? അവരുടെ ലോകത്തെ നിറങ്ങളെങ്ങനെയാകും? രൂപങ്ങളോ? അവർ മഴയെങ്ങനെ അറിയും?
പരിമിതികളെന്ന് നമുക്ക് തോന്നുന്ന പലതും സാധ്യതമാക്കിയെടുത്ത നിരവധി മനുഷ്യർ നമുക്ക് ചുറ്റുമുണ്ട്. ഹെലൻ കെല്ലറിൽ നിന്ന് ആ യാത്രയങ്ങനെ അവസാനിക്കാതെ മുന്നോട്ടുതന്നെ പോകും. യാത്രയിന്ന് എത്തി നിൽക്കുന്നത് കാസർകോട് കാഞ്ഞങ്ങാട് രാവണീശ്വരം സ്വദേശി ആശലത ടീച്ചറിലാണ്. കാഴ്ചയുടെ ലോകം അന്യമാണെങ്കിലും നിരവധി പേരുടെ ജീവിതത്തിൽ വെളിച്ചമായി മാറാൻ കെൽപ്പുള്ള ടീച്ചറും, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമാണ് അവരിന്ന്. തന്നെ പോലെ കാഴ്ചയില്ലാത്തവർക്ക്, അഥവാ മറ്റേന്തെങ്കിലും ശാരീരിക പരിമിതികളുള്ളവർക്ക് പ്രചോദനമാകുക എന്നത് മാത്രമാണ് ടീച്ചറുടെ ലക്ഷ്യം. ഈ അധ്യാപന ദിനത്തിൽ തൻ്റെ പേരാട്ടത്തിൻ്റെ കഥ റിപ്പോർട്ടറിനോട് പങ്കുവെക്കുകയാണ് ആശലത ടീച്ചർ.
കുട്ടിക്കാലവും കുടുംബവും
കാസർകോട് കാഞ്ഞങ്ങാട് രാവണീശ്വരം എന്ന ഗ്രാമത്തിലാണ് ആശലത ടീച്ചറുടെ ജനനം. അച്ഛൻ ടി സി ദാമോദരൻ സ്വകാര്യ സ്കൂളിലെ അധ്യാപകനായിരുന്നു. അമ്മ മാലിനി, അങ്കണവാടി അധ്യാപികയും. പിന്നീട് സാമൂഹ്യപ്രവർത്തനവുമായി മുന്നോട്ട് പോയെങ്കിലും ഉപേക്ഷിക്കേണ്ടി വന്നു.
കുഞ്ഞായിരുന്നപ്പോഴൊന്നും കാഴ്ചയില്ലെന്ന് ആരും തിരിച്ചറിഞ്ഞിരുന്നില്ല. ചെറുപ്പത്തിൽ നിറമോ ഫിഗറോ ഒന്നും അറിയാൻ സാധിച്ചിരുന്നില്ലെങ്കിലും എന്തോ ഒന്ന് കാണുമായിരുന്നു. ഈ കാഴ്ച വെച്ച് തന്നെ അടുത്ത വീട്ടിലേക്കൊക്കെ ഓട്ടമായിരുന്നു. പല തവണ വീണിട്ടുണ്ട്. എന്നാലും നിർത്തില്ല. എപ്പോഴും ഓട്ടമായിരിക്കും. നടക്കാനുള്ള പ്രായമായപ്പോഴാണ് കാഴ്ചയുടെ തകരാറ് ശ്രദ്ധിച്ചുതുടങ്ങിയത്. പലപ്പോഴും ബാലൻസ് ഇല്ലാത്തപോലെയായിരുന്നു. ഇരുട്ടും വെളിച്ചവും മാത്രമാണ് ചെറുപ്പത്തിൽ തിരിച്ചറിയാൻ കഴിഞ്ഞിരുന്നത്. കറന്റ് പോയാൽ മനസിലാകും. അത്രമാത്രം. പിന്നീട് പതിയെ അതും ഇല്ലാതെയായി.
കാഴ്ചയുടെ ലോകം അന്യമാണെന്ന് തിരിച്ചറിഞ്ഞ നിമിഷം
ബോർഡിൽ എഴുതുന്ന അക്ഷരങ്ങൾ കാണാൻ ബുദ്ധിമുട്ട് തോന്നിത്തുടങ്ങിയപ്പോഴാണ് ആദ്യമായി കണ്ണിന് എന്തോ പ്രശ്നമുണ്ടെന്ന് കണ്ടെത്തുന്നത്. ആദ്യമൊക്കെ കാര്യമായി എടുത്തില്ലെങ്കിലും കുറച്ച് രൂക്ഷമായതോടെ ഡോക്ടറെ കാണിച്ചു. ഒപ്റ്റിക്കൽ നെർവിന് തകരാറുണ്ടെന്ന് അങ്ങനെയാണ് കണ്ടെത്തുന്നത്. കുറേ നാൾ കണ്ണട വെച്ചിരുന്നു. പക്ഷേ കാഴ്ചയിൽ മാറ്റമൊന്നും ഉണ്ടായില്ല. പിന്നെ ക്രമേണ കാഴ്ച മങ്ങിത്തുടങ്ങി. വെളിച്ചവും ഇരുട്ടും ഒരുപോലെയായി.
കാഴ്ചയില്ലെന്നറിഞ്ഞിട്ടും സ്പെഷ്യൽ സ്കൂളിൽ ചേർക്കാൻ അച്ഛന് താത്പര്യമുണ്ടായിരുന്നില്ല. അച്ഛൻ ജോലി ചെയ്തിരുന്ന രാവണീശ്വരത്തെ സ്കൂളിൽ തന്നെയാണ് എന്നെ പഠിപ്പിച്ചത്. അവിടെ തന്നെയാണ് ഞാൻ ഇപ്പോൾ ജോലി ചെയ്യുന്നതും. അന്ന് അമ്മ കൈപിടിച്ചാണ് അക്ഷരങ്ങളെഴുതി പഠിപ്പിച്ചത്.
ലളിതാംബിക ടീച്ചർ.....
പഠിക്കുന്ന സമയത്ത് വീട്ടുകാർക്ക് അത്ര ജാഗ്രതയൊന്നും പലപ്പോഴും ഉണ്ടായിരുന്നില്ല. അവർക്ക് അറിയില്ലല്ലോ. അന്ന് സ്കൂളിലെ ലളിതാംബിക ടീച്ചറാണ് സഹായമായത്. കൊല്ലത്താണ് ടീച്ചറുടെ നാട്. ടീച്ചർ ഒരു ദിവസം പരീക്ഷക്ക് ക്ലാസിലേത്തിയപ്പോൾ ഞാൻ എന്തൊക്കെയോ കുത്തിക്കുറിച്ച് ഇരിക്കുന്നത് കണ്ടു. ക്ലാസിലെ മറ്റ് കുട്ടികളോട് ചോദിച്ചപ്പോഴാണ് എനിക്ക് കാഴ്ചയില്ലെന്ന് ടീച്ചർ അറിഞ്ഞത്. ടീച്ചർ പെട്ടെന്ന് പരീക്ഷ ഹാളിൽ മറ്റൊരാളെ നിർത്തിയിട്ട് എച്ച്എമ്മിനോട് പോയി ചോദിച്ചു ഞാൻ ആ കുട്ടിക്ക് സ്ക്രൈബ് എഴുതിക്കൊടുക്കട്ടെയെന്ന് . അങ്ങനെ പരീക്ഷക്ക് ടീച്ചർ എന്റെ സ്ക്രൈബായി. അന്നാണ് സ്ക്രൈബിനെ കുറിച്ചൊക്കെ ആദ്യമായി അറിഞ്ഞത്. അതിന് ശേഷമുള്ള ഒരു പരീക്ഷയും ഞാൻ എഴുതാതെ ഇരുന്നിട്ടില്ല. ഓരോ പരീക്ഷയും ഓരോ ടീച്ചർമാർ എനിക്ക് പരീക്ഷ എഴുതിത്തരും. എട്ടാം ക്ലാസിലെത്തിയ സമയത്ത് ടീച്ചർ എന്നോട് ആദ്യം പറഞ്ഞത് ക്വാർട്ടേഴ്സിലേക്ക് വരണം പഠിപ്പിക്കാമെന്നാണ്. അങ്ങനെ ഒഴിവുകിട്ടുന്ന സമയത്ത് ഞാൻ ടീച്ചറിന്റെ അടുത്ത് പോകും. ടീച്ചർ എനിക്ക് എല്ലാം മുഴുവൻ വായിച്ച് മനസിലാക്കി തരും, പഠിപ്പിക്കും. കണക്ക് മാത്രം ടീച്ചർ പഠിപ്പിക്കുന്നത് മനസിലാവാറില്ലായിരുന്നു. അതിന് പത്താം ക്ലാസിലെത്തിയപ്പോൾ ഒരു സാർ വന്നു. സാറാണ് കണക്കില് എന്നെ മിടുക്കിയാക്കിയത്. കയ്യിൽ വരച്ചും കാർഡ്ബോർഡിൽ മുറിപ്പിച്ചും ഒക്കെയാണ് സർ അന്ന് പഠിപ്പിച്ചത്.
ഗോവിന്ദന് മാഷ് മുതല് ടീച്ചറമ്മ വരെ; രാഷ്ട്രീയരംഗത്തെ പ്രിയങ്കരരായ 'അധ്യാപകര്'അച്ഛനാണ് എന്നും ശക്തിയായി കൂടെനിന്നത്. കാഴ്ചയില്ലെന്ന് കരുതി അച്ഛൻ എന്നെ ഒന്നും പറഞ്ഞിട്ടില്ല. എല്ലാ കാര്യത്തിലും അച്ഛനായിരുന്നു സപ്പോർട്ട്. കാഴ്ചയില്ലെങ്കിലെന്താ, നിനക്ക് ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്നായിരുന്നു അച്ഛൻ പണ്ടേ പറയാറ്. എല്ലാം സ്നേഹം കൊണ്ടാണ്. എനിക്ക് ചെറുപ്പത്തിലേ കുറച്ച് വാശിയുണ്ടായിരുന്നു. ആരെങ്കിലും എന്തെങ്കിലും എനിക്ക് ചെയ്യാൻ പറ്റില്ലല്ലോ എന്ന് പറഞ്ഞാൽ എനിക്ക് വാശിയാണ്. പിന്നെ അത് ചെയ്തേ പറ്റൂ.
നാലാം ക്ലാസ് വരെ അങ്ങനെ പ്രത്യേക പരിഗണന ഒന്നും ഇല്ലാതെ വളർന്നയാളായിരുന്നു ഞാൻ. ക്ലാസിൽ നോട്ട്ബുക്ക് കൊണ്ടുപോകാറുണ്ട്. അക്ഷരങ്ങൾ അമ്മ പഠിപ്പിച്ചത് കൊണ്ട് എഴുതാനറിയാം. എഴുതി തുടങ്ങി പേജ് മനസിലാകാതെ വരും. ചിലപ്പോഴൊക്കെ എഴുതിയതിന്റെ മേലെ വീണ്ടും എഴുതും. അത് കണ്ട് കുട്ടികളൊക്കെ കളിയാക്കി ചിരിക്കാറുണ്ട്. അന്നത്തെ കാലമല്ലേ, അവർക്ക് അറിയില്ലല്ലോ. കുട്ടികളാരും പറഞ്ഞും തരാറില്ല. പിന്നെ പിന്നെ എഴുതി തീർന്ന പേജുകൾ മടക്കിവെക്കാൻ തുടങ്ങി. ഓരോ വിഷയത്തിനുമുള്ള പുസ്തകത്തിന് പ്രത്യേകം ബൈൻഡിങ് നൽകി. തൊട്ടാൽ ഏത് വിഷയമാണെന്ന് മനസിലാകുമല്ലോ.
പണ്ട് സ്കൂളിൽ പഠിക്കുന്ന സമയത്ത് അധ്യാപകരൊക്കെ ഒരുപാട് സഹായിച്ചിട്ടുണ്ട്. പരീക്ഷയെഴുതാനൊക്കെ അധ്യാപകർ സഹായിച്ചിട്ടുണ്ട്. ചില മോശം അനുഭവങ്ങളും സങ്കടങ്ങളും ഉണ്ടായിട്ടുണ്ട്. എട്ടാം ക്ലാസിൽ പഠിക്കുന്ന സമയത്ത് ഒരു ടീച്ചർ എന്നോട് മാത്രം ചോദ്യം ചോദിക്കാറുണ്ടായില്ല. ബാക്കി എല്ലാവരോടും ചോദ്യം ചോദിക്കും, എന്റെയടുത്തെത്തുമ്പോൾ നെക്സ്റ്റ് എന്ന് പറയും. അതെനിക്ക് വല്യ ബുദ്ധിമുട്ടായിരുന്നു. ടീച്ചർ പാവം എന്നെ പരിഗണിക്കുന്നതാണ്. പക്ഷേ എനിക്കത് വിഷമമായിരുന്നു.
നിതീഷ് ഒന്നും മിണ്ടുന്നില്ല!, നിലപാട് പറഞ്ഞ ത്യാഗി പടിയിറങ്ങി; ജെഡിയു ആശയക്കുഴപ്പത്തിലോ?അധ്യാപനത്തിലേക്ക്
പ്രീഡിഗ്രിക്ക് ചേരണമെന്നതും അച്ഛന്റെ നിർബന്ധമായിരുന്നു. നല്ല മാർക്കോടെയാണ് അന്ന് പാസായത്. പിന്നീട് രണ്ട് വർഷം ടിടിസി പഠിച്ചു. അതുകഴിഞ്ഞ് ബ്രെയിൽ പഠിച്ചു. പിഎസ് സി എഴുതിയാണ് രാവണേശ്വരം സ്കൂളിൽ അധ്യാപികയായി ജോലിക്ക് പ്രവേശിക്കുന്നത്. ജോലി ചെയ്യുന്നതിനിടയിൽ തന്നെയാണ് ബി എഡും, സെറ്റും പി എസ് സിയും ഒക്കെ ഇതിന് ശേഷമാണ് എഴുതിയെടുത്തത്. 13 വർഷത്തോളമായി ഹയർ സെക്കന്ററി വിഭാഗത്തിൽ സോഷ്യോളജി ടീച്ചറായി ജോലി ചെയ്യുന്നു. സോഷ്യോളജിയോട് ആദ്യം വലിയ താത്പര്യമൊന്നും ഉണ്ടായിരുന്നില്ല. പിന്നെ പഠിച്ചു വന്നപ്പോൾ ഇഷ്ടമായി. സയൻസിനോടായിരുന്നു താത്പര്യം. പക്ഷേ പ്രാക്ടിക്കൽ ഒന്നും ചെയ്യാൻ പറ്റില്ലല്ലോ എന്നത് കൊണ്ട് സാധിച്ചില്ല.
കല്യാണമൊന്നും ആയില്ലേ...
കല്യാണപ്രായമെത്തിയ പെൺകുട്ടികൾക്ക് ചുറ്റുമുള്ളവരിൽ നിന്ന് ഒരുപാട് ചോദ്യങ്ങൾ നേരിടേണ്ടി വരും. കാഴ്ചയില്ലാത്ത ഒരാളെന്ന നിലയിൽ എനിക്കുണ്ടായ ചോദ്യങ്ങൾ പലതായിരുന്നു. കാഴ്ചയില്ലല്ലോ ഇവളെ ആര് വിവാഹം ചെയ്യും എന്നൊക്കെ പലരും അടക്കം പറയുന്നത് കേട്ടിട്ടുണ്ട്. എന്നാൽ ജീവിതപങ്കാളിയായി ഉണ്ണിയേട്ടൻ കടന്നുവന്നു. ശ്രീധരൻ ഉണ്ണി എന്നാണ് പേര്. അച്ഛൻ്റെ അനന്തരവൻ തന്നെയാണ്. ചെറുപ്പം മുതലേ അറിയാം. ആദ്യം ഞങ്ങൾ പരസ്പരം സംസാരിച്ചു. പിന്നെ വീട്ടുകാരെ വിവരമറിയിച്ചു. കല്യാണം നടന്നപ്പോഴും പലർക്കും ചോദിക്കാനുണ്ടായത് കാഴ്ചയില്ലാത്ത കുട്ടിയല്ലേ എന്തെങ്കിലും വച്ചുണ്ടാക്കി തരാനൊക്കെ പറ്റുമോ എന്നാണ്. അന്നത്തെ കാലത്ത് അങ്ങനെയാണല്ലോ. അടുക്കള പണി അറിയുക എന്നതാണ് പ്രധാനം. എനിക്ക് പാചകം ഒട്ടുമറിയില്ലായിരുന്നു. ചെയ്യാൻ ശ്രമിച്ചാലും എങ്ങനെയാകുമെന്ന ചോദ്യമുണ്ടായിരുന്നു. ഭർത്താവ് അന്നും ഇന്നും എല്ലാ കാര്യത്തിനും പൂർണ പിന്തുണയാണ് നൽകിയിട്ടുള്ളത്. ഗ്യാസ് കണക്ഷൻ കിട്ടിയപ്പോഴാണ് പതിയെ പാചകം പഠിച്ചുതുടങ്ങിയത്. ആദ്യം പാളിപ്പോയെങ്കിലും പിന്നീട് ക്രമേണ എല്ലാം ശരിയായി വന്നു. കാര്യങ്ങൾ എന്റെ നിയന്ത്രണത്തിലായപ്പോൾ സമാധാനമായി. ഭർത്താവ് എല്ലാ കാര്യത്തിലും സഹായിക്കുന്നത് കൊണ്ട് പാചകവും കുട്ടികളോ നോക്കുന്നതും ഒന്നും പ്രയാസം തോന്നിയിട്ടില്ല. മൂന്ന് മക്കളുടെ അമ്മ കൂടിയാണ് ഞാൻ. അവരിൽ രണ്ടാമത്തേത് ഇരട്ടക്കുട്ടികളാണ്.
പാചകവും സോഷ്യൽ മീഡിയ ലോകവും
യൂട്യൂബ് ചാനൽ തുടങ്ങണമെന്ന ആശയം വരുന്നത് എന്നെപ്പോലെയുള്ള ഒരുപാട് പേരുണ്ടാകുമല്ലോ എന്ന തിരിച്ചറിവ് വന്നപ്പോഴാണ്. പല കാര്യങ്ങളും തങ്ങളെ കൊണ്ട് പറ്റില്ലെന്ന് പറഞ്ഞ് മാറി നിൽക്കുന്നവർക്ക് പ്രചോദനമാകണം എന്നത് മാത്രമായിരുന്നു ലക്ഷ്യം. സമൂഹമാധ്യമങ്ങളിൽ ആക്ടീവ് ആയതോടെ ഒരുപാട് പുതിയ സൗഹൃദങ്ങൾ ലഭിച്ചു. ഒരുപാട് ചോദ്യങ്ങളും വരാറുണ്ട്. പാചകം ചെയ്യുന്ന വീഡിയോകൾക്ക് ചോദ്യങ്ങൾ ഏറെയായിരിക്കും. പാചകം ചെയ്യുമ്പോൾ ചേരുവകളുടെ അളവുകൾ ഇത്ര കൃത്യമാകുന്നത് എങ്ങനെയാണെന്ന് പലരും ചോദിക്കാറുണ്ട്. പരിചയം കൊണ്ടെന്നോ ശീലം കൊണ്ടെന്നോ ഒക്കെ പറയാം. ആദ്യമൊന്നും അളവ് ശരിയാകുമായിരുന്നില്ല. ക്രമേണ ചെയ്ത് ചെയ്ത് എല്ലാം ശരിയായി.
നെഗറ്റീവ് കമന്റുകൾ വരാറുണ്ട്. കാഴ്ചയില്ലെന്ന് വെറുതെ പറയുന്നതല്ലേ എന്ന് ചോദിക്കുന്നവരുണ്ട്. അത് കേൾക്കുമ്പോൾ പക്ഷേ എനിക്ക് സന്തോഷമാണ്. അവർക്ക് എന്റെ കാഴ്ചയില്ലായ്മയെ തിരിച്ചറിയാനാകുന്നില്ലല്ലോ എന്ന് ആലോചിക്കും. ശരിക്കും വീഡിയോകളിൽ എന്റെ കണ്ണ് സൂക്ഷിച്ച് നോക്കിയാൽ കാഴ്ചയില്ലെന്ന് മനസിലാകും, ഭർത്താവും മക്കളുമാണ് വീഡിയോ എടുത്ത് തരിക. ക്യാമറ എവിടെയോ ആയിരിക്കും, ഞാൻ മറ്റ് എവിടെയോ നോക്കും. അത് മനസിലാക്കാതിരിക്കാനാണ് കണ്ണട വെക്കുന്നത്. ചൂടുള്ള എണ്ണയിലൊക്കെ പെരുമാറുന്നത് കാണുമ്പോൾ പലരും ചോദിക്കാറുണ്ട് പൊള്ളില്ലേ എന്ന്. കാഴ്ചയില്ല എന്നേയുള്ളൂ, ഞങ്ങൾക്ക് അകക്കാഴ്ച കൂടുതലായിരിക്കും. എല്ലാ കാര്യത്തിലും ഒരൽപം കൂടി ശ്രദ്ധയുണ്ടാകും. ഞങ്ങളെ സംബന്ധിച്ച് ഇതെല്ലാം അതിജീവനമല്ലേ..
വീഡിയോ എഡിറ്റ് ചെയ്ത് തരുന്നതൊക്കെ മക്കളാണ്. കമന്റുകൾ ഞാൻ തന്നെയാണ് വായിക്കുക. പുതിയ സംവിധാനങ്ങളൊക്കെ പഠിച്ചും പ്രയോഗിച്ചും വരികയാണ്.
വായനയോടുള്ള ഇഷ്ടം
ചേട്ടന്മാരാണ് ചെറുപ്പം മുതലേ വായനയോട് ഇഷ്ടമുണ്ടാക്കിയത്. പണ്ട് ചേട്ടൻ വയലാറിന്റെ 'ആത്മാവിൽ ഒരു ചിത' എന്ന കവിത വായിച്ചു കേൾപ്പിച്ചിരുന്നു. ചെറുപ്പത്തിൽ കേൾക്കുമ്പോഴേ എന്തോ ആ കവിതയോടെ വല്ലാത്ത ഒരിഷ്ടം തോന്നിയിട്ടുണ്ട്. കലാകൗമുദിയിലും മറ്റുമൊക്കെ വരുന്ന കവിതകൾ എന്നെ വായിച്ച് പഠിപ്പിക്കാറുണ്ടായിരുന്നു. കുറേ തവണ അവർ പാടും. അങ്ങനെ കേട്ട് കേട്ട് ഞാനും പഠിക്കും. അതായിരുന്നു പതിവ്. ഇപ്പോൾ ഓഡിയോ ലൈബ്രറി മുഖേന ഇഷ്ടമുള്ള പുസ്തകങ്ങൾ തെരഞ്ഞെടുക്കും, വായിക്കും. കാഴ്ചപരിമിതരായ നിരവധി പേരടങ്ങുന്ന ഗ്രൂപ്പുകളിൽ ഇപ്പോൾ സജീവമാണ്. അതുകൊണ്ടുതന്നെ പുതിയ പുസ്തകങ്ങളെ കുറിച്ച് വിവരം ലഭിക്കാനും എളുപ്പമാണ്. വായിച്ച പുസ്തകങ്ങളെ കുറിച്ച് എല്ലാവരും ഗ്രൂപ്പിൽ ചർച്ച നടത്തും. ഞങ്ങളുടെ അഭിപ്രായങ്ങൾ പലപ്പോഴും രചയിതാക്കൾക്ക് അയച്ചുകൊടുക്കും, അവർ മറുപടി തരും. അങ്ങനെ വായനയെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ കൂടിയാണ് ഇപ്പോൾ നടക്കുന്നത്.
കാഴ്ചയില്ലാത്തവരോടുള്ള സമീപനം
കാലം മാറുന്നതിനനുസരിച്ച് കാഴ്ചയില്ലാത്തവരോടുള്ള സമീപനത്തിലും കാര്യമായ മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട്. ഇനിയും മാറാനുണ്ട്. കാലക്രമേണ മാറ്റങ്ങൾ സംഭവിക്കും. ഒന്ന് കൂട്ടിച്ചേർക്കാനുള്ളത് ബ്ലൈൻഡ് സ്കൂളുകളിൽ ബ്രെയിൽ ലിപിയോടൊപ്പം കുട്ടികളെ സാധാരണ അക്ഷരങ്ങളും പഠിപ്പിക്കണം. അത് അവരുടെ കൈകൾ വഴങ്ങാനും ഭാവനയെ ഉണർത്താനും സഹായിക്കും.